Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ഗുരുവായൂര്‍ ആരെടുക്കും? ലീഗോ കോണ്‍ഗ്രസോ? മുരളീധരനെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ തര്‍ക്കം തുടങ്ങി; ഇക്കുറി സീറ്റുകളില്‍ അടിമുടി മാറ്റമുണ്ടാകും; പുതുമുഖങ്ങളെയും ഇറക്കും; പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടുനില നോക്കി ഘടകകക്ഷികളുടെ മണ്ഡലങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രമം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ അതിവേഗത്തില്‍ നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു നീങ്ങാനുള്ള കോണ്‍ഗ്രസ് നീക്കത്തിനിടെ കല്ലുകടിയായി ഗുരുവായൂര്‍ മണ്ഡലം. കെ. മുരളീധരനെ സീറ്റിലേക്കു മത്സരിപ്പിക്കാനാണു കോണ്‍ഗ്രസ് നീക്കം. പാര്‍ലമെന്റ് സീറ്റിലേക്കു വടകരയിലും പിന്നീടു തൃശൂരിലും മത്സരിച്ച കെ. മുരളീധരന്‍, 2021ല്‍ വട്ടിയൂര്‍ക്കാവിലും ഇറങ്ങിയിരുന്നു. തൃശൂരിലും വട്ടിയൂര്‍ക്കാവിലും തോറ്റു. തൃശൂരിലെ തോല്‍വിയുടെ പേരില്‍ തൃശൂര്‍ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിയുമുണ്ടായി.

ഇതിനു പിന്നാലെയാണു ലീഗ് വര്‍ഷങ്ങളായി മത്സരിക്കുന്ന, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഗുരുവയൂര്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കം. സീറ്റ് വേണമെന്നു തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് ഘടകം ആവശ്യപ്പെട്ടെങ്കിലും സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്നാണു ലീഗിന്റെ നലപാട്. എന്നാലിതു സംസ്ഥാന നേതൃത്വം ഗൗരവമായി എടുത്തിട്ടില്ല. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റിന്റെ പ്രസ്താവനയോട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. റഷീദും പ്രതികരിച്ചു.

Signature-ad

മതേതരത്വത്തിന്റെ ഈറ്റില്ലമായ ഗുരുവായൂരില്‍ ക്ഷേത്രവും പാലയൂര്‍ ചര്‍ച്ചും മണത്തല പള്ളിയും ഉള്‍ക്കൊള്ളുന്ന പ്രദേശമാണിത്. ഇവിടെ മുസ്ലിം ലീഗ് തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് ചര്‍ച്ചകള്‍ യു.ഡി.എഫില്‍ തുടങ്ങിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. ലീഗിന്റെ ഹരിതഭൂമിയാണ് ഗുരുവായൂര്‍ സീറ്റ്. അഞ്ചു തവണ തുടര്‍ച്ചയായി ലീഗ് ജയിച്ച ഇടം. 1992ല്‍ സ്വതന്ത്രനിലൂടെ എല്‍ഡിഎഫ് ജയിച്ചിട്ടുണ്ട്. അവസാനം ലീഗ് ജയിച്ചത് 2001 ല്‍ . 2006 മുതല്‍ കെ.വി. അബ്ദുല്‍ ഖാദറിലൂടെ മണ്ഡലം ചുവന്നു. 20 വര്‍ഷമായി എല്‍ഡിഎഫിന്റെ ഉറച്ച കോട്ട. ഓരോ തിരഞ്ഞെടുപ്പിലും ലീഡ് സിപിഎം കൂട്ടി. ഈ കോട്ട പൊളിക്കാന്‍ കോണ്‍ഗ്രസ് വരണമെന്നാണ് തൃശൂര്‍ ഡിസിസിയുടെ വികാരം. സുരേഷ് ഗോപി ജയിച്ച തിരഞ്ഞെടുപ്പിലും ഗുരുവായൂര്‍ യുഡിഎഫിനെ കൈ വിട്ടില്ല.

ഗുരുവായൂരിനു പുറമേ, പരമ്പരാഗതമായി കോണ്‍ഗ്രസും ഘടകകക്ഷികളും കൈവശം വയ്ക്കുന്ന സീറ്റുകളിലും മാറിമറിച്ചില്‍ ഉണ്ടാകുമെന്ന സൂചനകളുമുണ്ട്. മുമ്പ് അനില്‍ അക്കര തോറ്റ വടക്കാഞ്ചേരി മണ്ഡലം കേരള കോണ്‍ഗ്രസിനു വിട്ടുകൊടുത്ത് ഇരിങ്ങാലക്കുട ഏറ്റെടുത്തേക്കും. കുന്നംകുളം ലീഗിനു വിട്ടുകൊടുത്ത് താനൂര് ഏറ്റെടുക്കാനും കോണ്‍ഗ്രസ് ശ്രമിച്ചേക്കും.

ഗുരുവായൂരില്‍ മത്സരിക്കാന്‍ കെ. മുരളീധരനു താത്പര്യമുണ്ടെന്നാണു വിവരം. ഇക്കാര്യം കെപിസിസി ഗൗരവമായി പരിഗണിക്കുന്നുണ്ട്. തൃശൂരിലെ തോല്‍വിയുടെ കയ്പ് ഗുരുവായൂരിലെ വിജയത്തിലൂടെ പരിഹരിക്കാമെന്ന ചിന്തയുമുണ്ട്.

മറ്റൊന്നു തൃശൂരാണ്. നിലവില്‍ സിപിഐയുടെ പി. ബാലചന്ദ്രനാണ് എംഎല്‍എ. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലെ കടുത്ത അതൃപ്തി അടുത്ത തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നു കോണ്‍ഗ്രസ് കരുതുന്നു. മുന്‍ തൃശൂര്‍ മേയര്‍ രാജന്‍ ജെ. പല്ലന്‍, സന്ദീപ് വാര്യര്‍, മുന്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, യുഡിഎഫ് തൃശൂര്‍ ജില്ലാ കണ്‍വീനര്‍ ടി.വി. ചന്ദ്രമോഹന്‍ എന്നിവരുടെ പേരുകളാണു പരിഗണിക്കുന്നത്. രാജന്‍ പല്ലനും സന്ദീപ് വാര്യരുമാണ് ഈ സീറ്റ് നോട്ടമിടുന്നത്.

ഒല്ലൂര്‍ മണ്ഡലത്തില്‍ കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്താണു പരിഗണനയില്‍. ഇദ്ദേഹത്തോടു രമേശ് ചെന്നിത്തലയ്ക്കും താത്പര്യമുണ്ട്. ടോള്‍ അടക്കമുള്ള വിഷയത്തില്‍ ഷാജിയുടെ ഇടപെടല്‍ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

മണലൂരില്‍ വി.എം. സുധീരന്‍, ടി.എന്‍. പ്രതാപന്‍ എന്നിവരെയും പരിഗണിക്കുന്നു. നാട്ടികയില്‍ രമ്യ ഹരിദാസാണ് നോട്ടമിട്ടിരിക്കുന്നത്. നേരത്തേ, ചേലക്കരയില്‍ പരാജയപ്പെട്ടതിനാല്‍ കോഴിക്കോട് സീറ്റിലേക്കും ഇവരെ മാറ്റാനുള്ള സാധ്യതയുണ്ട്. ചേലക്കരയില്‍ കെ.വി. ദാസനെ വേണമെന്ന ആവശ്യവുമുണ്ട്. ഒപ്പം നിരവധി പുതുമുഖങ്ങള്‍ക്കും നിയമസഭയിലേക്ക് അവസരം നല്‍കുമെന്നാണു വിവരം.

ചാലക്കുടിയില്‍ സനീഷ് കുമാര്‍ ജോസഫിനെത്തന്നെയാകും വീണ്ടുമിറക്കുക. 2021ലെ എല്‍ഡിഎഫ് സുനാമിയിലും പിടിച്ചുനിന്നത് സനീഷ് മാത്രമാണ്. വടക്കാഞ്ചേരിയില്‍ ഇനി മത്സരിക്കാമെന്ന അനില്‍ അക്കരയുടെ മോഹത്തിനും കാര്യമുണ്ടാകില്ല. നിലവില്‍ അടാട്ട് പഞ്ചായത്ത് പ്രസിഡന്റാകാന്‍ സാധ്യതയുള്ളത് അനില്‍ അക്കരയാണ്. മാത്രമല്ല, ഈ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാനും സാധ്യതയുണ്ട്. പകരം കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന ഇരിങ്ങാലക്കുട ഏറ്റെടുക്കും. ഇവിടെ സിപിഎമ്മിന്റെ മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് എംഎല്‍എ.

തൃശൂര്‍ കോര്‍പറേഷനിലേക്കു വമ്പന്‍ വിജയം നേടിയിട്ടും മേയറെ തെരഞ്ഞെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സാമുദായിക സമവാക്യമാണ് പ്രതിസന്ധി. നായര്‍ വിഭാഗത്തിനു സ്വാധീനമുള്ളതിനാല്‍ ഹിന്ദുവിനെയും അതിരൂപതയുടെ സമ്മര്‍ദത്തില്‍ ക്രിസ്ത്യാനിയെയുമാണ് പരിഗണിക്കുന്നത്. തിങ്കളാഴ്ച നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ലാലൂരില്‍നിന്ന് വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച ലാലി ജെയിംസ്, ഗാന്ധിനഗറില്‍നിന്നു വിജയിച്ച സുബി ബാബു എന്നിവരുടെ പേരുകളാണ് ഉയര്‍ന്നത്.

ആദ്യഘട്ടത്തില്‍ സുബി ബാബുവും രണ്ടാം ഘട്ടത്തില്‍ ലാലി ജെയിംസിനെയും പരിഗണിക്കാനായിരുന്നു ധാരണ. ഡിസിസി വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഡോ. നിജി ജസ്റ്റിന്റെ പേരും ഉയര്‍ന്നെങ്കിലും അനുഭവ പരിചയക്കുറവ് പ്രതിസന്ധിയായി.

ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കു സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍നിന്നു വിജയിച്ച എ. പ്രസാദ്, മിഷന്‍ ക്വാര്‍ട്ടേഴ്‌സ് ഡിവിഷനില്‍നിന്നു വിജയിച്ച ബൈജു വര്‍ഗീസ് എന്നിവരുടെ പേരുകളും അവസാന പട്ടികയിലുണ്ട്. ആരെ മേയറാക്കിയാലും തടസമുന്നയിക്കില്ലെന്നു കൗണ്‍സിലര്‍മാര്‍ അറിയിച്ചതോടെ അന്തിമ തീരുമാനമെടുക്കാന്‍ ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയാണു പാര്‍ലമെന്ററി പാര്‍ട്ടി യോഗം അവസാനിച്ചത്.

എന്നാല്‍, തെരഞ്ഞെടുപ്പില്‍ കോര്‍പറേഷന്റെ ചുമതലയുണ്ടായിരുന്ന റോജി ജോണ്‍ എംഎല്‍എയുടെ നിര്‍ദേശം അനുസരിച്ച് ലാലിയും നിജി ജസ്റ്റിനും അവസാന ലാപ്പിലേക്കു കയറി. രണ്ടാം ഘട്ടത്തില്‍ സുബി ബാബുവിനെയും പരിഗണിക്കുമെന്നു കരുതുന്നു.

ക്രിസ്ത്യാനിയെ ആദ്യം പരിഗണിക്കണമെന്ന ആവശ്യം തൃശൂര്‍ അതിരൂപത മുന്നോട്ടുവച്ചെങ്കിലും നിയമ സഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യാനിയെ പരിഗണിക്കുമെന്നതു കണക്കിലെടുത്ത് രണ്ടാം ഘട്ടത്തില്‍ മേയറായി ക്രിസ്ത്യാനിയെ വച്ചാല്‍ മതിയെന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്.

എറണാകുളം കോര്‍പറേഷനില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ളയാളെ മേയറായി പരിഗണിക്കുന്നതിനാല്‍ തൃശൂരില്‍ ഹൈന്ദവ വിഭാഗത്തില്‍നിന്നുള്ളയാള്‍ വേണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. കഴിഞ്ഞവട്ടം മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികളില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ള എം.കെ. വര്‍ഗീസ്, എം.എല്‍. റോസി എന്നിവരായിരുന്നു എന്ന വാദവും ഇവര്‍ ഉയര്‍ത്തി. കോര്‍പറേഷനില്‍ സീറ്റ് വിഭജനത്തിനു നേതൃത്വം വഹിച്ച തേറമ്പില്‍ അടക്കമുള്ളവര്‍ സുബി ബാബുവിനുവേണ്ടിയാണു വാദിക്കുന്നത്. കെ.സി. വേണുഗോപാല്‍ വിഭാഗവും ഹിന്ദുവായയാള്‍ വേണമെന്ന നിര്‍ദേശം മുന്നോട്ടു വയ്ക്കുന്നു. എന്നാല്‍, ഐ ഗ്രൂപ്പ് നേതാക്കള്‍ ക്രിസ്ത്യന്‍ വിഭാഗത്തിനുവേണ്ടിയും ആവശ്യമുന്നയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം ജനുവരിയില്‍തന്നെ നടത്തി പ്രചാരണത്തില്‍ മുന്‍തൂക്കം നേടാനുള്ള നീക്കത്തിലാണ് സംസ്ഥാന നേതൃത്വം. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളയള്‍ക്കു പ്രഥമ പരിഗണന നല്‍കിയാല്‍ മേയറായി സുബി ബാബുവിനു നറുക്കു വീഴും. രണ്ടാം ഘട്ടത്തില്‍ ലാലിയെയും പരിഗണിക്കും.

എന്നാല്‍, കൗണ്‍സിലറെന്ന നിലയിലുള്ള അനുഭവ സമ്പത്താണു ലാലിയുടെ മേന്‍മ. സാമുദായിക പരിഗണനയും പാര്‍ട്ടിയിലെ സ്ഥാനവും കണക്കാക്കി ഡോ. നിജി ജസ്റ്റിന്റെ പേര് ഉയര്‍ന്നെങ്കിലും പരിചയക്കുറവാണ് തടസം. മുക്കാട്ടുകരയില്‍നിന്നു വിജയിച്ച ശ്യാമള മുരളീധരന്‍, അഡ്വ. വില്ലി ജിജോ എന്നിവരുടെ പേരുകളും ഒരുഘട്ടത്തില്‍ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.

തൃശൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക് തൃശൂര്‍ മുന്‍ മേയര്‍ രാജന്‍ ജെ. പല്ലന്‍, സന്ദീപ് വാര്യര്‍, യുഡിഎഫ് തൃശൂര്‍ ജില്ലാ കണ്‍വീനര്‍ ടി.വി. ചന്ദ്രമോഹന്‍, മുന്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ എന്നിവരാണു രംഗത്തുള്ളത്. രാജന്‍ പല്ലനെ സ്ഥാനാര്‍ഥിയാക്കണമെങ്കില്‍ ഹിന്ദുവായ മേയര്‍ വരണം. അതല്ല, രാജന്‍ മത്സരിച്ചു ജയിച്ചെങ്കില്‍ രണ്ടാം ഘട്ടത്തില്‍ ഹിന്ദു മേയറെ കൊണ്ടുവരികയെന്ന ഫോര്‍മുലയുമുണ്ട്. മേയര്‍ നിര്‍ണയം കുഴപ്പത്തിലായതോടെ പന്ത് കെപിസിസിയുടെ കോര്‍ട്ടിലാണിപ്പോള്‍. ഇവര്‍ സാമുദായിക സമവാക്യങ്ങള്‍ നോക്കി പ്രഖ്യാപനം നടത്തുമെന്നാണു കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: