തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി അധികാരത്തിലേറുമ്പോള്‍ സാക്ഷ്യം വഹിക്കാന്‍ മോദിയെത്തുമോ? വൈകാതെ തലസ്ഥാനത്തെത്തുമെന്ന് പ്രധാനമന്ത്രി; ഭരണം പിടിച്ചതിന് രാജീവ് ചന്ദ്രശേഖറിന് അഭിനന്ദമറിയിച്ച് മോദി; നിയമസഭ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴക്കി മോദിയെത്തും

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനനഗരയില്‍ ബിജെപി തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ഏറ്റെടുക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍.
വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്ന് മോദി പറഞ്ഞത് കോര്‍പറേഷന്‍ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോഴാണോ എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.
എന്നാല്‍ പുതിയ ഭരണസമിതി അധികാരമേറ്റതിനു ശേഷമായിരിക്കും മോദി തിരുവനന്തപുരത്ത് എത്തുകയെന്നും സൂചനയുണ്ട്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഇതാദ്യമായി ബിജെപിയുടെ മേയര്‍ക്ക് ലഭിക്കുന്ന ആ അവസരം കേരളത്തിലെ ബിജെപിയുടെ സുവര്‍ണ നിമിഷമായിരിക്കും അത്.
ഇതിനു മുന്‍പ് വന്നപ്പോഴെല്ലാം മറ്റു പാര്‍ട്ടിക്കാരുടെ മേയറായിരുന്നു പ്രധാനമന്ത്രിയെ വരവേറ്റത്.
കേരളത്തിന്റെ തലസ്ഥാനനഗരിയില്‍ താമരവിരിയിച്ച മഹാവിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ ഫോണില്‍ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും വൈകാതെ തിരുവനന്തപുരത്ത് വരുമെന്ന് പറയുകയും ചെയ്തു. ഇതോടെയാണ് സത്യപ്രതിജ്ഞയ്ക്ക് മോദി എത്തുമോ എന്ന അഭ്യൂഹം ശക്തമായത്.
എന്തായാലും അനന്തപുരിയുടെ പുതിയ ഭരണസാരഥികളെയും കൗണ്‍സിലര്‍മാരേയും ബിജെപിയുടെ നേതാക്കളേയും പ്രവര്‍ത്തകരേയും കാണാന്‍ മോദിയെത്തുമ്പോള്‍ അത് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴക്കല്‍ കൂടിയാകുമെന്നാണ് സൂചന.






