Breaking NewsKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

മറ്റു കാറുകള്‍ കടത്തിവിടാത്ത സാഹചര്യത്തില്‍ 90 വയസുള്ള മനുഷ്യനെ എന്തു ചെയ്യണമായിരുന്നു? വെള്ളാപ്പള്ളിക്ക് എതിരേ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ആരൊക്കെ? സത്യം പറയുന്ന നേതാവെന്ന് വിശേഷിപ്പിച്ചത് ചെന്നിത്തല; പിണറായി വിജയനെയും നടേശനെയും ചേര്‍ത്തുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കുറിപ്പ് ചര്‍ച്ചയാകുന്നു

ഈ ഘട്ടത്തില്‍ വെള്ളാപ്പള്ളി നടേശനെ എതിര്‍ക്കുക വഴി അയാളെ പൂര്‍ണ്ണമായും ആര്‍എസ്എസിന് വിട്ടുകൊടുക്കുകയാണ് . അത് 2016ലെ പോലെ ബിഡിജെഎസ് ന്റെയും ബിജെപിയുടെയും കുതിപ്പിന് കാരണമാകും.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തിരിച്ചടിക്കു പിന്നിലെ കാരണങ്ങള്‍ വിലയിരുത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ഉന്നമിടുന്നത് വെള്ളാപ്പള്ളി നടേശനെയും അദ്ദേഹത്തിന്റെ മുസ്ലിംകളോടുള്ള വിമര്‍ശനവുമാണ്. ഇതിനെതിരേ ഒറ്റവാക്കുപോലും പിണറായി വിജയന്‍ സംസാരിച്ചിട്ടില്ലെന്നും ഇതാണ് മുസ്ലിംകളുടെ വോട്ടു മറിയാന്‍ കാരണമെന്നും ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ അടക്കം വിലയിരുത്തുന്നു. വെള്ളാപ്പള്ളിയെ പിണറായി വിജയന്‍ കാറില്‍ കയറ്റിക്കൊണ്ടുപോയതടക്കം വിമര്‍ശന വിധേയമാക്കിയിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തടക്കം പാതിയോളം സീറ്റുകളാണ് എല്‍ഡിഎഫിന് സംസ്ഥാനത്താകെ നഷ്ടമായത്. എന്നാല്‍, പൊളിറ്റിക്കല്‍ വോട്ടിംഗ് ജില്ലാ പഞ്ചായത്തുകളില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞു. ന്യൂനപക്ഷങ്ങള്‍ വ്യാപകമായി യുഡിഎഫിലേക്ക് ഇടവേളയ്ക്കുശേഷം എത്തിയതാണ് ഇതിന്റെ മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുമായി ബന്ധിപ്പിച്ച് ജയപ്രകാശ് ഭാസ്‌കരന്‍ എഴുതിയ കുറിപ്പും ചര്‍ച്ചയാകുന്നത്.

Signature-ad

വെള്ളാപ്പള്ളിക്കെതിരേ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ആരൊക്കെയെന്ന് അദ്ദേഹം എടുത്തു ചോദിക്കുന്നു. ‘സത്യം പറയുന്ന നേതാവാണ് വെള്ളാപ്പള്ളി’ എന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിക്കുന്ന വി.ഡി. സതീശനും പേരിനുമാത്രമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ വിമര്‍ശിച്ചത്. മറ്റുള്ളവരൊന്നും ഒരു വാക്കും മിണ്ടിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

പോസ്റ്റിന്റെ പൂര്‍ണരൂപം

 

കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എ.കെ. ആന്റണി കഴിഞ്ഞാല്‍ നിലവിലെ ഏറ്റവും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയാണ്. പ്രായം കൊണ്ടല്ലെങ്കിലും പാരമ്പര്യം കൊണ്ട് രമേശ് ചെന്നിത്തല തന്നെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവ്. വെള്ളാപ്പള്ളി നടേശന്റെ ഗുഡ് ബുക്കില്‍ ഉള്ള നേതാക്കന്മാരില്‍ ഒരാളാണ് രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തല എന്താണ് വെള്ളാപ്പള്ളി നടേശനെ കുറിച്ച് പറഞ്ഞത്? ‘സത്യം പറയുന്ന നേതാവാണ് വെള്ളാപ്പള്ളി’ എന്ന് അദ്ദേഹം പറഞ്ഞിട്ടില്ലേ? കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ ലീഗിനെതിരെ അദ്ദേഹം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ഘട്ടത്തില്‍ പോലും വെള്ളാപ്പള്ളിയെ വിമര്‍ശിക്കാന്‍ രമേശ് ചെന്നിത്തല തയാറായിട്ടുണ്ടോ?

കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ഗര്‍ജിക്കുന്ന സിംഹമായ കെ സുധാകരന്‍ വെള്ളാപ്പള്ളിയെ എപ്പോഴെങ്കിലും എതിര്‍ത്തിട്ടുണ്ടോ ? വെള്ളാപ്പള്ളിയെ കുറിച്ച് അദ്ദേഹത്തിനും നല്ല അഭിപ്രായം മാത്രമല്ലേ ഉള്ളത്. ഒരു വാക്ക് സുധാകരനെ കൊണ്ടോ രമേശ് ചെന്നിത്തലയെ കൊണ്ടോ വെള്ളാപ്പള്ളിക്കെതിരെ പറയിക്കാമോ?
സതീശന്‍ അര്‍ധ മനസോടെ ചില വിമര്‍ശനങ്ങളള്‍ ഉന്നയിച്ചിട്ടുണ്ട്. സമ്മതിക്കുന്നു.
അതും പിണറായി വിജയനെ വിമര്‍ശിക്കാന്‍ വേണ്ടി പറഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ മുന്‍കാലങ്ങളില്‍ വിഎസും പിണറായിയും നടത്തിയത് പോലെ ശക്തമായ വിമര്‍ശനങ്ങള്‍ ഈ ഘട്ടത്തിലെങ്കിലും നടത്താന്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിന് കഴിയുമോ?

ഇനി ഈയുള്ളവന്‍ മനസിലാക്കിയ ചില കാര്യങ്ങള്‍ പറയാം.

വെള്ളാപ്പള്ളിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് കാരണമാകും എന്ന് അറിയാത്തവരല്ല കേരളത്തിലെ സിപിഎം നേതാക്കന്മാര്‍. ഒരു തെരഞ്ഞെടുപ്പ് വിജയത്തിനായി ആരെയെങ്കിലും ഒരാളെ ശത്രുപക്ഷത്ത് നിര്‍ത്തണമെങ്കില്‍ അത് കേരളത്തില്‍ വെള്ളാപ്പള്ളിയെയാണ് എന്ന സാമാന്യ വിവേകമുള്ള ആര്‍ക്കും അറിയാം. എന്നാല്‍, ഈ ഘട്ടത്തില്‍ വെള്ളാപ്പള്ളി നടേശനെ എതിര്‍ക്കുക വഴി അയാളെ പൂര്‍ണ്ണമായും ആര്‍എസ്എസിന് വിട്ടുകൊടുക്കുകയാണ് . അത് 2016ലെ പോലെ ബിഡിജെഎസ് ന്റെയും ബിജെപിയുടെയും കുതിപ്പിന് കാരണമാകും.

അയാള്‍ ആരായാലും എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അയാളെ പരമാവധി മതനിരപേക്ഷ ചേരിയില്‍ ഉറപ്പിച്ചു നിര്‍ത്തുക എന്ന രാഷ്ട്രീയ കടമയാണ് നിര്‍വ്വഹിച്ചത്. എന്നാല്‍ സിപിഎം നല്‍കുന്ന ആദരം കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്കായി അയാള്‍ ഉപയോഗിച്ചതോടെ അത് മതനിരപേക്ഷരരായ മനുഷ്യരില്‍വിശിഷ്യാ ന്യൂനപക്ഷ വിഭാഗങ്ങളില്‍ അസംതൃപ്തി ഉണ്ടാക്കി എന്നതു വസ്തുതയാണ്. അതനുസരിച്ചുളള നിലപാട് ആയിരിക്കും ഭാവിയില്‍ സിപിഎം സ്വീകരിക്കുക.

അയാളെ മുഖ്യമന്ത്രി കാറില്‍ കയറ്റിയതിനെ കുറിച്ച് ബന്ധപ്പെട്ടവരോട് ചോദിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു മറുപടി പറഞ്ഞത്. മറ്റു കാറുകള്‍ കടത്തിവിടാന്‍ നിര്‍വാഹമില്ലാത്ത ഘട്ടത്തില്‍ 90 വയസുള്ള ഒരാള്‍ ദീര്‍ഘ ദൂരം നടക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് അയാളെ കാറില്‍ കയറ്റിയത്. അതു മനുഷ്യത്വപരമായ ഒരു പരിഗണന മാത്രമായിരുന്നു.
അതിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ അറിയില്ല.

ഇവിടെ കോണ്‍ഗ്രസുകാരനായ മമ്മൂഞ്ഞ് കാക്ക പറഞ്ഞതു കൂടി എഴുതാതെ വയ്യ.
എതിര്‍ക്കുമ്പോഴും കേരളത്തിലെ മുസ്ലിം സമൂഹത്തിന് ഏറ്റവും വിശ്വാസം ഉള്ള നേതാവ് പിണറായി വിജയനായിയിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്നത് കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് വലിയ സുരക്ഷിതത്വം നല്‍കിയിരുന്നു. അയാളെ പരസ്യമായി ചീത്ത വിളിക്കുന്നവര്‍ക്ക് പോലും ഉള്ളില്‍ അയാളെ ഇഷ്ടമായിരുന്നു. എന്നാല്‍ അയാള്‍ വെള്ളാപ്പള്ളിയെ ഇങ്ങനെ പൊക്കിക്കൊണ്ട് നടന്നപ്പോള്‍ ശരിക്കും ഞങ്ങള്‍ പേടിച്ചുപോയി. ആ പേടി തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടിട്ടുണ്ട്. അയാള്‍ തിരുത്തണം.

ആദ്യം വാജ്‌പേയി അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസുകാരനായ അസീസ് കാക്ക കടയിലേക്ക് വിളിച്ചുവരുത്തി ചോദിച്ചത് ഓര്‍മ്മവന്നു: ‘എടാ കേന്ദ്രം ഭരിക്കുന്നത് വാജ്‌പേയ് ആണെങ്കിലും കേരളത്തിലെ കാര്യങ്ങള്‍ നായനാര്‍ അല്ലേടാ നോക്കുന്നത്!’

പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെ മുസ്ലിം ജനവിഭാഗം ഒന്നടങ്കം യുഡിഎഫിന് വോട്ട് ചെയ്തിട്ടില്ലായെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്.
അപ്പോഴും അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കൊടി കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുക മാത്രമല്ല അത് എല്ലാ വിഭാഗം ജനങ്ങളെയും ബോധ്യപ്പെടുത്താനും ഇടതുപക്ഷം തയ്യാറാകണം.

 

Back to top button
error: