‘ഇറങ്ങാന്‍ നേരം അറിയാതെ കൈ എന്റെ നേരെയും വന്നു’; വീഡിയോയ്ക്കു താഴെയുള്ള യുവതിയുടെ കുറിപ്പ് തിരിച്ചടിയാകും; വിവാദത്തിനു പിന്നാലെ ഷിജിംത സംസ്ഥാനം വിട്ടു; മംഗലാപുരത്തേക്ക് കടന്നെന്ന് സൂചന; ബസ് ജീവനക്കാരില്‍നിന്ന് മൊഴിയെടുക്കും

കൊച്ചി: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തതില്‍ പ്രതിയായ ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടു. മെംഗളൂരുവിലേക്ക് കടന്നതായി സൂചന. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന സ്വകാര്യ ബസ് ജീവനക്കാരില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും. യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യാപ്രേരാണാക്കുറ്റം ചുമത്തിയിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കുന്നുണ്ട്.
കോഴിക്കോട് ഗോവിന്ദപുരം മണല്‍ത്താഴം ടി.പി. ഗോപാലന്‍ റോഡിലെ ഉള്ളാട്ട്‌തൊടി ‘ദീപക്കി’ല്‍ യു.ദീപക് (42) ആണു മരിച്ചത്. കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉള്ളാട്ടുതൊടി ചോയിയുടെയും കന്യകയുടെയും ഏകമകനാണ്. സ്വകാര്യ വസ്ത്രനിര്‍മാണ സ്ഥാപനത്തിന്റെ സെയില്‍സ് എക്‌സിക്യൂട്ടീവായ ദീപക് ജോലി ആവശ്യത്തിനു കണ്ണൂര്‍ പയ്യന്നൂരിലെത്തിയപ്പോഴാണു വിഡിയോയ്ക്ക് ആധാരമായ സംഭവം.
ട്രെയിനിറങ്ങി ബസ് സ്റ്റാന്‍ഡിലേക്കുള്ള യാത്രയില്‍ ബസില്‍ വച്ച് ദീപക് തന്റെ ശരീരത്തില്‍ ദുരുദ്ദേശ്യത്തോടെ തൊട്ടതായി ആരോപിച്ച് യുവതി വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു. ആരോപണം ഉയര്‍ന്നതോടെ ആദ്യ റീല്‍ പിന്‍വലിച്ച യുവതി വിഡിയോയ്‌ക്കൊപ്പം വിശദീകരണവും ചേര്‍ത്ത് മറ്റൊരു റീല്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വസ്തുതാവിരുദ്ധമായ ആരോപണമാണു നടത്തിയതെന്നും വിഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.
യുവതിക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന പരാതിയില്‍ ദീപക്കിന്റെ മാതാപിതാക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തി. ഗോവിന്ദപുരത്തെ വീട്ടിലെത്തിയ പൊലിസ് സംഭവദിവസം ദീപക് നടത്തിയ പ്രതികരണങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വന്നത് മകനെ മാനസികമായ തകര്‍ത്തെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കി. ചെയ്യാത്ത കുറ്റത്തിനാണ് ദീപക്കിനെ അപമാനിച്ചതെന്നും മാതാപിതാക്കള്‍ പറഞ്ഞു. ദീപക്ക് കടുത്ത മാനസികസംഘര്‍ഷത്തില്‍ ആയിരുന്നുവെന്നും അച്ഛന്‍ പറഞ്ഞു.
അതേസമയം, ഷിംജിതയുടെ വീഡിയോയ് ഒപ്പം കൊടുത്ത കുറിപ്പില്‍ പറയുന്നതും ‘അറിയാതെ’ കൈതട്ടിയെന്ന നിലയിലാണ്. അതിങ്ങനെ: ‘പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പയ്യന്നൂര്‍ ബസ്സ്റ്റാന്‍ഡിലേക്കുള്ള ബസില്‍ കയറിയപ്പോള്‍ മുതല്‍ ഇയാള്‍ക്ക് മുന്നില്‍ നിന്നിരുന്ന പെണ്‍കുട്ടിയുടെ ഡിസ്‌കംഫോര്‍ട്ട് കണ്ടിട്ട് ഞാന്‍ വീഡിയോ ഓണ്‍ ചെയ്തു വെച്ചു. അത് അയാള്‍ കണ്ടിട്ടുണ്ടായിരുന്നു.. എന്നിട്ടും അയാള്‍ അവസരങ്ങള്‍ കാത്തു നിന്ന് കൊണ്ടേയിരുന്നു. ബസ് നിര്‍ത്തി ഇറങ്ങാന്‍ നേരം ആ കൈകള്‍ ‘അറിയാതെ’ എന്റെ നേരെയും വന്നു’ എന്നാണു കുറിപ്പ്.
ഷിജിംത പറയുന്ന പെണ്‍കുട്ടിയുടെ വീഡിയോ ഇതുവരെ പുറത്തുവന്നിട്ടില്ല. ആ പെണ്‍കുട്ടിയെ യുവാവ് അലോസരപ്പെടുത്തുന്നതിന്റെ ഒരു സെക്കന്‍ഡ് വീഡിയോ എങ്കിലും പുറത്തുവിടാനാണ് പലരും ആവശ്യപ്പെടുന്നത്. ക്യാപ്ഷനില്‍ ‘അറിയാതെ എന്റെ നേരെയും വന്നു എന്നും ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ ഇറങ്ങിയോടിക്കളഞ്ഞു’ എന്നുമാണ് പറയുന്നത്. അയാള്‍ ഇറങ്ങിപ്പോകുന്നതുവരെയുള്ള വിഷ്വല്‍ അതിലുണ്ടായിട്ടും ‘ചോദിച്ച’ കാര്യം വീഡിയോയി പതിഞ്ഞില്ലേ എന്നും സമൂഹമാധ്യമങ്ങളിലുള്ളവര്‍ ചോദിക്കുന്നു. ഭയന്ന് ഇറങ്ങി ഓടിപ്പോയി എന്ന അവര്‍ പറയുന്ന ദീപക്, സാവകാശം സ്വന്തം ബാഗും തൂക്കി ഇറങ്ങി പോകുന്ന ദൃശ്യവും യുവതിയുടെ വീഡിയോയില്‍ ഉണ്ട്.
‘തെളിവുണ്ടാക്കാന്‍ വേണ്ടി വീഡിയോ എടുത്ത ഷിംജിത കണ്മുന്നില്‍ ഒരു പെണ്‍കുട്ടിയെ, അല്ലെങ്കില്‍ ഇവരെതന്നെ മുട്ടിയിരുമ്മി നില്‍ക്കുന്ന നേരത്തൊന്നും വീഡിയോ എടുക്കാതെ ഓഫാക്കിവച്ചു. അയാള്‍ മാന്യമായി നില്‍ക്കുന്ന വീഡിയോ മാത്രം എടുത്തു. വീഡിയോഗ്രാഫി നിര്‍ത്തി വിശ്രമിച്ചത് എന്ത് കൊണ്ടായിരിക്കും?
എന്നിട്ട് ഇറങ്ങാന്‍ നേരം വരെയും അവര്‍ക്ക് നേരെ വരാത്ത (ക്യാപ്ഷനില്‍ അവര്‍ തന്നെ പറഞ്ഞതാണ് ) കൈ അപ്പോള്‍ തനിക്ക് നേരെ വരുമെന്ന് ദിവ്യദൃഷ്ടിയില്‍ മനസിലാക്കിയാവും വീണ്ടും വീഡിയോ ഓണ്‍ ആക്കിയത്. ഇറങ്ങി പോകുമ്പോള്‍ അയാളുടെ കൈ എന്റെ നേരെയും വന്നു എന്നു പറയുമ്പോള്‍ നിങ്ങള്‍ മനസ്സിലാക്കുന്നത്.
ഇറങ്ങി പോകുമ്പോള്‍ = ഇറങ്ങി പോകുമ്പോള്‍ മാത്രം
ആ കൈ അറിയാതെ = അറിയാതെയാണ് അയാളുടെ കൈ മുട്ടിയത്
എന്റെ നേരെയും = അത് വരേ മറ്റാരുടെയോ നേരെ ആയിരുന്നു
അതെന്താവും തെളിവുണ്ടാക്കാന്‍ വേണ്ടി വീഡിയോ എടുത്ത ആള്‍ അതിന് മുന്‍പ് അവര്‍ പറഞ്ഞ കഥയിലെ തെളിവുകള്‍ ഒന്നും പകര്‍ത്താതെവിട്ടത്?
അയാള്‍ക്ക് പുറകില്‍ ഡിസ്‌കംഫര്‍ട്ട്, നരകയാതന അനുഭവിച്ചു എന്ന് കുറിപ്പിലുണ്ട്. പക്ഷേ, വീഡിയോയില്‍ ഇല്ല. തെലുവുണ്ടാക്കാന്‍ എടുത്ത വീഡിയോയില്‍ അവസാനത്തെ ദിവ്യ ദൃഷ്ടിയില്‍ പകര്‍ത്തിയ ആ ഒരു സെക്കന്റ് ബാഡ് ടച്ച് മാത്രമേ ഉള്ളൂ എന്നും സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ എഴുത്തുകാരി സ്മിത ശൈലേഷ് ചൂണ്ടിക്കാട്ടുന്നു.






