സ്പാ ജീവനക്കാരിയെ പീഡിപ്പിച്ചത് കഴുത്തില്‍ കത്തിവച്ച്; മുറിക്കുള്ളിലേക്ക് വലിച്ചിഴച്ചു; പോലീസിനു നേരെ നായയെ അഴിച്ചുവിട്ട് ഒന്നാംപ്രതി മരണ സുബിന്‍; പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണി

തിരുവല്ല: സ്പായിലെ ജീവനക്കാരിയെ ആറംഗ സംഘം ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് എത്തിയ സംഘത്തെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ടെന്നും പോലീസ് പറഞ്ഞു. ഒന്നാംപ്രതി കുറ്റപ്പുഴ പാപ്പാനവേലില്‍ സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോയാണ് (29) തിരുവല്ല എസ്‌ഐ ഉണ്ണിക്കൃഷ്ണന്‍, സിപിഒ അഭിലാഷ് എന്നിവര്‍ക്ക് നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ടത്. ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി തിരുവല്ല മുപ്പിരിയില്‍ ബെര്‍ലിന്‍ ദാസിനെയും (38) അറസ്റ്റ് ചെയ്തു. നാലു പേര്‍ ഒളിവിലാണ്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു കേസില്‍ അന്വേഷണം നടക്കുന്നത്.
തിരുവല്ല മഞ്ഞാടിയില്‍ ഈ മാസം ഒന്നിന് ഉച്ചയ്ക്ക് 3.30നാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. കാപ്പാ കേസ് പ്രതിയായിരുന്ന ‘മരണ സുബിന്‍’ എന്നു വിളിക്കുന്ന സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോയും കൂട്ടാളികളും പല തവണ സ്പായിലെത്തി ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടിരുന്നു. ഇത്തവണ 50,000 രൂപ നല്‍കണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളി.
തുടര്‍ന്നാണ് സംഘം സ്ഥാപനത്തിലെത്തിയത്. ഭീഷണിക്ക് ശേഷം ഒരു ജീവനക്കാരിയെ ആദ്യം രണ്ടു പേര്‍ ചേര്‍ന്നു ബലമായി ഉപദ്രവിച്ചു. പിന്നീട് വലിച്ചിഴച്ച് മുറിക്കുള്ളിലേക്ക് കൊണ്ടുപോയി കഴുത്തില്‍ കത്തി വച്ച ശേഷം പീഡിപ്പിച്ചെന്നാണ് എഫ്െഎആറില്‍ പറയുന്നത്. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. പിന്നീട് സ്പായിലെത്തിയ ഒരാളെയും ജീവനക്കാരിയെയും ഒപ്പം നിര്‍ത്തി സംഘം ദൃശ്യങ്ങള്‍ പകര്‍ത്തി.
വേറൊരു ജീവനക്കാരിയുടെ കൈയിലുണ്ടായിരുന്ന 2500 രൂപയും കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്ഥലംവിട്ടത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. പിറ്റേന്നാണ് പൊലീസ് വിവരമറിയുന്നത്. പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് തുടക്കത്തില്‍ പരാതി നല്‍കാന്‍ തയാറായിരുന്നില്ല. തുടര്‍ന്ന് 3ാം തീയതി പൊലീസ് കേസെടുത്തു. തുടര്‍ന്ന് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു.
രണ്ടു പ്രതികളും നിലവില്‍ റിമാന്‍ഡിലാണ്. കേസിലെ ഒന്നാം പ്രതിയായ സുബിന്‍ കൊലപാതക ശ്രമമടക്കം 11 കേസുകളില്‍ പ്രതിയും, റൗഡി ലിസ്റ്റിലും, കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന ആളുമാണ്. ഈയടുത്താണ് ജാമ്യത്തിലിറങ്ങിയത്. ബെര്‍ലിന്‍ ദേഹോപദ്രവക്കേസില്‍ പ്രതിയാണ്.






