തിരുവനന്തപുരം: കണ്ണൂര്‍, കാസര്‍കോട് ഒഴികെ 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടായിരിക്കും. ഇടുക്കി ജില്ലയിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. മലയോര പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ കോമോറിന് ഭാഗത്തുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം.
നാളെ ഇത് അറബിക്കടലിലേക്ക് എത്തും. നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും. പിന്നീട് ഇത് ശക്തിപ്രാപിച്ച് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദത്തിന്റെയും പ്രഭാവത്തില്‍ കിഴക്കന്‍ കാറ്റ് സജീവമാകുന്നതിനാല്‍ മൂന്ന് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത.
അതേസമയം, ശക്തമായ കാറ്റിനും മോശം കാലവസ്ഥയ്ക്കും സാധ്യത ഉള്ളതിനാല്‍ കേരളാ തീരത്ത് ഇന്ന് രാത്രി മുതല്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തും. പ്രത്യേക ജാഗ്രത നിര്‍ദ്ദേശം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്നാട് തീരം, കന്യാകുമാരി, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
കന്യാകുമാരി പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.