Breaking NewsBusinessHealthIndiaKeralaLead NewsNEWSpoliticsPravasiWorld

പശ്ചിമേഷ്യൻ യുദ്ധം: ലോകം കിതയ്ക്കുന്നു; ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്

ജനീവ: പശ്ചിമേഷ്യയിലെ സൈനിക സംഘർഷങ്ങളുടെ പ്രത്യാഘാതമായി ഇന്ത്യയിൽ ഏകദേശം 25 ലക്ഷം പേർ ദാരിദ്ര്യത്തിലേക്ക് വീഴാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകുന്നു. ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ.

സംഘർഷത്തെ തുടർന്ന് ഇന്ധനവില, ചരക്കുകൂലി, ഉൽപാദനച്ചെലവ് എന്നിവ കുത്തനെ ഉയരുന്നത് സാധാരണ ജനങ്ങളുടെ വാങ്ങൽശേഷി കുറയ്ക്കുകയും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ പിന്നോട്ടടിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോളതലത്തിൽ 88 ലക്ഷം പേർ ദാരിദ്ര്യ ഭീഷണി നേരിടുമ്പോൾ അതിൽ വലിയൊരു വിഹിതം ദക്ഷിണേഷ്യയിൽ നിന്നായിരിക്കുമെന്നും വിലയിരുത്തുന്നു. ഇന്ത്യയിലെ ദാരിദ്ര്യനിരക്ക് 23.9 ശതമാനത്തിൽ നിന്ന് 24.2 ശതമാനമായി ഉയരാനിടയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Signature-ad

ഊർജ ആവശ്യങ്ങൾക്കായി ഇന്ത്യ പശ്ചിമേഷ്യൻ രാജ്യങ്ങളെ ഏറെ ആശ്രയിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്ന ഘടകമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വളത്തിന്റെ ഏകദേശം 45 ശതമാനം ഈ മേഖലയിലാണ് നിന്നെത്തുന്നത്. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന 90 ലക്ഷത്തിലധികം ഇന്ത്യക്കാരുടെ വരുമാനത്തിൽ കുറവുണ്ടായാൽ, അതിന്റെ ആഘാതം രാജ്യത്തേക്കുള്ള വിദേശ നാണയ ഒഴുക്കിലും പ്രതിഫലിക്കുകയും, ലക്ഷക്കണക്കിന് കുടുംബങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടിലാകുകയും ചെയ്യും.

ആരോഗ്യരംഗത്തും പ്രതിസന്ധി ശക്തമാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ചികിത്സാ ഉപകരണങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില 50 ശതമാനംവരെ ഉയരാനിടയുണ്ട്. ഇതോടൊപ്പം, മരുന്നുകളുടെ വിലയും ഏകദേശം 15 ശതമാനം വരെ വർധിച്ചിരിക്കുകയാണ്.

ആഭരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ ചെറുകിട വ്യവസായ മേഖലകളും ഈ പ്രതിസന്ധിയിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല. സാഹചര്യങ്ങളെ നേരിടാൻ സാമൂഹിക സുരക്ഷാ പദ്ധതികൾ ശക്തിപ്പെടുത്തുകയും, ഊർജവും ഭക്ഷണവുമായി ബന്ധപ്പെട്ട വിതരണ ശൃംഖലകളിൽ വൈവിധ്യം കൊണ്ടുവരികയും വേണമെന്ന് ഐക്യരാഷ്ട്രസഭയുടെ അസി. സെക്രട്ടറി ജനറൽ കന്നി വിഗ്നരാജ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: