പെണ്‍കുട്ടിയുടെ ഫോണ്‍ തുറന്നു പരിശോധിച്ചു; കൊറിയന്‍ സുഹൃത്തിനെ കുറിച്ചു തെളിവില്ല, ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍; അടിമുടി ദുരൂഹത

കൊച്ചി: ഫോണ്‍ കണ്ടുകെട്ടിയിട്ടും ചോറ്റാനിക്കരയില്‍ ആത്മഹത്യ ചെയ്ത 16 കാരിയുടെ ആത്മഹത്യാ കാരണം കണ്ടെത്താന്‍ കഴിയാതെ പോലീസ്. നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ കുട്ടിയുടെ ഫോണ്‍ കഴിഞ്ഞദിവസം തുറന്നു പരിശോധിച്ചു. എന്നാല്‍ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ച കൊറിയന്‍ സുഹൃത്തിനെ പറ്റി ഒരു തെളിവും ഫോണിലില്ല. ഫോണിലെ ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. കഴിഞ്ഞ 27നാണ് തിരുവാങ്കുളം ശാസ്താമുഗളിലെ പാറമടയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ മാസമായിരുന്നു സംഭവം. സ്‌കൂളിലേക്കു പോയ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ വീടിനടുത്തുള്ള പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കൊറിയക്കാരനായ ആണ്‍ സുഹൃത്ത് മരിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന കുറിപ്പ് കണ്ടെടുത്തിയിരുന്നു. ശാസ്താംമുകളിനു സമീപം കക്കാട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതെ കിടക്കുന്ന പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 7.45നു ചോറ്റാനിക്കരയിലെ സ്‌കൂളിലേക്കു പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. പാറമടയുടെ കരയില്‍ സ്‌കൂള്‍ ബാഗ് കണ്ടു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണു വെള്ളത്തില്‍ മൃതദേഹം കണ്ടത്.
ബുക്കില്‍ നിന്നാണ് രണ്ടുപേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസിനു ലഭിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആണ്‍സുഹൃത്ത് കഴിഞ്ഞ 19നു മരിച്ചെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും കത്തിലുണ്ടെന്നു പൊലീസ് പറഞ്ഞു. കുട്ടി കബളിപ്പിക്കപ്പെട്ടതാണോ എന്ന സംശയത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. കുട്ടിയുടെ സുഹൃത്തുക്കള്‍ തന്നെ കബളിപ്പിച്ചതാണോ എന്നും സംശയമുണ്ട്.
ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് മരിച്ച ആദിത്യ. ജനുവരി 27ന് രാവിലെ ട്യൂഷനും തുടര്‍ന്ന് സ്‌കൂളിലേക്കുമായി പോയ ആദിത്യയെ വൈകാതെ അടുത്തുള്ള പാറമടയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ ബാഗും ലഞ്ച് ബോക്‌സും അടക്കമുള്ളവ കരയില്‍ വച്ച നിലയിലാണ് കണ്ടെത്തിയത്. ഇവ പരിശോധിച്ചപ്പോഴാണ് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുക്കുന്നത്.
മുങ്ങിമരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കിണര്‍ പണിക്കാരനായ മഹേഷിന്റെയും ദിവ്യയുടെയും ഏക മകളാണ് ആദിത്യ. അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളില്‍ വരുന്ന കൊറിയന്‍ സംഗീതവും സിനിമയുമെല്ലാമായി വളരെയേറെ സമയം ആദിത്യ ചിലവഴിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ആദിത്യക്ക് കൊറിയന്‍ സുഹൃത്തിന്റേത് എന്ന പേരില്‍ വാച്ച് അടക്കമുള്ള ചില സമ്മാനങ്ങള്‍ ലഭിച്ചിരുന്നതായും പൊലീസിന് വിവരമുണ്ട്. ഇതു മറ്റാരെങ്കിലും ആദിത്യയെ കബളിപ്പിക്കാനായി ചെയ്തതാണോ എന്ന സംശയവും സമൂഹ മാധ്യമങ്ങളില്‍ നിന്ന് പ്രാഥമികമായി ലഭിച്ച വിവരങ്ങളുമാണ് ഇക്കാര്യത്തില്‍ കൂടി അന്വേഷണം നടത്താന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്.






