പത്മജ വേണുഗോപാല്‍ കരുണാകരന്റെ തട്ടകത്തിലേക്ക് മത്സരത്തിന്; പത്മജയെ തൃശൂരില്‍ മത്സരിപ്പിക്കാന്‍ നീക്കം; പത്മജയ്ക്ക് അവസരങ്ങള്‍ നല്‍കിയില്ലെന്ന പരാതി തീര്‍ക്കാന്‍ സീറ്റ് വാഗ്ദാനം; സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം പത്മജ തിരികെ കോണ്‍ഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ

തിരുവനന്തപുരം: കരുണാകരന്റെ തട്ടകമായ തൃശൂരിലേക്ക് നിയമസഭ തെരെഞ്ഞടുപ്പിലെ മത്സരത്തിന് കരുണാകരപുത്രി പത്മജ വേണുഗോപാല്‍ എത്താന്‍ സാധ്യതയേറി. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പത്മജയ്ക്ക് ഇതുവരെയും ബിജെപിയില്‍ നല്ലൊരു സ്ഥാനം കിട്ടിയിട്ടില്ലെന്ന പരാതിയാണ് തൃശൂരില്‍ സ്ഥാനാര്‍ത്ഥി സ്ഥാനം നല്‍കിക്കൊണ്ട് ബിജെപി പരിഹരിക്കാനൊരുങ്ങുന്നത്. ബിജെപിക്ക് പ്രതീക്ഷയുള്ള തൃശൂര്‍ നിയോജകമണ്ഡലത്തിലോ അല്ലെങ്കില്‍ പത്മജയ്ക്ക് താത്പര്യമുള്ള തൃശൂരരിലെ മറ്റേതെങ്കിലും നിയോജകമണ്ഡലത്തിലോ മത്സരിപ്പിക്കാനാണ് ബിജെപി നോക്കുന്നത്.
പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്ക് തിരികെ പോകുന്നുവെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പത്മജയെ നിയമസഭ തെരഞ്ഞെടുപ്പില്‍ കളത്തിലിറക്കാന്‍ ബിജെപിയുടെ നീക്കം.
പത്മജ മുന്‍പ് കോണ്‍ഗ്രസിലായിരുന്നപ്പോള്‍ തൃശൂരില്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ജയിച്ചിട്ടില്ല. ബിജെപി ടിക്കറ്റില്‍ മത്സരിക്കുമ്പോള്‍ പത്മജയുടെ ജാതകം തിരുത്തിക്കുറിക്കപ്പെടുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. പത്മജയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പത്മജയുടെ തീരുമാനം അറിവായിട്ടില്ല.
മത്സരംഗത്തേക്ക് ഇല്ലെന്നും ഏതെങ്കിലും ക്യാബിനറ്റ് റാങ്കുള്ള പദവി കിട്ടുകയാണെങ്കില്‍ അതാണ് നല്ലതെന്നുമുള്ള ആഗ്രഹമാണ് പത്മജയ്‌ക്കെന്നും സൂചനയുണ്ട്.
അതിനായാണ് പത്മജ കാത്തിരിക്കുന്നതെന്നും ഡല്‍ഹിയില്‍ ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും പറയപ്പെടുന്നു.
കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപിയടക്കമുള്ളവരുമായി അടുത്ത ബന്ധമുള്ള പത്മജയ്്ക്ക് നല്ലൊരു പദവി നല്‍കണമെന്ന് കേന്ദ്രനേതൃത്വത്തിനും താത്പര്യമുണ്ട്.
കോണ്‍ഗ്രസ് വിട്ടുവന്നിട്ടും ബിജെപി പത്മജയ്ക്ക് ഒന്നും കൊടുത്തില്ലെന്ന പരിഹാസം സോഷ്യല്‍മീഡിയയില്‍ ശക്തമാണ്.
ബിജെപിയുടെ പരിപാടികളില്‍ സജീവമായിട്ടുളള പത്മജ സോഷ്യല്‍മീഡിയയിലും ആക്ടീവാണ്.
അതിനിടെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രഥമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കല്‍ അവസാനഘട്ടത്തിലേക്ക് കടന്നു.

ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. പതിനഞ്ചോളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും. തിരുവനന്തപുരം സെന്‍ട്രലില്‍ ജി.കൃഷ്ണകുമാറിനും കരമന ജയനുമാണ് സാധ്യത. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി.മുരളീധരനും ലിസ്റ്റിലുണ്ട്. വട്ടിയൂര്‍ക്കാവില്‍ ആര്‍.ശ്രീലേഖ മത്സരിച്ചേക്കും. തിരുവല്ലയില്‍ അനൂപ് ആന്റണിയും പാലായില്‍ ഷോണ്‍ ജോര്‍ജും മത്സരംഗത്തേക്ക് തയ്യാറായിട്ടുണ്ട്.
ശോഭാ സുരേന്ദ്രന്‍ അരൂരിലോ കായംകുളത്തോ മത്സരിക്കുമെന്നാണ് വിവരം. എം.ടി.രമേശിനെ കോഴിക്കോടിനു പുറമെ തൃശൂര്‍ സീറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്മജ തൃശൂരില്‍ മത്സരിച്ചാല്‍ രമേശ് കോഴിക്കോട്ടേക്ക് മാറും.
തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ ആശാനാഥിന്റെ പേര് ആറ്റിങ്ങലില്‍ പരിഗണനയിലുണ്ട്. കാട്ടാക്കട, ചിറയിന്‍കീഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ വെച്ചുമാറിയേക്കും.
ഇന്ന് ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങളുണ്ടായേക്കും. തിരുവനന്തപുരം കോര്‍പറേഷനിലെ വിജയം ബബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷ വിജയം മറ്റിടങ്ങളില്‍ നേടാനാകാത്തത് ആശങ്കയുമുയര്‍ത്തുന്നുണ്ട്.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ കളത്തിലിറക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പളളിയില്‍ നിന്ന് ജോര്‍ജ് കുര്യനെ മത്സരിപ്പിക്കാനാണ് തീരുമാനം. ബിജെപി സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് എന്‍ ഹരി, ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യു എന്നിവരും പരിഗണനയിലുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് മുപ്പതിനായിരത്തിലധികം വോട്ടുകള്‍ ലഭിച്ച മണ്ഡലമാണ് കാഞ്ഞിരപ്പളളി. ജോര്‍ജ് കുര്യനെ ഇറക്കിയാല്‍ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.






