Breaking NewsKeralaLead NewsNEWSNewsthen Specialpolitics

സതീശാ ആ ഡയലോഗ് കലക്കി; ഇതിലും നല്ല പരിഹാസം സ്വപ്‌നങ്ങളില്‍ മാത്രം; തോറ്റുവെന്ന് സിപിഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ടെന്ന് വി.ഡി.സതീശന്‍; അവര്‍ അത് സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവിന്റെ കമന്റ്

കൊച്ചി: വി.ഡി.സതീശന്‍ കൊച്ചിയില്‍ അടിച്ച ആ ഡയലോഗ് സിപിഎമ്മിന്റെ ഇടനെഞ്ച് തകര്‍ത്തിട്ടുണ്ടാകും. അത്രയ്ക്ക് പഞ്ചായിരുന്നു പ്രതിപക്ഷനേതാവിന്റെ ആ കിടിലന്‍ കമന്റിന്.
തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്. അവര്‍ അത് സമ്മതിക്കില്ല. ഇഎംഎസിന്റെ കാലം മുതലുള്ള രീതിയാണത് – വിജയാഹ്ലാദത്തിന്റെ നിറവില്‍ സതീശന്‍ തൊടുത്ത ഈ പരിഹാസശരം കൊള്ളാത്തവരുണ്ടാവില്ല ഇടതുക്യാമ്പില്‍.
താത്വികമായ അവലോകനം നടത്തി പറയാന്‍ എം.വി ഗോവിന്ദന്‍ വിദഗ്ധനാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തതോടെ ഡയലോഗ് വൈറലായി.

സന്ദേശം സിനിമയില്‍ ശ്രീനിവാസന്‍ എഴുതാന്‍ വിട്ടുപോയ ഒരു ഡയലോഗാണ് സത്യത്തില്‍ സതീശന്‍ പറഞ്ഞത്.
എന്തു കൊണ്ടു തോറ്റു എന്ന് സന്ദേശത്തില്‍ ചോദിക്കുന്നതുപോലൊരു തഗ്ഗ് ഡയലോഗ്.
സതീശന്റെ ഡയലോഗ് സോഷ്യല്‍മീഡിയ ട്രോള്‍ കമന്റാക്കാന്‍ ഏറ്റുപിടിച്ചിട്ടുണ്ട്.

Signature-ad

പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഈ വിജയം സതീശന് അത്യാവശ്യമായിരുന്നു. ഡല്‍ഹിയില്‍ നിന്ന് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിലേക്ക് പറന്നിറങ്ങാനൊരുങ്ങുന്നവര്‍ക്ക് മുന്നില്‍ സതീശന് നെഞ്ചുവിരിച്ച് തലയുയര്‍ത്തി അഭിമാനത്തോടെ നില്‍ക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസ് ആഘോഷിക്കുമ്പോള്‍ സതീശനാണ് അതില്‍ ഏറ്റവും മനസമാധാനം.

മുപ്പത് വര്‍ഷത്തിനിടയില്‍ യുഡിഎഫിന് ലഭിച്ച ഏറ്റവും മികച്ച തിളക്കമാര്‍ന്ന വിജയമാണിതെന്ന് സതീശന്‍ തുറന്നു സമ്മതിക്കുന്നു. യുഡിഎഫിന് പ്രതീക്ഷിച്ച വിജയം ലഭിച്ചുവെന്നും ജനങ്ങളോട് നന്ദി പറയുന്നുവെന്നും സതീശന്‍ പ്രതികരിച്ചു. നഗര- ഗ്രാമ വ്യത്യാസം ഇല്ലാതെ ജനങ്ങള്‍ യുഡിഎഫിനെ പിന്തുണച്ചു. വിജയത്തില്‍ യുഡിഎഫിന് ഞെട്ടല്‍ ഉണ്ടായിട്ടില്ല. മധ്യ കേരളത്തില്‍ യുഡിഎഫ് വിചാരിച്ചതിനേക്കാള്‍ വലിയ വിജയമാണ് ഉണ്ടായത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വോട്ട് ഇരട്ടിയായി. 500ല്‍ അധികം ഗ്രാമപഞ്ചായത്തുകള്‍ നേടിയത് ചരിത്ര വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

ഇപ്പോഴത്തെ യുഡിഎഫ് വലിയ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം ആണ്. രാഷ്ട്രീയത്തിന് അതീതമായി കേരളത്തില്‍ നല്ല ഭരണം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന നിരവധി ഘടകങ്ങള്‍ ചേര്‍ന്നതാണ് യുഡിഎഫ് എന്നും സതീശന്‍ വ്യക്തമാക്കി. അതേസമയം കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് എത്തിക്കുമെന്ന സൂചനയും സതീശന്‍ നല്‍കി. 2016 ല്‍ കൂടെ ഇല്ലാതിരുന്ന ഒരുപാട് സാമൂഹിക ഘടകങ്ങള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എല്‍ഡിഎഫില്‍ നിന്നും എന്‍ഡിഎയില്‍ നിന്നും പല ഘടക കക്ഷികള്‍ യുഡിഎഫില്‍ വരും. 100 സീറ്റിലധികം നേടിയെടുക്കണമെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്. ഇടതു മുന്നണി കേരളത്തില്‍ ശിഥിലമാകും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നീക്കുപോക്ക് ഉള്‍പ്പടെ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും സതീശന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭരണം ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന മുന്‍ പ്രതികരണം സതീശന്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രി ഇങ്ങനെ തന്നെ പോകണം. നന്നായാല്‍ യുഡിഎഫിന് ബുദ്ധിമുട്ടാകുമെന്ന് സതീശന്‍ പരിഹസിച്ചു.

കേരളത്തില്‍ ഇന്നേ വരെ ഒരു മുന്നണിയും പറയാത്ത കാര്യം യുഡിഎഫ് പറയും, കേരളം നന്നാക്കാനുള്ള വഴികള്‍ യുഡിഎഫ് ജനുവരിയില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: