മരിച്ചിട്ടും സി.ജെ. റോയിയെ വേട്ടയാടുകയാണ്, ബോർഡിലുള്ള ആളെപ്പോലെ സമൂഹ മാധ്യമങ്ങളിലൂടെ കുറെപ്പേർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്, പൈസ കൊടുക്കാനുണ്ട്, പൈസ കട്ടു, എന്നൊക്കയാണ് ചിലർ പറയുന്നത്, ഞങ്ങളുടെ പക്കൽ കള്ളപ്പണമോ, ആരെയെങ്കിലും പറ്റിച്ചുണ്ടാക്കിയ പണമോ ഇല്ല- ടി.എ. ജോസഫ്

കൊച്ചി: മരിച്ചിട്ടും ഡോ. സി.ജെ.റോയിയെ വിടാതെ സമൂഹമാധ്യമങ്ങളിലൂടെ വേട്ടയാടുകയാണെന്നു കോൺഫിഡന്റ് ഗ്രൂപ്പ്. തങ്ങളുടെ പക്കൽ കള്ളപ്പണമോ ആരെയെങ്കിലും പറ്റിച്ചുണ്ടാക്കിയ പണമോ ഇല്ല, കമ്പനിയുടെ ഭാവിയെക്കുറിച്ച് ഒരാൾക്കും ആശങ്ക വേണ്ടെന്നും മുൻപു പ്രവർത്തിച്ചിരുന്ന അതേ ഊർജത്തോടെ മുന്നോട്ടു പോകുമെന്നും കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ് പറഞ്ഞു. കമ്പനിയുടെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ജോസഫ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
അതുപോലെ കമ്പനി ചെയർമാൻ സി.ജെ. റോയി മരിച്ചുകഴിഞ്ഞപ്പോൾ ആശങ്കകൾ ഉണ്ടായത് സ്വാഭാവികമാണെന്നും ഒട്ടേറെ നിക്ഷേപകർ തങ്ങളെ വിളിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇകാര്യങ്ങൾ വാർത്താ സമ്മേളനം വിളിച്ച് വിശദമാക്കണമെന്ന് വിചാരിച്ചിരുന്നെങ്കിലും പോലീസ് അന്വേഷണവും മറ്റുമായി ബെംഗളുരുവിൽ തന്നെ നിൽക്കേണ്ടി വന്നതിനാലാണ് അത് സാധിക്കാതിരുന്നത് എന്നും ജോസഫ് പറഞ്ഞു. കേരളത്തിലും ബെംഗളുരുവിലുമാണ് കോൺഫിഡന്റ് ഗ്രൂപ്പ് കൂടുതലായി പ്രവർത്തിക്കുന്നത്. എന്നാൽ ബെംഗളുരുവിൽ അപ്പാർട്ട്മെന്റുകളുടെ നിർമാണത്തേക്കാൾ 2–3 വർഷമായി മാസ്റ്റർ ഡെവലപ്പർ എന്ന നിലയിലാണ് പ്രവർത്തിച്ചിരുന്നത്. കൂടിയ അളവിൽ സ്ഥലം വാങ്ങി ബിൽഡർമാർക്ക് സംയുക്തമായി വികസിപ്പിക്കാൻ കൊടുക്കുകയാണ് ചെയ്യുന്നത്. നിർമാണം അടക്കമുള്ള കാര്യങ്ങളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായിരുന്നു ഇത്. കേരളത്തിലെ ചുമതലകൾ കഴിഞ്ഞ 15 വർഷമായി താൻ നേരിട്ടാണ് നടത്തുന്നതെന്നും മുന്നോട്ടും അങ്ങനെ തന്നെയാവുമെന്നും ജോസഫ് പറഞ്ഞു.
മാത്രമല്ല കോൺഫിഡന്റ് ഗ്രൂപ്പിനെ സംബന്ധിച്ച് ഒരാളും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാര്യങ്ങൾ സാധാരണ പോലെ മുന്നോട്ടു പോകുമെന്നും കമ്പനി എംഡി വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെ കുറെപ്പേർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പലരും ബോർഡിലുള്ള ആളെപ്പോലെയാണ് സംസാരിക്കുന്നത്. ഞങ്ങൾ പൈസ കൊടുക്കാനുണ്ട്, പൈസ കട്ടു, എന്നൊക്കയാണ് ചിലർ പറയുന്നത്. എന്നാൽ കഷ്ടപ്പെട്ട് ജോലി ചെയ്ത്, നല്ല രീതിയിൽ നിർമാണവും മാർക്കറ്റിങ്ങും നടത്തി, അന്നന്നു വേണ്ട ആഹാരത്തിനായി പണിയെടുത്തിട്ടാണ് കമ്പനി കെട്ടിയുയർത്തിയിരിക്കുന്നത്. അല്ലാതെ ആരുടെയെങ്കിലും പൈസയോ കള്ളക്കടത്ത് പണമോ ഒന്നും കമ്പനിയിലില്ല. അക്കാര്യത്തിൽ നിക്ഷേപകർക്ക് തന്നെ വിശ്വസിക്കാമെന്നും ജോസഫ് പറഞ്ഞു.
അതുപോലെ ഇ.ഡിയും സിബിഐയുമൊക്കെ അന്വേഷിക്കുന്നു എന്നൊക്കെ ചിലയിടത്തു കണ്ടു എന്നും അത്തരത്തിലുള്ള കാര്യങ്ങളൊന്നുമില്ലെന്നും ജോസഫ് വ്യക്തമാക്കി. തങ്ങൾ ആരേയും പറ്റിച്ചിട്ടില്ല. അങ്ങനെ പൈസയുണ്ടാക്കിയിട്ടുണ്ടെങ്കിൽ ജോസഫ് എന്ന താൻ ഈ കമ്പനിയിലുണ്ടാകുമായിരുന്നില്ല. മരിച്ചു പോയ ആളെ വീണ്ടും വീണ്ടും അപകീർത്തിപ്പെടുത്തുന്നതിലാണ് ചിലർക്ക് സന്തോഷം. പലരും യൂട്യൂബ് ചാനലുകളും റോയിയെ മരിച്ചിട്ടും വേട്ടയാടുകയാണ്. ഇത്തരം വാർത്തകളിലൊന്നും സത്യമില്ലെന്ന് കോൺഫിഡന്റ് ഗ്രൂപ്പിന്റെ നിക്ഷേപകരും കമ്പനിയെ സ്‌നേഹിക്കുന്നവരും മനസിലാക്കണമെന്നും ജോസഫ് വീഡിയോ സന്ദേശത്തിൽ പറയുന്നു.
അതേസമയം, സി.ജെ. റോയി മരിച്ച് ഏഴാം ദിവസമാണ് കമ്പനി പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. ഇതിനിടെ റോയിയുടെ മരണം അന്വേഷിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലും എസ്ഐടി അന്വേഷണം നടത്തും. കർണാടക പോലീസിന്റെ സംഘം കൊച്ചിയിലെത്തുമെന്നാണ് വിവരം. റോയിയുടെ മരണത്തിലേക്ക് നയിച്ച കാര്യങ്ങളിൽ കമ്പനിയുടെ കൊച്ചിയിലെ ഇടപാടുകൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങളായിരിക്കും എസ്ഐടി പരിശോധിക്കുക എന്നാണ് അറിയുന്നത്.






