എംഎൽഎ ഗോമാംസം കഴിക്കുന്ന ആൾ, ഹജ്ജിന് പോയത് അടുത്തയിടെ!! ശിവരാത്രി ദിനത്തിൽ മുൻ മന്ത്രി അബ്ദുൽ സത്താർ സന്ദർശിച്ച ക്ഷേത്രം ഗോമൂത്രം തളിച്ച് ശുദ്ധമാക്കി ബിജെപി പ്രവർത്തകർ

മുംബൈ: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവസേന (ഷിൻഡെ) എംഎൽഎയും മുൻ മന്ത്രിയുമായ അബ്ദുൽ സത്താർ സന്ദർശിച്ച ക്ഷേത്രം ബിജെപി പ്രവർത്തകർ ഗോമൂത്രം തളിച്ച് ‘ശുദ്ധിയാക്കി’. ഛത്രപതി സംഭാജിനഗർ സില്ലോഡിലെ ക്ഷേത്രത്തിൽ എംഎൽഎ സന്ദർശനം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തിയത്. പിന്നാലെയാണ് ശുദ്ധികലശം നടത്തിയത്.
‘‘ഗോമാംസം കഴിക്കുന്ന ആളാണ് സത്താർ. അദ്ദേഹം ദർശനം നടത്തിയതോടെ ക്ഷേത്രം അശുദ്ധമായി. അതുകൊണ്ടാണ് ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ചത്. അദ്ദേഹം അടുത്തിടെയാണ് ഹജ്ജിന് പോയത്. ഇപ്പോൾ അമ്പലത്തിൽ ദർശനം നടത്തി. സത്താർ ഹിന്ദുക്കളെയും മുസ്ലിംകളെയും വിഡ്ഢികളാക്കുകയാണ്’’ – സില്ലോദ് യൂണിറ്റ് ബിജെപി അധ്യക്ഷൻ മനോജ് മൊരേലു പറഞ്ഞു.
അതേസമയം മഹാവികാസ് അഘാഡി സർക്കാരിൽ കൃഷി മന്ത്രിയായിരുന്ന സത്താർ നേരത്തേ കോൺഗ്രസിലായിരുന്നു. പിന്നീട് ശിവസേനയിൽ ചേർന്നു. ശിവസേന പിളർന്നതോടെ ഏക്നാഥ് ഷിൻഡെക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു. ഛത്രപതി സംഭാജി ജില്ലയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് അബ്ദുൽ സത്താർ.






