Breaking NewsIndiaKeralaLead NewsNEWSNewsthen Specialpolitics

മോദിജിയുടെ പ്രസംഗങ്ങള്‍ ഏറ്റവുമധികം കേള്‍ക്കുന്നതും ശ്രദ്ധിക്കുന്നതും തരൂര്‍ജി; തരൂരിന്റെ മോദിസ്തുതികള്‍ക്ക് തടയിടാനാകാതെ കോണ്‍ഗ്രസ്; തരൂരിനെക്കൊണ്ട് കോണ്‍ഗ്രസിന് യാതൊരു ഗുണവുമില്ലെന്ന് തുറന്നടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും പ്രസ്താവനകളും ഏറ്റവുമധികം കേള്‍ക്കുന്നതും ശ്രദ്ധിക്കുന്നതും ബിജെപി നേതാക്കളല്ല, മറിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയാണ്. ഇതാണ് കോണ്‍ഗ്രസിനുള്ളിലേയും ബിജെപിയിലും തരൂരിനെക്കുറിച്ച് പറയുന്നവര്‍ കളിയായും കാര്യമായും പറയുന്നത്. തരൂരിന്റെ മോദി സ്തുതികള്‍ തുടരുമ്പോള്‍ അതിന് തടയിടാനാകാതെ നട്ടം തിരിയുകയാണ് കോണ്‍ഗ്രസ്. ശശി തരൂര്‍ മറുകണ്ടം ചാടാന്‍ നില്‍ക്കുകയാണെങ്കില്‍ അതൊന്ന് വേഗമായിക്കൂടെ എന്ന് പരസ്യമായി തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നുണ്ട്.


തരൂരിനെക്കൊണ്ട് കോണ്‍ഗ്രസിന് ഒരു ഗുണവുമില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ശശി തരൂരിന് വേണമെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാമെന്നും കോണ്‍ഗ്രസിന് ഗുണം ചെയ്യുന്ന പ്രവര്‍ത്തനമല്ല തരൂര്‍ നടത്തുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു കഴിഞ്ഞു. ഇതിലും പരസ്യമായി എങ്ങിനെ ഒരാളെ പാര്‍ട്ടിയില്‍ നിന്ന് ഗെറ്റൗട്ടടിക്കുമെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ ചോദിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാതെയും പ്രതികരിക്കാതെയും മോദി സ്തുതികളുമായി മുന്നോട്ടുപോകുന്ന തരൂര്‍ സ്വീകരിച്ചിരിക്കുന്ന നയം കോണ്‍ഗ്രസ് തന്നെ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ എന്നതാണ്. താനായി ബിജെപിയിലേക്ക് പോയി എന്ന് വരുത്തിതീര്‍ക്കാതെ കോണ്‍ഗ്രസ് പുറത്താക്കിയപ്പോള്‍ ബിജെപിയിലേക്ക് പോയി എന്ന് വരുത്താനാണ്. അത് തരൂരിനേക്കാള്‍ നന്നായി അറിയുന്നതുകൊണ്ടുതന്നെ പരമാവധി ആരോപണമുന്നയിച്ചും കടക്കൂപുറത്തെന്ന് പറയാതെ പറഞ്ഞും പരസ്യമായി പറഞ്ഞും തരൂര്‍ സ്വയം ഇറങ്ങിപ്പോകുമോ എന്ന് നോക്കാനുള്ള ശ്രമം നടത്തുകയാണ് കോണ്‍ഗ്രസ്.
രാജ്്‌മോഹന്‍ ഉണ്ണിത്താനു മുന്‍പ് എം.എം.ഹസനും തരൂരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. അതിനും ശശിയുത്തരമുണ്ടായില്ല. രക്തസാക്ഷി പരിവേഷത്തോടെ കോണ്‍ഗ്രസ് വിടാമെന്ന് ശശി തരൂര്‍ കരുതേണ്ട എന്ന ഡയലോഗും രാജ്മോഹന്‍ ഉണ്ണിത്താന്‍ കാച്ചിയിട്ടുണ്ട്.

Signature-ad

കഴിഞ്ഞ ദിവസം ട്രംപ് മംദാനി സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ പങ്ക് വച്ച് കോണ്‍ഗ്രസിനെതിരെ തരൂര്‍ വീണ്ടും ഒളിയമ്പെയ്തിരുന്നു. രാഷ്ട്രീയം ഒരു യുദ്ധമാണെന്ന് കരുതുന്നവര്‍ക്ക് തരൂരിന്റെ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ എളുപ്പമല്ല. വിശാലമായ കാഴ്ചപ്പാടോടെ രാഷ്ട്രീയത്തെയും നാടിന്റെ വികസനത്തേയും താന്‍ നോക്കിക്കാണുന്നുവെന്നാണ് തരൂര്‍ അവകാശപ്പെടുന്നത്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളികള്‍ സഹകരിച്ച് മുന്‍പോട്ട് പോകണമെന്നും, രാജ്യ താല്‍പര്യത്തിനായി ഒന്നിച്ച് നില്‍ക്കണമെന്നും തരൂര്‍ പറഞ്ഞഞ്ഞത്. ഇന്ത്യയിലും അത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടത്. തന്നാലാകും വിധം പ്രവര്‍ത്തിക്കുകയാണെന്നും തരൂര്‍ പറയുമ്പോള്‍ ആ രാഷ്ട്രീയം ഉള്‍ക്കൊള്ളാന്‍ കേരളത്തിലേയും ദേശീയതലത്തിലേയും കോണ്‍ഗ്രസുകാര്‍ക്കാകുന്നില്ല. തരൂര്‍ കോണ്‍ഗ്രസിന്റെ വലയത്തില്‍ നിന്നും വിട്ടകന്നുപോകുന്നതും ഈ കാഴ്ചപ്പാടോടെ മോദിയെ സ്തുതിക്കുന്നതുകൊണ്ടാണ്.
മുഖവും കൊടിയും നോക്കാത്ത രാഷ്ട്രീയമാണ് തരൂര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് ചൂട്ടുപിടിക്കാന്‍ ഇന്ത്യയിലെ കോണ്‍ഗ്രസുകാരെ കിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തറപ്പിച്ചു പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: