അണിയറയില്‍ വീണ്ടും യുദ്ധ നീക്കം? അടിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍; നെതന്യാഹു- ട്രംപ് കൂടിക്കാഴ്ചയില്‍ തന്ത്രങ്ങള്‍ മെനയുമെന്ന് റിപ്പോര്‍ട്ട്; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയില്‍ ആശങ്ക

ടെഹ്‌റാന്‍: അക്രമിച്ചാല്‍ യു.എസിനും ഇസ്രയേലിനും ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. തിങ്കളാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ കാണുന്നതിന് മുന്നോടിയായാണ് ഇറാന്റെ മുന്നറിയിപ്പ്. ട്രംപ് നെതന്യാഹു കൂടിക്കാഴ്ചയില്‍ ഇറാനെ വീണ്ടും ആക്രമിക്കാനുള്ള കാര്യം ചര്‍ച്ചയാകുമെന്ന അഭ്യൂഹങ്ങളുണ്ട്.
‘അമേരിക്ക, ഇസ്രയേല്‍, യൂറോപ്പ് എന്നിവരുമായി ഇറാന്‍ പൂര്‍ണ യുദ്ധത്തിലാണ്. ഞങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. നമ്മുടെ പ്രിയപ്പെട്ട സൈന്യം അവരുടെ ജോലി കരുത്തോടെയാണ് ചെയ്യുന്നത്. ആയുധങ്ങളുടെ കാര്യത്തിലും ആള്‍ബലത്തിന്റെ കാര്യത്തിലും നമ്മുടെ സൈന്യം യു.എസും ഇസ്രയേലും ആക്രമിച്ചപ്പോള്‍ ഉള്ളതിനേക്കാള്‍ ശക്തരാണ്’ എന്നും പെസഷ്‌കിയാന്‍ പറഞ്ഞു.
അതിനാല്‍ തങ്ങളെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി ലഭിക്കും. ഇത് ഇറാന്റെ 1980 ലെ ഇറാഖ് യുദ്ധത്തേക്കാള്‍ മാരകമായിരിക്കും എന്നാണ് പെസഷ്‌കിയാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. യുഎസും ഇസ്രയേലും ഇറാനും തമ്മില്‍ സംഘര്‍ഷം നടന്ന് ആറു മാസത്തിനൊടുവിലാണ് പുതിയ സംഭവികാസങ്ങള്‍. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്കും ആണവ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് 12 ദിവസം നീണ്ട സംഘര്‍ഷം തുടങ്ങിയത്.
ജൂണില്‍ ഇസ്രയേലുമായി നടന്ന യുദ്ധത്തില്‍ തകര്‍ന്ന വ്യോമകേന്ദ്രങ്ങളും മിസൈല്‍ സംവിധാനങ്ങളും ഇറാന്‍ പുനരുജ്ജീവിപ്പിക്കുന്നതിന് പിന്നാലെയാണ് വീണ്ടും യുദ്ധമെന്ന ആശങ്ക ഉണ്ടായത്. ഇറാന്‍ തങ്ങളുടെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി വികസിപ്പിക്കുന്നതില്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ട്. ഇക്കാര്യം ട്രംപിനെ അറിയിക്കുകയും ഇറാനെ ആക്രമിക്കാന്‍ തയാറാവുകയുമാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നത്.
ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ വ്യാപിപ്പിക്കുകയാണ്. ഈ ഭീഷണിക്കെതിരെ എടുക്കേണ്ട നടപടിയെ പറ്റി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു സംസാരിക്കുമെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.






