Breaking NewsKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

‘മഴ പെയ്തിട്ടു നനഞ്ഞില്ല, പിന്നല്ലേ മരം പെയ്യുമ്പോള്‍’: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ വിമര്‍ശനങ്ങള്‍ക്കു പിന്നാലെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തില്‍ കടുത്ത മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍; ആരോപണ വിധേയനുവേണ്ടി സംസാരിക്കുന്നവരെ ഓര്‍ത്ത് സഹതാപം

കോഴിക്കോട്: തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷ പ്രതികരണങ്ങളുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കെ. സുധാകരനെതിരേയും രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേയും നടത്തിയ പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ് ഇരുകൂട്ടരുടെയും സൈബര്‍ ആണികള്‍ രൂക്ഷമായ ആക്രമണങ്ങളുമായി രംഗത്തുവന്നത്. ഉണ്ണിത്താനെതിരേ മുമ്പുയര്‍ന്ന സദാചാര ആരോപണങ്ങളുമായി ബന്ധിപ്പിച്ചായിരുന്നു ആക്രമണത്തില്‍ ഏറെയും. ഇനിയും ആക്രമണം തുടര്‍ന്നാല്‍ പരസ്യമായ വാര്‍ത്താ സമ്മേളനം വിളിക്കുമെന്നുവരെ ഉണ്ണിത്താന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിലാണ് കുറിക്കു കൊള്ളുന്ന വാക്കുകളുമായി രംഗത്തുവന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

പാര്‍ലമെന്റ് മുതല്‍ പാല്‍ സൊസൈറ്റിവരെയുള്ള തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്റെ ആയുധം സ്ത്രീ പീഡന വിഷയങ്ങളാണ്. അവരുടെ കൊള്ളരുതായ്മകള്‍ മറച്ച് പിടിക്കാനുള്ള കുറുക്ക് വഴി. എന്നാല്‍ സര്‍ക്കാരിന്റെ തീവെട്ടി കൊള്ളയെയും ജന വിരുദ്ധതയെയും തുറന്ന് കട്ടേണ്ട സമയത്ത് ആരോപണ വിധേയര്‍ക്ക് വേണ്ടി മറ്റൊരു വഴിക്ക് സഞ്ചരിക്കുന്ന ആളുകളെ കാണുമ്പോള്‍ സഹതാപം മാത്രം.

Signature-ad

കോണ്‍ഗ്രസ് പാര്‍ട്ടി ഒരു വിഷയത്തില്‍ ഒരു നിലപാടെടുത്താല്‍ ആ നിലപാടിനോടൊപ്പം നില്‍ക്കുകയെന്നതാണ് ഒരു പാര്‍ട്ടിക്കാരന്‍ അടിസ്ഥാനപരമായി ചെയ്യേണ്ടത്. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ വ്യക്കിപരമായി നമ്മള്‍ക്ക് കയ്‌പ്പേറിയതാകാം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമാകാം പക്ഷെ എന്നും പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കുക എന്നതാണ് എന്റെ ബോധ്യം. അത്തരമൊരു ബോധ്യത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം എന്റെ പ്രതികരണം രാഹുല്‍ മാംങ്കൂട്ടത്തില്‍ വിഷയത്തില്‍ ഉണ്ടായത്.

ശ്രീ കെ സുധകാരനുള്‍പ്പെടെ പാര്‍ട്ടി നേതൃത്വം ഒറ്റക്കെട്ടായെടുത്ത തീരുമാനത്തെ തള്ളിപ്പറയുന്ന പ്രതീതിയുണ്ടാക്കുന്ന തരത്തില്‍ മുതിര്‍ന്ന നേതാവ് ശ്രീ കെ സുധാകരന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായപ്പോള്‍ അതിനെതിനെ രൂക്ഷമായി വിമര്‍ശിച്ചതും എന്റെ അടിയുറച്ച പാര്‍ട്ടി ബോധത്തില്‍ നിന്ന് പിന്നോട്ട് പോകുന്ന നിലപാട് എനിക്കില്ലാത്തതിനാലാണ്.

പാര്‍ട്ടിയാണ് പ്രധാനം അല്ലാതെ വ്യക്തികളല്ല. മുഖമുള്ളതും മുഖമില്ലാത്തതുമായ സൈബര്‍ കടന്നലുകള്‍ എന്റെ നേരെ പാഞ്ഞടുത്താലും എന്റെ നിലപാടില്‍ തരിമ്പും മാറ്റമുണ്ടാകില്ല. മടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടിക്കേണ്ടതില്ലല്ലോ. പറഞ്ഞ് പഴകിത്തേഞ്ഞ മഞ്ചേരി സദാചാര ആള്‍ക്കൂട്ടാക്രമണത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരാണെന്നും അതിന്റെ ഉത്തരവ് എവിടെ നിന്നാണ് വന്നതെന്നതെന്നും പകലുപോലെ വ്യക്തമാണ്. അത് കോടതിക്കും ബോധ്യമായത്തിനാലാണ് കേസ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞത്. അവിടെ എനിക്കെതിരെ ഒരു സ്ത്രീയുടെയും പരാതിയില്ല, ആള്‍ക്കൂട്ടക്രമണത്തിന്റെ ഇരയായിരുന്നു ഞാന്‍ അന്ന്.
തലയുയര്‍ത്തിപ്പിടിച്ചാണ് ഞാനതിനെ നേരിട്ടത്.

ബ്രിഗേഡുകളുടെ തെറിവിളികേട്ട് ഓടിയൊളിക്കുന്നവനല്ല താനെന്ന് അത്തരക്കാര്‍ മനസിലാക്കിയാല്‍ അവര്‍ക്ക് നല്ലത്. ബ്രിഗേഡുകളുടെ ബ്രിഗേഡിയര്‍മാര്‍ക്കെതിരെ വാ തുറന്നാല്‍ ഊതിവീര്‍പ്പിച്ച ബലൂണുകള്‍ പൊട്ടി പോകുമെന്നും അത്തരക്കാര്‍ അത് ഓര്‍മിക്കുന്നതാകും നല്ലത്. ഇടത് -സംഘപരിവാര്‍ സൈബര്‍വെട്ടുകിളികളുടെ തുടര്‍ച്ചയായ ആക്രമണത്തെ തെല്ലും ഭയക്കാതെ അതിനെ ഗൗനിക്കാതെ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായ എനിക്ക് ബ്രിഗേഡുകളുടെ തെറിവിളികളോട് പരമ പുച്ഛം മാത്രമാണുള്ളത്, ഇവര്‍ പാര്‍ട്ടിക്കാരല്ല മറിച്ച് പാര്‍ട്ടി വിരുദ്ധരാണ്. ഇവര്‍ പ്രത്യേകം ചിലയാളുകളുടെ മാത്രം കൂലിയെഴുത്ത്കാരാണ്.

അത്തരം കൂലിയെഴുത്ത്കാരോടാണ്,
മഴ പെയ്യുമ്പോള്‍ നനഞ്ഞിട്ടില്ല
പിന്നല്ലേ മരം പെയ്യുമ്പോള്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: