രാഹുല്‍ മാങ്കൂട്ടത്തിന് വേണ്ടി കോണ്‍ഗ്രസ് കണ്ണടച്ച് ഇരുട്ടാക്കാന്‍ നോക്കി; കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എല്ലാം മറച്ചുവച്ചോ? ആദ്യ പരാതിക്കാരി മുഖ്യമന്ത്രിക്ക് പരാതി കൊടുത്തതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷനും ഇ-മെയില്‍ അയച്ചു; എല്ലാം മുക്കിവച്ചു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗികാപവാദത്തില്‍ യുവനേതാവിന് വേണ്ടി കോണ്‍ഗ്രസ് കണ്ണടച്ച് ഇരുട്ടാക്കാന്‍ നോക്കി. മുഖ്യമന്ത്രിക്ക് പരാതി നല്കിയ യുവതി കെപിസിസി അദ്ധ്യക്ഷനും പരാതി മെയില്‍ ചെയ്തിരുന്നു. ഈ വിവരം മറച്ചുവെച്ചാണ് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ് രണ്ടാമത് കിട്ടിയ പരാതിയുടെ മാത്രം വിവരം പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മാസം 28ന് വൈകിട്ട് ഇമെയില്‍ വഴിയാണ് പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയെന്നതടക്കമുള്ള വിവരങ്ങള്‍ പരാതിയിലുണ്ടായിരുന്നു. എന്നാല്‍ രണ്ടാമത് വന്ന യുവതിയുടെ പരാതി കോണ്‍ഗ്രസ് പോലീസിന് കൈമാറിയിരുന്നു. ആദ്യമായാണ് പരാതി ലഭിക്കുന്നതെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ വാദം.
എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നത് ഉള്‍പ്പെടെ കടുത്ത ആരോപണം ഉന്നയിക്കപ്പെട്ട മുഖ്യമന്ത്രിക്ക് നല്കിയ പരാതിക്ക് പിന്നാലെ അതിജീവിത കോണ്‍ഗ്രസിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെ ഒരു പരാതി ലഭിച്ച വിവരം സണ്ണി ജോസഫ് പുറത്തുപറഞ്ഞില്ല. നവംബര്‍ 28ന് ഉച്ച കഴിഞ്ഞാണ് രാഹുലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതിന് പിന്നാലെ 3.15 ഓടെ ഈ പരാതിയുടെ പകര്‍പ്പ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കും അയച്ചിരുന്നു.
എന്നാല്‍ ഈ വിവരം കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല. ഇന്ന് ഉച്ചയോടെയാണ് രാഹുലിനെതിരെ മറ്റൊരു യുവതി സണ്ണി ജോസഫ് അടക്കമുള്ളവര്‍ക്ക് ഇമെയിലായി പരാതി നല്‍കിയത്. സണ്ണി ജോസഫിന് പുറമേ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. വിവാഹ വാഗ്ദാനം നല്കി ഹോം സ്റ്റേയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചതായി യുവതി ആരോപിച്ചിരുന്നു.






