ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു!! സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചത് പത്തനംതിട്ട, നിലമ്പൂർ സ്വദേശികൾ, 18 പേർക്ക് പരുക്ക്, പരുക്കേറ്റവരിൽ എട്ട് മലയാളികൾ, വയനാട് സ്വദേശിയുടെ നില ഗുരുതരം

റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. റിയാദിന് സമീപം ഹൂത ബനീ തമീമിൽ നിന്ന് ഉംറയ്ക്ക് തിരിച്ച സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പത്തനാപുരം സ്വദേശിനി ഷീബ, സംഘത്തിന്റെ അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മയിൽ എന്നിവരാണ് മരിച്ച മലയാളികൾ.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ഏകദേശം 50 തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ്, യാത്ര തുടങ്ങി 500 കിലോമീറ്റർ അകലെ മഹലൂമിയ എന്ന സ്ഥലത്തെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ ഒരേസമയം പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം വിട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് മറിയുകയായിരുന്നു. ഈ സമയം ബസിന്റെ മുകൾഭാഗം തകരുകയും ആ വിടവിലൂടെ ഇരുവരും പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഷീബയും ഇസ്മയിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ച ഷീബ വർഷങ്ങളായി ഭർത്താവിനൊപ്പം ഹൂത ബനീ തമീമിൽ താമസിച്ചുവരികയായിരുന്നു. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു, ഇതിൽ എട്ടുപേർ മലയാളികളാണ്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ വയനാട് വെള്ളമുണ്ട സ്വദേശി ഹാരിസിന്റെ നില ഗുരുതരമാണ്. ഇദ്ദേഹം തായിഫ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മലയാളികൾക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും ബസിലുണ്ടായിരുന്നു. യാത്രയ്ക്കിടെ ബസിന്റെ ബ്രേക്കിന് തകരാർ കണ്ടതിനെ തുടർന്ന് വർക്ക്‌ഷോപ്പിൽ കാണിച്ച് പരിഹരിച്ച ശേഷമാണ് യാത്ര തുടർന്നത്. റമദാൻ മാസമായതിനാൽ മക്കയിലേക്ക് തീർഥാടകരുടെ വലിയ ഒഴുക്ക് തുടരുന്നതിനിടെയാണ് പ്രവാസി ലോകത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ദുരന്തവാർത്തയെത്തിയത്.






