‘ഒരു ചെക്കില്‍ നില്‍ക്കില്ല, അവളുടെ ജീവനു വിലയുണ്ട്’; അമേരിക്കന്‍ ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് വിദ്യാര്‍ഥിനിയുടെ മരണം; ഇന്ത്യക്കാരായ കുടുംബത്തിന് 260 കോടി നഷ്ടപരിഹാരം; നിര്‍ണായകമായത് ബോഡി ക്യാമറ ദൃശ്യങ്ങള്‍; ക്ഷമാപണവുമായി അറ്റോര്‍ണി

സീറ്റില്‍: 2023-ല്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന പോലീസ് വാഹനം ഇടിച്ച് കൊല്ലപ്പെട്ട 23 വയസ്സുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 29 മില്യണ്‍ ഡോളര്‍ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നല്കാന് സീറ്റില്‍ നഗരസഭ.. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട (Drug overdose) കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പോകുന്നതിനിടെ കെവിന് ഡേവ് എന്ന ഉദ്യോഗസ്ഥന് ഓടിച്ച വാഹനമാണ് ജാഹ്നവി കന്ദുലയെ ഇടിച്ചത്. മണിക്കൂറില്‍ 25 മൈല്‍ (40 കി.മീ) മാത്രം വേഗത അനുവദനീയമായ മേഖലയില്‍ 74 മൈല്‍ (119 കി.മീ) വേഗതയിലായിരുന്നു വാഹനം. എമര്‍ജന്‍സി ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നെങ്കിലും ജംഗ്ഷനുകളില്‍ മാത്രമാണ് അദ്ദേഹം സൈറണ്‍ മുഴക്കിയിരുന്നത്.
‘ജാഹ്നവി കന്ദുലയുടെ മരണം ഹൃദയഭേദകമാണ്. ഈ സാമ്പത്തിക ഒത്തുതീര്‍പ്പ് കന്ദുലയുടെ കുടുംബത്തിന് ഒരു പരിധിവരെ ആശ്വാസകരമാകുമെന്നു പ്രതീക്ഷിക്കുന്നെന്നു സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് പറഞ്ഞു.
നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയുടെ സീറ്റില്‍ ക്യാമ്പസില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ മാസ്റ്റര്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു ജാഹ്നവി. കഴിഞ്ഞ വെള്ളിയാഴ്ച കിംഗ് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് നഷ്ടപരിഹാരത്തിനു തീരുമാനമായത്.
മറ്റൊരു പോലീസ് ഓഫീസറുടെ ബോഡി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ജാഹ്നവിയുടെ മരണം വലിയ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും കാരണമായിരുന്നു. ജാഹ്നവിയുടെ ജീവിതത്തിന് ‘പരിമിതമായ മൂല്യം’ (Limited value) മാത്രമേയുള്ളൂ എന്നും നഗരം ‘ഒരു ചെക്ക് എഴുതി നല്കിയാല് മതിയാകും’ എന്നും പരിഹസിച്ചുകൊണ്ട് ഓഫീസര്‍ ചിരിക്കുന്നതും വലിയ വിവാദങ്ങള്‍ക്കിടയാക്കി.
സംഭവത്തില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പോലീസ് യൂണിയന് നേതാവായിരുന്ന ഡാനിയല്‍ ഔഡററുടെ പരാമര്‍ശങ്ങള്‍ വകുപ്പിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും പൊതുജനവിശ്വാസം തകര്‍ത്തുവെന്നും സിവില്‍ വാച്ച്ഡോഗ് കണ്ടെത്തി. പിന്നീട് ഔഡററെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ആരോപിച്ച് അദ്ദേഹം നഗരസഭയ്ക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്. അപകടമുണ്ടാക്കിയ ഓഫീസര്‍ കെവിന് ഡേവിനെയും പോലീസ് വകുപ്പ് പിരിച്ചുവിട്ടു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഇയാള്‍ക്ക് 5,000 ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്. എന്നാല്‍ ജാഹ്നവിയെ ഇടിക്കുമ്പോള്‍ അദ്ദേഹം മനപ്പൂര്‍വ്വം സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് തെളിയിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കിംഗ് കൗണ്ടി പ്രോസിക്യൂട്ടര്‍മാര്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടില്ല. നഷ്ടപരിഹാര തുകയായ 29 മില്യണ്‍ ഡോളറില്‍ ഏകദേശം 20 മില്യണ്‍ ഡോളര്‍ ഇന്‍ഷുറന്‍സ് തുകയില്‍ നിന്നാണ് നല്‍കുന്നത്.






