വിവാഹം കഴിക്കാമെന്ന വ്യാജേന പീഡനം; ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി; ചെരിപ്പു വാങ്ങാന്‍ 10,000; ആഡംബര വാച്ച് കൈക്കലാക്കി; ഗര്‍ഭിണിയെന്ന് അറിഞ്ഞപ്പോള്‍ ഫോണ്‍ ബ്ലോക്ക് ചെയ്തു മുങ്ങി; ഭ്രൂണത്തിന്റെ ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ മൂന്നാമത്തെ പീഡന പരാതിയില്‍ ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ രാഹുല്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും അതിജീവിത മൊഴിയില്‍ പറയുന്നു.
വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാല്‍ വിവാഹം വളരെ വേഗത്തില്‍ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി പറയുന്നു. നേരില്‍ കാണാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് റൂം ബുക്ക് ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെട്ടു. റൂമില്‍ എത്തിയ രാഹുല്‍ സംസാരിക്കാന്‍ പോലും നില്‍ക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
ഭീഷണിപ്പെടുത്തി പലപ്പോഴായി രാഹുല്‍ പണം കൈക്കലാക്കി. ചെരുപ്പ് വാങ്ങാനെന്ന പേരില്‍ പതിനായിരം രൂപ യുവതിയില്‍നിന്നും വാങ്ങി. യുവതിയുടെ ആഢംബര വാച്ച് കൈവശപ്പെടുത്തി, സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങിപ്പിക്കുകയും ചെയ്തു. വിവാഹബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായ സമയത്താണ് യുവതി രാഹുലുമായി സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയം സ്ഥാപിച്ച രാഹുല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചുവെന്നും യുവതി പറയുന്നുണ്ട്.
ആദ്യ കേസിലേതിന് സമാനമായ രീതിയില്‍ ഈ കേസിലും കുട്ടിവേണമെന്ന് രാഹുല്‍ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഓവുലേഷന്‍ സമയമാണെന്ന് പറഞ്ഞിട്ടും കുഞ്ഞ് ഉണ്ടാകട്ടെ എന്ന് പറഞ്ഞ് രാഹുല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. മുഖത്തും ശരീരത്തിലും അടിക്കുകയും ദേഹത്ത് മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്തു.
ഈ കൂടിക്കാഴ്ചയ്ക്ക് ശേഷവും രാഹുല്‍ കാണണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും താന്‍ പോയില്ലെന്ന് യുവതി പറയുന്നുണ്ട്. എന്നാല്‍ ഗര്‍ഭിണിയായതോടെ ബന്ധം ഉപേക്ഷിച്ചു. വിവരം അറിയിക്കാനായി വിളിച്ചപ്പോള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡന വിവരം പുറത്തു പറഞ്ഞാല്‍ ജീവിതം തകര്‍ക്കുമെന്നും സഹോദരിയുടെ വിവാഹം മുടക്കുമെന്നും പിതാവിനെ അപായപ്പെടുത്തുമെന്നും രാഹുല്‍ ഭീഷണിപ്പെടുത്തി.
ഗര്‍ഭത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിയാന്‍ രാഹുല്‍ ശ്രമിച്ചു. മറ്റാരുടെയെങ്കിലും കുഞ്ഞ് ആയിരിക്കുമെന്നായിരുന്നു മറുപടി. പിന്നാലെയാണ് ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്കായി യുവതി ഒരുങ്ങിയത്. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് രാഹുല്‍ സഹകരിച്ചില്ല. ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തിയെന്നും യുവതി മൊഴിയില്‍ പറയുന്നുണ്ട്. ഇതിന്റെ നിര്‍ണായക വിവരങ്ങള്‍ യുവതി അന്വേഷണ സംഘത്തിന് കൈമാറി.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ യുവതിയുടെ ഫോണ്‍ രാഹുല്‍ ബ്ലോക്ക് ചെയ്തു. അബോര്‍ഷന്‍ വിവരം പറയാന്‍ വിളിച്ചപ്പോഴും രാഹുല്‍ ഭീഷണിപ്പെടുത്തി. രാഹുലിന്റെ സുഹൃത്തും സഹായിയുമായ ഫെനി നൈനാനെ വിവരം അറിയിച്ചിരുന്നുവെന്നും പരാതിക്കാരി പറയുന്നുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒന്നും സംഭവിക്കാത്തതുപോലെ താനുമായി അടുപ്പത്തിന് വീണ്ടും ശ്രമിച്ചു. ഭാവിയില്‍ ഒരുമിച്ച് ജീവിക്കാമെന്ന് വാഗ്ദാനം ചെയ്തു. പാലക്കാട് ഫ്ളാറ്റ് വാങ്ങിതരണമെന്നും അവിടെ ഒരുമിച്ച് ജീവിക്കാമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ ഫ്ളാറ്റ് വാങ്ങല്‍ നടന്നില്ലെന്നും യുവതി പറയുന്നു.






