സർവ്വം തന്ത്രമോ : പോറ്റി വളർത്തിയവരും പോറ്റിയെ വളർത്തിയവരും അകത്തു പോകുന്നു : ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: പോറ്റിവളർത്തിയവരും പോറ്റിയെ വളർത്തിയവരും എല്ലാ അകത്തു പോകുന്നു. മുതല്‍ കട്ടെടുക്കുന്നതും കട്ടെടുപ്പിന് കൂട്ടുനിൽക്കുന്നതും വഴിയൊരുക്കുന്നതും എല്ലാം മോഷണം തന്നെ.
ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ ആകുമ്പോൾ പ്രതീക്ഷിച്ച ഒരു അറസ്റ്റ് ആയതുകൊണ്ട് തന്നെ കേരളം അധികം ഞെട്ടിയില്ല.
പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം തന്ത്രി രാജീവ് കണ്ഠരര് മോഹനരെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. വളരെ രഹസ്യമായാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. നേരത്തെ മുതൽ തന്ത്രിയുടെ ഇടപെടൽ സംശയാസ്പദമായിരുന്നുവെങ്കിലും അതീവ രഹസ്യമായ നീക്കമാണ് എസ്ഐടി നടത്തിയത്.
പോറ്റിക്ക് അവസരമൊരുക്കി കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടും. പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്രപരമായ നീക്കമാണ് അന്വേഷണ സംഘം നടത്തിയത്. പത്മകുമാറിൻ്റെ ജാമൃ ഹർജിയിൽ തന്ത്രിയുടെ പങ്ക് കൃത്യമായി മറച്ചുവെക്കാൻ എസ്ഐടി ശ്രദ്ധിച്ചു. മുൻകൂർ ജാമ്യം തടയാനുളള നീക്കമായിരുന്നു ഇത്.
തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശാസ്പദമാണെന്നാണ് റിപ്പോർട്ട്. അനുമതി എല്ലാത്തിലും നിർബന്ധമാണ്. പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി കൊടുത്തില്ലെന്നായിരുന്നു തന്ത്രി രാജിവരുടെ വാദം. എന്നാൽ ചില സ്പോൺസർഷിപ്പുകളിൽ നൽകിയ അനുമതി സംശയകരമാണ്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും തന്ത്രിയുടെ അനുമതി ആവശ്യമാണ്. ദേവസ്വം വിജിലന്‍സ് ഒരു ഘട്ടത്തില്‍ തന്ത്രിയെ വിശ്വാസത്തില്‍ എടുത്താണ് മുന്നോട്ടുപോയത്. തന്ത്രിക്ക് സ്വർണക്കൊള്ളയില്‍ നേരിട്ട് പങ്കില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചിടത്താണ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം കണ്ഠരര് രാജീവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
കണ്ഠരര് രാജീവര്‍ക്കെതിരെ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാർ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു പത്മകുമാര്‍ എസ്ഐടിക്ക് മൊഴി നല്‍കിയത്. പാളികള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ തന്ത്രിമാര്‍ അനുമതി നല്‍കിയെന്നും തന്ത്രികൊണ്ടുവന്നതിനാലാണ് പോറ്റിയെ വിശ്വസിച്ചതെന്നുമാണ് എ പത്മകുമാർ മൊഴി നല്‍കിയത്. ഉണ്ണികൃഷ്ണന് പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നില്ല. പോറ്റി തന്റെ ആറന്മുളയിലുള്ള വീട്ടില്‍ വരാറുണ്ടെന്നും പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു..
അതേസമയം സ്വര്‍ണ്ണപാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു കണ്ഠരര് രാജീവര് മൊഴി നല്‍കിയത്. സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയത്. നടപടി ക്രമങ്ങള്‍ പാലിച്ചായിരുന്നു അനുമതി നല്‍കിയത്. പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ല. പോറ്റിയെ ആദ്യം അറിയുന്നത് കീഴ്ശാന്തി എന്ന നിലയിലാണ്. സ്പോണ്സര് എന്ന നിലയില്‍ പരിചയം തുടര്‍ന്നെന്നും മൊഴിയിലുണ്ട്.






