Breaking NewsLead NewsSports

ബൗണ്ടറി ലൈനിൽ നിന്ന് വായുവിൽ പറന്നുയർന്ന് അയ്യർ, കാൽ നിലത്ത് കുത്തും മുൻപ് പന്ത് ബാർട്ട്ലെറ്റിന്റെ കൈകളിലേക്ക്… അന്തംവിട്ട് സൂര്യനും രോഹിത്തും… വീഡിയോ

‍‍2025 ഒക്ടോബർ, ഫീൽഡിങ്ങിനിടെ സ്പ്ലീൻ ഇഞ്ചുറി, ഒപ്പം ഇന്റേണൽ ബ്ലീഡിംഗ്, സർജറിക്കും സിഡ്നിയിലെ ഐസിയു വാസത്തിനും ശേഷം കളിക്കളത്തിലേക്ക് മടങ്ങിവന്നിട്ട് കൈവിരലിലെണ്ണാവുന്ന മാസങ്ങളെ ആയിട്ടുള്ളു. എന്നിട്ടും… ഇന്നും ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ, ശരീരം മറന്ന് ടീമിനായി പൂർണ്ണമായും സമർപ്പിച്ച് കളിക്കുന്ന ഒരു പോരാളി, ശരിക്കും അതാണ് ശ്രേയസ് അയ്യർ.

ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അത്ഭുതപ്പെടുത്തുന്ന ഫീൽഡിങ് പ്രകടനവുമായി പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ സോഷ്യൽ മീഡിയയിൽ തീ പടർത്തിയിരിക്കുകയാണ്. മുംബൈ ഇന്നിംഗ്‌സിന്റെ 18-ാം ഓവറിലായിരുന്നു മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷം പിറന്നത്.

Signature-ad

സേവ്യർ ബാർട്ട്ലെറ്റ് എറിഞ്ഞ പന്തിൽ കൂറ്റൻ സിക്സറിന് ശ്രമിച്ച മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയെ പുറത്താക്കാൻ പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ ലോംഗ് ഓണിൽ ഓടിവന്ന് വായുവിൽ ഉയർന്നുചാടി ആ പന്ത് കൈപ്പിടിയിലൊതുക്കി. സെക്കന്റിനുള്ളിൽ ബൗണ്ടറി ലൈൻ കടക്കുമെന്ന് ഉറപ്പായതോടെ പന്ത് ഉള്ളിലേക്ക് എറിഞ്ഞു. ആ സമയം ലോംഗ് ഓഫിൽ നിന്ന് ഓടിവന്ന ബാർട്ട്ലെറ്റ് ആ പന്ത് സുരക്ഷിതമായി കൈക്കലാക്കി.

ഡഗൗട്ടിലിരുന്ന രോഹിത് ശർമയും സൂര്യകുമാർ യാദവും പോലും ഈ മാന്ത്രിക ക്യാച്ച് കണ്ട് അമ്പരന്നു വാ പൊളിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറയുന്നത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്നായിരുന്നു അത്.

അതേസമയം മുംബൈ ഇന്ത്യൻസിനെ പഞ്ചാബ് കിങ്‌സ് ഏഴ് വിക്കറ്റിന് തകർത്തു. മുംബൈ ആറ് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 21 പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു.

പുറത്താകാതെ 80 റൺസ് നേടിയ പ്രഭ്സിമ്രാന്റെ പ്രകടനവും 66 റൺസ് നേടിയ ശ്രേയസ് അയ്യരുടെ വെടിക്കെട്ട് പ്രകടനവുമാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. 39 പന്തിൽ രണ്ട് സിക്‌സറും 11 ഫോറുകളും അടക്കമാണ് സിമ്രാൻ 80 റൺസ് നേടിയത്.

വെറും 35 പന്തിൽ നാല് സിക്‌സറും അഞ്ച് ഫോറുകളും അടക്കമായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്. പ്രിയാൻഷ് ആര്യ 15 റൺസും കൂപ്പർ കനോലി 17 റൺസും നേടി. നേരത്തെ ദക്ഷിണാഫ്രിക്കൻ താരം ഡീ കോക്കിന്റെ സെഞ്ച്വറി പ്രകടനതിലാണ് മുംബൈ മികച്ച സ്കോർ കണ്ടെത്തിയത്. സീസണിലെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും അവസരം കിട്ടാതിരിക്കുന്ന ഡീ കോക്ക് രോഹിത് ശർമയ്ക്ക് പരിക്കേറ്റതോടെയാണ് ഇലവനിൽ എത്തിയത്.

ഈ ജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു സമനിലയുമായി പഞ്ചാബ് ഒമ്പത് പോയിന്റുമായി പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ആദ്യ മത്സരം ജയിച്ച് പിന്നീട് തുടർച്ചയായ നാല് മത്സരവും തോറ്റ മുംബൈ ഒമ്പതാം സ്ഥാനത്ത് തുടരും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: