Breaking NewsKeralaLead Newspolitics

ശബരിമലയിലെ സ്വര്‍ണക്കെള്ള: രണ്ടു മുന്‍ ദേവസ്വം അദ്ധ്യക്ഷന്‍മാര്‍ അറസ്റ്റിലായി ; അന്വേഷണം കടകംപള്ളിയിലേക്ക് എത്തുമോയെന്നും ആശങ്ക ; സിപിഐഎം കടുത്ത പ്രതിരോധത്തില്‍

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമം നടത്തി ശബരിമല അയ്യപ്പ വിശ്വാസികളെ കൂടി കൂടെ നിര്‍ത്താന്‍ ശ്രമിച്ച സിപിഐം തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടു പ്പും മുന്നില്‍ നില്‍ക്കുമ്പോള്‍ പ്രതിരോധത്തില്‍. സ്വര്‍ണ്ണക്കൊള്ളയില്‍ പത്തനംതിട്ടയില്‍ പാര്‍ട്ടിയുടെ മുഖമെന്ന് കരുതാവുന്ന എ പത്മകുമാര്‍ അറസ്റ്റിലായതോടെ ഇനിയാര് എന്ന അങ്കലാപ്പിലായിരിക്കുകയാണ്.

ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ആണെന്നതാണ് വലിയ തിരിച്ചടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്മാരായിരുന്ന എന്‍ വാസു, എ പത്മകുമാര്‍ എന്നിവര്‍ അറസ്റ്റിലായതാണ് സിപിഐഎമ്മിനും സംസ്ഥാന സര്‍ക്കാരിനും തലവേദനയായി മാറിയത്. എ പത്മകുമാര്‍ മുന്‍ എംഎല്‍എയും പത്തനംതിട്ടയിലെ സിപിഐഎമ്മിന്റെ പ്രമുഖ നേതാവുമാണ്.

Signature-ad

മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിന് പിന്നാലെ പത്മകുമാര്‍ കൂടി അറസ്റ്റ് ചെയ്യപ്പെട്ടതോടെ സിപിഐഎമ്മിന് മറുപടി പറയാന്‍ കണ്ടെത്തേണ്ട സാഹചര്യമാണ്. പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായിരിക്കെ എന്‍ വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു.സിപിഐഎം നേതാക്കളുടെ ഇഷ്ടക്കാരനെന്ന വാസു പിന്നീട് ദേവസ്വം അധ്യക്ഷനുമായി.

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പ്പാളിയാക്കിയത് ഇവരുടെ ബുദ്ധിയാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. തനിക്ക് സ്വര്‍ണക്കവര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു എ പത്മകുമാറിന്റെ പ്രതികരണം. എന്നാല്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കൊണ്ടുപോകാനുള്ള അവസരമൊരുക്കിയത് പത്മകുമാറാണെന്നാണ് ചോദ്യം ചെയ്യലില്‍ കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പത്മകുമാര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും കണ്ടെത്തി.

ശബരിമലയില്‍ സ്വര്‍ണം കാണാതായതായി പരാതി ഉയര്‍ന്ന സന്ദര്‍ഭത്തില്‍ തന്നെ സംശയ നിഴലിലായിരുന്നു മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്മാരായ എ പത്മകുമാറും എന്‍ വാസുവും. അതേസമയം കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടാണ് സിപിഐഎം എടുത്തിരിക്കുന്നത്. സംഭവത്തില്‍ രണ്ട് മുന്‍ അദ്ധ്യക്ഷന്മാരാണ് അറസ്റ്റിലായിരിക്കുന്നത്. അന്വേഷണം മുന്‍ ദേവസ്വംമന്ത്രി കടകംപള്ളിയിലേക്ക് എത്തുമോ എന്ന ആശങ്കയും സിപിഐഎമ്മിന് ഉയരുന്നുണ്ട്. ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന എന്‍ വാസുവിനെ ന്യായീകരിച്ച് നേരത്തേ കടകംപള്ളി രംഗത്തുവന്നതും പാര്‍ട്ടിക്ക്് വലിയ തിരിച്ചടിയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: