ഇതിനൊക്കെ വിളിച്ചാൽ വരണം, സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുക്കണം, അല്ലാതെ ഏതെങ്കിലും കസേരയിൽ കയറിയിരുന്ന് പ്രസ്താവന ഇറക്കുകയല്ല വേണ്ടത്!! അഞ്ജു അഭിപ്രായങ്ങൾ പറയുന്നതിന് പിന്നിൽ സ്വാർഥ താൽപര്യം, അഞ്ജുവിനെ പോലൊരാൾ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലാത്തത്- വി. അബ്ദുറഹിമാൻ

തിരുവനന്തപുരം: കേരളത്തിൽ സ്പോർട്സിന് അവഗണനയാണെന്നും സ്പോർട്സ് കൗൺസിൽ പ്രവർത്തനരഹിതമാണെന്നുമുള്ള അഞ്ജു ബോബി ജോർജിന്റെ ആക്ഷേപത്തിന് മറുപടിയുമായി കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ രംഗത്ത്. ഇതിനൊക്കെ വിളിച്ചാൽ വരണം, സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുക്കണം, അല്ലാതെ ഏതെങ്കിലും കസേരയിൽ കയറിയിരുന്ന് പ്രസ്താവന ഇറക്കുകയല്ല വേണ്ടതെന്നായിരുന്നു മന്ത്രിയുടെ മറുപടി.
അഞ്ജു കേരളത്തിൽ നിന്നു വളർന്നുവന്ന കായികതാരമാണ്. അതു മറന്ന് ഏതെങ്കിലും കസേരയിലിരുന്ന് പ്രസ്താവനകൾ ഇറക്കരുതെന്നു മന്ത്രി പറഞ്ഞു. കേരളത്തിലെ കായിക രംഗം ഏറ്റവും ശോഭിക്കുന്ന കാലഘട്ടമാണിത്. അടുത്ത ഒളിംപിക്സിൽ കേരളത്തിൽ നിന്നു താരങ്ങൾ ഉണ്ടാകും. സർക്കാർ ഇതുവരെ 5000 കോടി രൂപയാണു കായിക വകുപ്പിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിച്ചത്. കായിക സംഘടനകളുടെ ഭാഗത്തു നിന്ന് അപാകതകൾ ഉണ്ടായിട്ടുണ്ട്. മുതിർന്ന കായികതാരങ്ങളിൽ നിന്ന് അഭിപ്രായ രൂപീകരണം നടത്തിയാണ് കായിക രൂപരേഖ തയാറാക്കിയത്.
ഇതിനൊക്കെ വിളിച്ചാൽ വരണം. സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുക്കണം. അതുപോലെ അഞ്ജു അഭിപ്രായങ്ങൾ പറയുന്നതിന് പിന്നിൽ സ്വാർഥ താൽപര്യമുണ്ടാകും. അഞ്ജുവിനെ പോലൊരാൾ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു.
ഒരു കാലത്ത് രാജ്യത്തിന്റെ അത്‌ലറ്റിക് ഫാക്ടറി എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ കായിക മേഖലയെ സംസ്ഥാന സർക്കാർ ഭയങ്കരമായി അവഗണിക്കുകയാണെന്നാണ് അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) സീനിയർ വൈസ് പ്രസിഡന്റ് ഒളിംപ്യൻ അഞ്ജു ബോബി ജോർജ് കുറ്റപ്പെടുത്തിയത്. കായിക വകുപ്പ് ഭരിക്കുന്നവർ താൽപര്യമെടുത്താലേ ഇവിടെ എന്തെങ്കിലും സാധ്യമാകൂ. പക്ഷേ അതുണ്ടാകുന്നില്ലെന്നും അഞ്ജു പറഞ്ഞു.
ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടുന്ന കളിക്കാർക്ക് മറ്റു സംസ്ഥാനങ്ങൾ നൽകുന്ന പ്രോത്സാഹനം നിർഭാഗ്യവശാൽ ഇവിടെ ലഭിക്കുന്നില്ല. സംസ്ഥാനത്തെ കായിക പ്രവർത്തനങ്ങൾ നടത്തേണ്ട സ്പോർട്സ് കൗൺസിലിന് സംസ്ഥാന ബജറ്റിൽ 45 കോടി രൂപ മാത്രമാണ് വകയിരുത്തിരിക്കുന്നത്. ഇതിനൊന്നും പണമില്ലെന്നു പറയുന്നിടത്താണ് 100 കോടിക്കു മുകളിൽ മുടക്കി ഫുട്ബോൾ താരം മെസ്സിയെ കൊണ്ടു വരാനുള്ള ശ്രമവും നടന്നത്. അതിനായി കോർപറേറ്റുകളുടെ പണം ഉപയോഗിക്കാനായിരുന്നു സർക്കാർ ശ്രമം. മെസ്സിയെ കൊണ്ടുവന്നാൽ സംസ്ഥാനത്തെ കായിക രംഗം വികസിക്കുമെന്ന ചിന്ത തെറ്റാണ്. സംസ്ഥാനത്തെ കായിക സംവിധാനമാകെ ഉടച്ചുവാർക്കണം. കായിക മേഖലയ്ക്കായി പണം കണ്ടെത്തുകയാണ് ആദ്യം വേണ്ടതെന്നായിരുന്നു കഴിഞ്ഞ ദിവസം അഞ്ജു പറഞ്ഞത്.






