Breaking NewsIndiaLead NewsSports

മാര്‍ക്രവും ബ്രെവിസും ശക്തമായി തിരിച്ചടിച്ചപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തേറ് മറന്നു ; വിരാട്‌കോഹ്്‌ലിയും ഋതുരാജ് ഗെയ്ക്ക്‌വാദും സെഞ്ച്വറി നേടിയിട്ടും രക്ഷയുണ്ടായില്ല, രണ്ടാം ഏകദിനം ദക്ഷിണാഫ്രിക്ക ചൂണ്ടി

റായ്പൂര്‍: റാഞ്ചിയിലെ തോല്‍വിക്ക് റായ്പൂരില്‍ പകരം വീട്ടി ദക്ഷിണാഫ്രിക്ക. ഇന്ത്യയ്ക്ക് എതിരേയുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയരെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ സെഞ്ച്വറിയുടേയും മാത്യൂ ബ്രീസ്‌ക്കേ, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരുടെ അര്‍ദ്ധശതകത്തിന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യന്‍ താരം വിരാട്‌കോഹ്്‌ലിയുടേയും ഋതുരാജ് ഗെയ്ക്ക്‌വാദിന്റെയും സെഞ്ച്വറികള്‍ പാഴായി. ഇതോടെ ഏകദിന പരമ്പര 1-1 എന്ന നിലയില്‍ തുല്യതയിലായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റിന് 358 റണ്‍സ് എടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. എയ്ഡന്‍ മാര്‍ക്രത്തിന്റെയും ബ്രെവിസിന്റെയും വെടിക്കെട്ടായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് മുതല്‍കൂട്ടായത്. 98 പന്തില്‍ 10 ബൗണ്ടറിയും നാലു സിക്‌സറും അടിച്ച മാര്‍ക്രം 110 റണ്‍സ് എടുത്തു. ഒപ്പം നിന്ന ബ്രീസ്‌കെ 68 റണ്‍സും നേടി. 64 പന്തിലായിരുന്നു ബ്രീസ്‌കെയുടെ അര്‍ദ്ധശതകം. മാര്‍ക്രം അടിച്ചു തകര്‍ത്തപ്പോള്‍ ബ്രീസ്‌കെ നങ്കൂരമിട്ടു കളിച്ചു. പിന്നാലെ വന്ന ഡെവാള്‍ഡ് ബ്രെവിസും അര്‍ദ്ധ സെഞ്ച്വറി നേടി. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ബ്രെവിസിന്റെ 54 റണ്‍സില്‍ അഞ്ചു സിക്‌സറുകള്‍ ഉണ്ടായിരുന്നു. ഒരു ഫോറും. നായകന്‍ ടെമ്പാ ബാവുമയും മെച്ചപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്തു. 46 റണ്‍സായിരുന്നു ബാവുമയുടെ സമ്പാദ്യം.

Signature-ad

വിമര്‍ശകര്‍ക്ക് ഉജ്വല മറുപടി കൊടുത്ത വിരാട്‌കോഹ്ലിയുടെയും യുവതാരം ഋതുരാജ് ഗെയ്ക്ക് വാദിന്റെയും തകര്‍പ്പന്‍ സെഞ്ച്വറിയുടേയും നായകന്‍ കെ.എല്‍. രാഹുലിന്റെ തകര്‍പ്പന്‍ വെടിക്കെട്ടിന്റെയും പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ തകര്‍ത്തിരുന്നു. ആദ്യ ഏകദിനത്തിന്റെ തുടര്‍ച്ചയായി രണ്ടാം ഏകദിനത്തിലും സെഞ്ച്വറി നേടിയ വിരാട്‌കോഹ്ലി 93 പന്തുകളില്‍ 102 റണ്‍സ് അടിച്ചു. ഏഴ് ബൗണ്ടറികളും രണ്ടു സിക്‌സറുകളും പറത്തി. ഏകദിനത്തിലെ താരത്തിന്റെ 53 ാമത്തെ സെഞ്ച്വറിയായിരുന്നു ഇത്. 83 പന്തുകളില്‍ 105 റണ്‍സായിരുന്നു ഋതുരാജിന്റെ സമ്പാദ്യം.

നായകന്‍ കെ.എല്‍. രാഹുല്‍ പുറത്താകാതെ 43 പന്തില്‍ 66 റണ്‍സ് അടിച്ചു. ആറ് ബൗണ്ടറികളും രണ്ടു സിക്‌സറുകളും പറന്നു. മൂന്‍ നായകന്‍ രോഹിത്ശര്‍മ്മ പക്ഷേ ഈ മത്സരത്തില്‍ തകര്‍പ്പനടികള്‍ പുറത്തെടുത്തില്ല. 38 പന്തുകളില്‍ 22 റണ്‍സുമായി മടങ്ങി. രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമേ നേടാനായുള്ളു. ജെയ്‌സ്വാള്‍ 14 റണ്‍സുമെടുത്ത് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: