ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍ വി.വി. രാജേഷ്; ഒരുഭാഗം പ്രവര്‍ത്തിച്ചത് ലൈസന്‍സ് ഇല്ലാതെ; യുവതിക്കെതിരേ മോശമായി പെരുമാറി

തിരുവനന്തപുരം: പെണ്‍കുട്ടിയോട് മാനേജര്‍ മോശമായി പെരുമാറിയെന്ന് പരാതി ഉയര്‍ന്ന തിരുവനന്തപുരത്തെ സ്പാ പൂട്ടിച്ച് മേയര്‍ വി.വി.രാജേഷ്. ബിജെപി നേതാവിന്റെ സ്പായാണ് പൂട്ടിച്ചത്. സ്ഥാപനത്തിന്റെ ഒരുഭാഗം പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയെന്ന് റിപ്പോര്‍ട്ട്. ന്യൂനപക്ഷ മോര്‍ച്ച നേതാവ് ഷൈന്‍ലാലിന്റെ ‘സ്പര്‍ശന്‍ വെല്‍നെസ് സ്പായ്ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഷൈന്‍ലാലിന്റെ പിതാവിന്റെ പേരിലാണ് ലൈസന്‍സുള്ളത്.
സ്പായില്‍ ജോലിക്കായി അഭിമുഖത്തിനെത്തിയപ്പോള്‍ യുവതി നേരിട്ടത് അപ്രതീക്ഷിത അനുഭവമായിരുന്നു. അഭിമുഖത്തിനിടെ സ്പര്‍ശന്‍ സ്പായിലെ ജീവനക്കാരന് ഉപഭോക്താക്കളെ കാണിക്കാന്‍ ഫോട്ടോ ചോദിച്ചതോടെയാണ് അഭിമുഖത്തിന്റെ രീതി മാറിയത്. എതിര്‍ത്തു പറഞ്ഞതോടെ കൈയേറ്റത്തിന് ശ്രമിച്ചെന്നാണ് പരാതി. മേയര്‍ വി.വി രാജേഷിനോട് ഫോണിലൂടെ യുവതി ദുരനുഭവം വിവരിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്പര്‍ശന്‍ വെല്‍നെസ് സ്പാ എന്ന സ്ഥാപനത്തിന് മതിയായ രേഖകളോ ലൈസന്‍സോ ഒന്നുമില്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ തിരുവനന്തപുരം നഗരത്തിലെ അനധികൃത സ്പാ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ കോര്പറേഷന് നടപടി ആരംഭിച്ചു. മുഴുവന്‍ സ്പാ കേന്ദ്രങ്ങളുടെയും രേഖകള്‍ പരിശോധിക്കാന്‍ മേയര്‍ വി വി രാജേഷ് നിര്‍ദേശിച്ചിരുന്നു. ക്രോസ് മസാജിങ് അനുവദിക്കില്ലെന്നും തീരുമാനിച്ചിരുന്നു.






