ലിയോണേല്‍ മെസ്സി ന്യൂഡല്‍ഹിയിലും എത്തി ആരാധകരെ കണ്ടു ; പക്ഷേ പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല ; മൂടല്‍മഞ്ഞ് കാഴ്ച മറയ്ക്കുന്ന പ്രശ്നത്തെ തുടര്‍ന്ന് വിമാനം വൈകി ; മോദി വിദേശത്തേക്ക് പോയി ; കൂടിക്കാഴ്ച റദ്ദാക്കി

ന്യൂഡല്‍ഹി: ഗോട്ട് ഇന്ത്യ ടൂറിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫുട്ബോള്‍ ഇതിഹാസം ലിയോണേല്‍ മെസ്സിയുടെ കൂടിക്കാഴ്ച റദ്ദാക്കി. മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് വിദേശത്തേക്ക് യാത്ര തിരിച്ചതിനാലാണ് കൂടിക്കാഴ്ച റദ്ദാക്കിയത്. മെസ്സിയുടെ വിമാനം മൂടല്‍മഞ്ഞ് കാരണം സമയത്ത് എത്താത്തതും പ്രശ്നമായി.
അര്‍ജന്റീന സൂപ്പര്‍ താരം ഇന്നലെ അവസാന ദിവസത്തില്‍ ഡല്‍ഹിയില്‍ എത്തിയിരുനനു. മുംബൈയില്‍ നിന്നും പുറപ്പെടേണ്ട വിമാനം വൈകിയതിനാല്‍ നിശ്ചയിച്ച സമയത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിമാനം ഡല്‍ഹിയിലെത്തിയത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മൂന്നുനഗരങ്ങളില്‍ താരം സന്ദര്‍ശനം നടത്തിയ ശേഷമാണ് മെസ്സി ന്യൂഡല്‍ഹിയില്‍ എത്തിയത്.
ആദ്യദിവസം കോല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലും രണ്ടാം ദിനം മുംബൈയിലും മെസി എത്തി. മെസിക്കൊപ്പം സുവാരസും, റോഡ്രിഗോ ഡി പോളുമുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ മെസിക്ക് സച്ചിന് ടെന്‍ഡുള്‍ക്കര്‍ അദ്ദേഹത്തിന്റെ പത്താം നമ്പര്‍ ജേഴ്സി സമ്മാനിച്ചിരുന്നു. ഡല്‍ഹിയിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മെസി നാട്ടിലേക്ക് തിരിക്കും.
അതേസമയം, കോല്‍ക്കത്തയിലെ മെസിയുടെ സന്ദര്‍ശനം വലിയ പ്രതിഷേധത്തിനും സംഘര്‍ഷത്തിനും വഴിവച്ചിരുന്നു. 10 മിനിറ്റ് സ്റ്റേഡിയത്തില്‍ തങ്ങിയ ശേഷം മെസി മടങ്ങിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്നാണ് ടിഎംസിയുടെ ആരോപണം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഗവര്‍ണറുടെ ആവശ്യം.






