”മഞ്ജു വാര്യര്‍ പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചത്” ; ദിലീപിന്റെ പ്രതികരണം വന്നത് മഞ്ജു പറഞ്ഞതില്‍ നിന്നും ; മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ അന്ന് നടി പറഞ്ഞത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന്‍ ദിലീപ് ആദ്യം നടത്തിയ വിമര്‍ശനം നടിയും മുന്‍ഭാര്യയുമായ മഞ്ജുവാര്യരെ. നടി പറഞ്ഞ ക്രിമിനല്‍ഗൂഡാലോചന എന്ന വാക്കില്‍ നിന്നുമായിരുന്നു ദിലീപ് പ്രതികരണം തുടങ്ങിയത്.
‘ഈ കേസില്‍ ക്രിമിനല്‍ ഗൂഡാലോചനയുണ്ട്. അത് അന്വേഷിക്കണമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചത്. അതിന് ചില പോലീസ് ഉദ്യോഗസ്ഥയും പോലീസ് ക്രിമിനലുകളും ചേര്‍ന്ന് തന്റെ കരിയറും ജീവിതവും കുടുംബവും സല്‍പ്പേരും കളങ്കപ്പെടുത്താന്‍ നടത്തിയ ശ്രമമായിരുന്നു ഇതെന്ന് ദിലീപ് കോടതി വളപ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.
”കേസില്‍ നടന്ന യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയാണ്. ജയിലിലായിരുന്ന പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് തനിക്കെതിരെ കള്ളക്കഥ മെനയുകയായിരുന്നു. ഒരു മേല്‍ ഉദ്യോഗസ്ഥനും ക്രിമിനല്‍ പൊലീസ് സംഘവും ചേര്‍ന്നാണ് അത് നടപ്പിലാക്കിയത്. കേസിലെ പ്രധാന പ്രതിയേയും അയാളുടെ കൂട്ടാളികളേയും ചേര്‍ത്തുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ആ കള്ളക്കഥ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു” ദിലീപ് പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യമായി പറഞ്ഞത് മഞ്ജു വാര്യരാണ്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ എറണാകുളം ദര്‍ബാര്‍ ഹാളില്‍ ‘അമ്മ’ നടത്തിയ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മഞ്ജു വാര്യരുടെ പരാമര്‍ശമാണ് കുറ്റവിമുക്തമാക്കപ്പെട്ടതിന് പിന്നാലെ ദിലീപ് സൂചിപ്പിച്ചത്.
‘ഇവിടെ ഇരിക്കുന്ന പലരെയും, ഞാനടക്കമുള്ള പലരെയും പല അര്‍ധരാത്രികളിലും അസമയങ്ങളിലും ഞങ്ങളുടെ വീടുകളില്‍ സുരക്ഷിതരായി കൊണ്ടാക്കിയ ഡ്രൈവര്‍മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരെയും അങ്ങനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. പക്ഷേ, ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്. ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങേയറ്റം പൂര്‍ണമായ പിന്തുണ നല്‍കുക എന്നതാണ് നമുക്കിവിടെ ചെയ്യാന്‍ സാധിക്കുക. അതുമാത്രമല്ല, ഒരുസ്ത്രീക്ക് വീടിന് അകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചുകിട്ടാനുള്ള അര്‍ഹതയുണ്ട്. ആ ഒരു സന്ദേശമാണ് ഞാനിവിടെ എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സമൂഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെയെന്ന് എല്ലാവരോടും അഭ്യര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു” എന്നായിരുന്നു മഞ്ജു വാര്യരുടെ വാക്കുകള്‍.
കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി അറസ്റ്റിലായതിന് പിന്നാലെ മഞ്ജു വാര്യര്‍ തന്റെ നിലപാട് കൂടുതല്‍ ശക്തമാക്കുകയും ചെയ്തു. മുഖ്യപ്രതിയെ പിടികൂടാന്‍ സാധിച്ചത് വലിയ കാര്യമാണ്. എന്നാല്‍ ഇത് ഒരിക്കലും വളരെ യാദൃച്ഛികമായി നടന്ന ഒരു കാര്യമാണെന്ന് ആര്‍ക്കും തോന്നുന്നില്ല. വളരെ ആസൂത്രിതമായി നടന്ന കുറ്റകൃത്യം തന്നെയാണ്. ഇതില്‍ കൂടുതല്‍ അന്വേഷണം നടന്ന് എല്ലാസത്യങ്ങളും പുറത്തുവരുമെന്ന പൂര്‍ണവിശ്വാസം എനിക്കുണ്ടെന്നായിരുന്നു താരത്തിന്റെ അന്നത്തെ പ്രതികരണം.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളുമായിരുന്നു മഞ്ജു വാര്യര്‍. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് കനത്ത വൈരാഗ്യമുണ്ടായിരുന്നു മഞ്ജു വാര്യര്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. സിനിമയില്‍ നിന്നും മനപ്പൂര്‍വ്വം ഒഴിവാക്കിയതായും ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നുവെന്ന് മഞ്ജു മാര്യര്‍ മൊഴി നല്‍കി. ഇവയെല്ലാം കേസില്‍ നിര്‍ണായകമായി.






