കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കന്‍ അറബികടലില്‍ ശക്തി കൂടിയ ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നതിനാല്‍ തെക്കന്‍ കര്‍ണാടകത്തിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നുവെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇന്നലെ പമ്പ-ത്രിവേണിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ശബരിമല തീര്‍ത്ഥാടനവും നിര്‍ത്തിവച്ചിരുന്നു. അതേസമയം, മഴ മാറിയതോടെ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്. ശബരിമല വനത്തിനുള്ളിലും കിഴക്കന്‍ മലയോര മേഖലയിലും നിര്‍ത്താതെ പെയ്തതോടെയാണ് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കക്കി ആനത്തോട്, മൂഴിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ പമ്പ ത്രിവേണിയില്‍ ക്രമാധീതമായി ജലനിരപ്പ് ഉയര്‍ന്നതാണ് ആശങ്കയുണ്ടാക്കിയത്.
ഇന്നലെ രാത്രിയിലും പുലര്‍ച്ചയുമായി മുന്‍കുട്ടി ബുക്ക് ചെയ്ത ശബരിമലയിലേക്ക് എത്തിയ ഭക്തരെ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് കടത്തിവിട്ടില്ല. അയ്യായിരത്തോളം തീര്‍ത്ഥാടകരാണ് നിലയ്ക്കലില്‍ ക്യാമ്പ് ചെയ്തത്.