Breaking NewsKeralaLead NewsNEWSNewsthen SpecialpoliticsWorld

നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്; സാഗര്‍ ഏലിയാസ് ജാക്കി പറഞ്ഞ ആ ഡയലോഗ് ഇപ്പോള്‍ പറയുന്നത് ട്രംപാണ്; മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കില്‍ കടന്നുകയറിയങ്ങ് ആക്രമിക്കുമെന്ന് ക്യൂബയ്ക്കും കൊളംബിയക്കും അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്

 

വാഷിംഗടണ്‍: ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കി പറയുന്ന ഡയലോഗാണ് നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്നത്. വളരെ സൂപ്പര്‍ഹിറ്റായ എസ്.എന്‍.സ്വാമിയുടെ ആ ഡയലോഗാണ് അങ്ങ് അമേരിക്കന്‍ പ്രസിഡന്റു വരെ വേദവാക്യം പോലെ മനസില്‍ കൊണ്ടുനടക്കുന്നത്. അതുകൊണ്ടാണല്ലോ മയക്കുമരുന്നിനെതിരെ ഇടം വലം നോക്കാതെ യുദ്ധാക്രമണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറങ്ങിയിരിക്കുന്നത്.
മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കില്‍ ആക്രമിക്കും എന്ന ശക്തായ മുന്നറിയിപ്പാണ് ട്രംപ് കൊളംബിയക്കും ക്യൂബയ്ക്കും അന്ത്യശാസനം മോഡലില്‍ കൊടുത്തിരിക്കുന്നത്.

Signature-ad

വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയയേയും ക്യൂബയേയുമാണ് ട്രംപ് മയക്കുമരുന്ന് കടത്തിന്റെ പേരില്‍ കടുത്ത നടപടിക്ക് വിധേമാക്കാനൊരുങ്ങുന്നതെന്ന് ഈ മുന്നറിയിപ്പിലൂടെ വ്യക്തമാകുന്നു.മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കില്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്.

മൂന്ന് പ്രധാന കൊക്കെയ്ന്‍ ഫാക്ടറികള്‍ കൊളംബിയയിലുണ്ട്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ മയക്കുമരുന്ന് നിര്‍മാണത്തില്‍ പങ്കാളിയെന്നും യുഎസ് പ്രസിഡന്റ് ആരോപിച്ചു.
മയക്കുമരുന്ന് കടത്തിന്റെ പേരില്‍ വെനസ്വേലയ്‌ക്കെതിരെ അമേരിക്ക നടത്തിയ ഇടപെടല്‍ മറ്റു രാജ്യങ്ങളിലേക്കും നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അതൊന്നും വകവെക്കാതെ മുന്നോട്ടുപോകാന്‍ തന്നെയാണ് ട്രംപിന്റെ തീരുമാനം.

അതിനിടെ വെനസ്വേലയിലെ യുഎസ് ആക്രമണത്തില്‍ 32 പൗരന്മാര്‍ കൊല്ലപ്പെട്ടതായി ക്യൂബ വ്യക്തമാക്കി. ക്യൂബയില്‍ രണ്ടു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുമുണ്ട്.

അതേസമയം അട്ടിമറി നടത്തി അമേരിക്ക റാഞ്ചിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും ഇന്ന് ന്യൂയോര്‍ക്കിലെ കോടതിയില്‍ ഹാജരാക്കും. അമേരിക്കയിലേക്ക് ലഹരിമരുന്നും ആയുധങ്ങളുമെത്തിച്ചുവെന്ന കുറ്റത്തിനാണ് മഡൂറോയെ വിചാരണ ചെയ്യുക. അതേസമയം വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റു.

അമേരിക്കന്‍ സൈന്യം പിടികൂടി ന്യൂയോര്‍ക്കിലെത്തിച്ച വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും ഇന്ന് മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയിലാണ് ഹാജരാക്കുക. ഇന്നലെയാണ് ന്യൂയോര്‍ക്കിലെ സ്റ്റുവര്‍ട്ട് എയര്‍ നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിച്ചത്. അമേരിക്കയിലേക്ക് മയക്കുമരുന്നും ആയുധങ്ങളുമെത്തിച്ചുവെന്ന കുറ്റത്തിനാണ് മഡൂറോയെ അമേരിക്കയില്‍ കുറ്റവിചാരണ ചെയ്യുക. ഭരണ മാറ്റം സാധ്യമാകുന്നത് വരെ വെനസ്വേലയുടെ ഭരണം നിയന്ത്രിക്കുന്നതിനൊപ്പം എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കുമെന്നും എണ്ണവ്യവസായം പുനസ്ഥാപിക്കാന്‍ അമേരിക്കന്‍ കമ്പനികളെ നിയമിക്കുമെന്നും ട്രംപ് പറഞ്ഞു.

വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റു. ഡെല്‍സിയുടെ നിയമനത്തെ ട്രംപ് പിന്തുണച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അമേരിക്കന്‍ നടപടികള്‍ അപകടകരമായ കീഴ് വഴക്കം സൃഷ്ടിച്ചുവെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കുറ്റപ്പെടുത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ യു എന്‍ രക്ഷാസമിതി ഇന്ന് ചേരും.

അമേരിക്കന്‍ ആക്രമണത്തെ മാര്‍പാപ്പയും അപലപിച്ചു. വെനിസ്വേല സ്വതന്ത്രമായി തുടരണമെന്നും വെനിസ്വേലന്‍ ജനതയുടെ നന്മ വിജയിക്കണമെന്നും ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ പ്രതികരിച്ചു. വെനസ്വേലയെ ആക്രമിച്ചതിനു പിന്നാലെ കൊളംബിയ, ക്യൂബ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ക്കു നേരെയും ട്രംപ് ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.

തന്റെ നടപടി ചോദ്യം ചെയ്യുന്നവരോടും എതിര്‍ക്കുന്നവരോടും ട്രംപിന് സാഗര്‍ ഏലിയാസ് ജാക്കി പറയുന്നതേ പറയാനുള്ളു – നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്…

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: