കോട്ടയം: മൂന്നുകോടിയുടെ വീടുകാട്ടി ഇന്റര്‍നെറ്റില്‍ പരസ്യം നല്കി നിരവധി വിദേശമലയാളികളില്‍ നിന്നും പണം തട്ടിയ പാലാ സ്വദേശികളായ ദമ്പതികളടക്കം 4 പേര്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം പൊലിസ് കേസെടുത്തു.
ഓസ്ട്രേലിയയില്‍ താമസക്കാരായ പാലാ, കടപ്ലാമറ്റം, പാലേട്ട് താഴത്ത് വീട്ടില്‍ ജോജി തോമസ്, ഭാര്യ സലോമി ചാക്കോ, കടപ്ലാമറ്റത്ത് താമസിക്കുന്ന ജോജിയുടെ പിതാവ് തോമസ്, പാലാ സ്വദേശി ബിനോയ് എന്നിവരക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് നീഴൂര്‍ സ്വദേശിയും ഇപ്പോള്‍ അബുദാബിയില്‍ ജോലി ചെയ്യുന്ന സന്തോഷ് പി ജോസഫിന് വേണ്ടി അഡ്വ.സുജേഷ് ജെ.മാത്യു പുന്നോലില്‍ പാലാ കോടതില്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തത്.
ജോജിയുടെ വസ്തുവിനും വീടിനുമായി നിരവധി പേര് പണം നല്കി വഞ്ചിതരായത് അറിഞ്ഞതോടെയാണ് വീടിന് അഡ്വാന്‍സ് ആയി പത്തുലക്ഷം രൂപ നല്കിയ സന്തോഷ് കോടതിയെ സമീപിച്ചത്. ക്രൈം നമ്പര്‍ 2578/2021 ആയി പാല പൊലിസ് ഐ പി സി 415,420 , 34 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.