തൃശൂരിലെ തോല്‍വിക്കു പിന്നാലെ തിരുവനന്തപുരം കോര്‍പറേഷനിലും കെ. മുരളീധരന്റെ പദ്ധതികള്‍ അമ്പേ പാളി; ബിജെപി ജയിച്ച 41 ഇടത്ത് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്; ആകെ കിട്ടിയ വോട്ടുകളിലും വന്‍ ഇടിവ്; അട്ടിമറി അണികളുടേതോ നേതാവിന്റെയോ? കണക്കുകള്‍ ഇങ്ങനെ
കെ. മുരളീധരന് മത്സരിച്ച തൃശൂര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും സമാനമായ സ്ഥിതിയായിരുന്നു. തൊട്ടുമുമ്പ് ടി.എന്‍. പ്രതാപന് നേടിയ 75,000 വോട്ടുകള്‍ ആണ് ഒറ്റയടിക്ക് ബിജെപിയുടെ ഭൂരിപക്ഷമായി മാറിയത്. ഇടതുപക്ഷത്തിന്റെ നിര്‍ണായക കേന്ദ്രങ്ങളില്‍ വോട്ടു ചോര്‍ച്ച ചൂണ്ടിക്കാട്ടാമെങ്കിലും മൊത്തം ലഭിച്ച വോട്ടുകളില്‍ വര്‍ധനയാണുണ്ടായത്. ഈ തെരഞ്ഞെടുപ്പില്‍ മുരളി മൂന്നാം സ്ഥാനത്തേക്കു കൂപ്പുകുത്തി.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയുടെ പടുകൂറ്റന്‍ വിജയത്തിനു പിന്നാലെ വോട്ടിംഗ് കണക്കുകള്‍ വിലയിരുത്തിയുള്ള നിരീക്ഷണങ്ങളും ചര്‍ച്ചയിലേക്ക്. കെ.എസ്. ശബരീനാഥനെ മുന്നില്‍ നിര്‍ത്തി കോര്പറേഷന് പിടിക്കാനുള്ള ബുദ്ധി കെ. മുരളീധരന്റെയായിരുന്നു. തൃശൂര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്കെതിരേ മത്സരിച്ചശേഷം സംഘടനാ ചുമതലകളുമായി മുന്നോട്ടുപോയ മുരളീധരന്റെ ആദ്യ സജീവ തെരഞ്ഞെടുപ്പ് അണിയറ പ്രവര്‍ത്തനവും ഇതായിരുന്നു. മുമ്പ് പാലക്കാട്, നിലമ്പൂര്‍ തെരഞ്ഞെടുപ്പുകള്‍ വന്നെങ്കിലും അവിടെയൊന്നും മുരളിയുടെ സജീവ സാന്നിധ്യമുണ്ടായില്ല. മാത്രമല്ല, പാലക്കാടേക്കു കാല് കുത്തരുതെന്നും ചില നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു കൂപ്പുകുത്തിയ കോണ്‍ഗ്രസ് കോര്പറേഷന് അടക്കം പിടിച്ചു. പഞ്ചായത്തില്‍ 19 എണ്ണം കൂടുതലായും പിടിച്ചു. എന്നാല്‍, മുരളി നേതൃത്വം നല്കിയ കോര്‍പറേഷനില്‍ എന്തുകൊണ്ട് നിരവധി സീറ്റുകളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കു പോയി എന്നതും ചര്‍ച്ചയാകുകയാണ്. തെരഞ്ഞെടുപ്പിലെ അന്തര്‍ധാരയെക്കുറിച്ച് സിപിഎം ആവര്‍ത്തിക്കുന്നത് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ്.
കോര്‍പറേഷനിലെ മൂന്നു മുന്നണികള്‍ക്കും വീണ ആകെ വോട്ടിന്റെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ എല്‍ഡിഎഫിനാണ്. 1,75,522. എന്നാല്‍ മുന്‍തവണത്തെ അപേക്ഷിച്ച് കാര്യമായ വളര്‍ച്ചയില്ല. വലിയ ചോര്‍ച്ചയുമില്ല. പക്ഷെ സീറ്റ് ജയിക്കാന്‍ അതുപോരല്ലോ. എന്‍ഡിഎ 1,65,891 നേടിയപ്പോള്‍ യുഡിഎഫ് നേടിയത് 1,25,984 വോട്ടാണ്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി വിജയിച്ച 41 ഡിവിഷനുകളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. ബാക്കി 9 ഇടത്ത് എല്‍ഡിഎഫ് മൂന്നാമതാകണം. അഞ്ചിടത്ത് എല്‍ഡിഎഫ് തോറ്റത് 60 ല്‍ താഴെ വോട്ടുകള്‍ക്ക്. ബിജെപി ജയിച്ച 25 ഡിവിഷനില്‍ കോണ്‍ഗ്രസിന് ആയിരത്തില്‍താഴെ വോട്ടു മാത്രമേ സമാഹരിക്കാനായുള്ളൂ. അതില്‍ തന്നെ നാലിടത്ത് 400 വോട്ടില്‍ താഴെയാണ് ലഭിച്ചത്. ഓരോ ഡിവിഷനിലും ശരാശരി 4000- 6000 വോട്ടര്‍മാരാണുള്ളത്. ഇതേ പോലെ ബിജെപി വളരെ കുറച്ചു വോട്ടു പിടിച്ച് കോണ്‍ഗ്രസിനെ ജയിപ്പിച്ച ഇടങ്ങളുമുണ്ട്. മുട്ടടയില്‍ 460 വോട്ടാണ് ബിജെപിക്കു ലഭിച്ചത്. കുന്നുകുഴിയില്‍ ഐ.പി. ബിനുവിനെ തറപറ്റിക്കുക ബിജെപിയുടെ ലക്ഷ്യമായിരുന്നു. അവിടെ അവര്‍ക്കു കിട്ടിയത് വെറും 394 വോട്ട്.
കോണ്‍ഗ്രസിനെ വിജയിപ്പിച്ചാല്‍ സിപിഎമ്മിനെ പരാജയപ്പെടുത്താം എന്നു കരുതിയിടങ്ങളിലൊക്കെ ബിജെപി സംഘടിതമായി യുഡിഎഫിനു വോട്ടുമറിച്ചിട്ടുണ്ടെന്നാണ് ആരോപണം. ബിജെപിയുടെ ദീര്‍ഘകാല തെരഞ്ഞെടുപ്പ് പദ്ധതിയും അതാണെന്നു വിലയിരുത്തുന്നു. യുഡിഎഫിന്റെ മുഖ്യശത്രു സിപിഎമ്മായതിനാല്‍ ജയസാധ്യതയില്ലാത്തയിടങ്ങളില് കോണ്‍ഗ്രസ് വോട്ടുകള്‍ കൂടുതലായി ബിജെപിയിലേക്കു മറിഞ്ഞു. ഇതിനു പിന്നില്‍ കോണ്‍ഗ്രസിന്റെ തീരുമാനമുണ്ടെന്നു കരുതുന്നില്ല. അവയത്രയും വലതുപക്ഷ ആഭിമുഖ്യമുള്ള വോട്ടുകളാണ്. ഇനിതയും തരാതരം പോലെ അതു ബിജെപിയിലേക്കും കോണ്‍ഗ്രസിലേക്കും മറിഞ്ഞേക്കാം. ബിജെപിക്കു വിജയസാധ്യത ഉണ്ടെന്ന തോന്നലുള്ള പക്ഷം ബിജെപിക്കു തന്നെ വീഴും.
ഈ തെരഞ്ഞെടുപ്പോടെ വലതുപക്ഷം കൂടുതല്‍ സമുദായാത്മകമാകുന്നെന്നും ചൂണ്ടിക്കാട്ടുന്നു. മതവും ജാതിയും സമുദായവും ഒക്കെ രാഷ്ട്രീയത്തേക്കാള്‍ അവര്‍ക്കു പ്രധാനപ്പെട്ട പരിഗണനയാകുന്നു. വലതുപക്ഷ ഹൈന്ദവര്‍ക്കിടയില്‍ ഭക്തിയും ഭക്തിയോട് അനുബന്ധമായ പ്രകടനാത്മകതയും മതേതരത്വ വിരുദ്ധ നിലപാടുകളും ബിജെപിക്കു ഗുണം ചെയ്തു. ഏതാണ്ടു ത്രിപുര മോഡല്‍ അട്ടിമറിയാണു തിരുവനന്തപുരത്തു നടന്നതെന്നും ഇക്കാര്യത്തില്‍ മുരളീധരനു കാര്യമായ പങ്കുണ്ടെന്നും ഇടതു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കെ. മുരളീധരന് മത്സരിച്ച തൃശൂര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും സമാനമായ സ്ഥിതിയായിരുന്നു. തൊട്ടുമുമ്പ് ടി.എന്‍. പ്രതാപന് നേടിയ 75,000 വോട്ടുകള്‍ ആണ് ഒറ്റയടിക്ക് ബിജെപിയുടെ ഭൂരിപക്ഷമായി മാറിയത്. ഇടതുപക്ഷത്തിന്റെ നിര്‍ണായക കേന്ദ്രങ്ങളില്‍ വോട്ടു ചോര്‍ച്ച ചൂണ്ടിക്കാട്ടാമെങ്കിലും മൊത്തം ലഭിച്ച വോട്ടുകളില്‍ വര്‍ധനയാണുണ്ടായത്. ഈ തെരഞ്ഞെടുപ്പില്‍ മുരളി മൂന്നാം സ്ഥാനത്തേക്കു കൂപ്പുകുത്തി. എന്തുകൊണ്ടാണു തോല്‍വിയുണ്ടായത് എന്നതിനെക്കുറിച്ചുള്ള കെപിസിസി റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടുമില്ല. ഇതേക്കുറിച്ചിനി സംസാരിക്കാന്‍ താത്പര്യമില്ലെന്നു ചൂണ്ടിക്കാട്ടി മുരളിതന്നെയാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അടച്ചത്. എന്നാല്‍, മുരളിയുടെ പരാജയത്തോടെ കോണ്‍ഗ്രസിന്റെ തൃശൂരിലെ സംഘടനാ സംവിധാനങ്ങള്‍ ആകെ തകര്‍ന്നതും വിമര്‍ശകര്‍ എടുത്തുകാട്ടുന്നു.






