സീറ്റിന്റെ മാനദണ്ഡം എന്താണ്? മിക്കവര്‍ക്കും അറിയാവുന്ന ഉത്തരം നേതാവിന്റെ ഭാര്യയായതിനാല്‍ എന്നായിരുന്നു ; തന്നേക്കാള്‍ മുകളിലേക്ക് വളരാന്‍ ചില്ലകളെ അനുവദിക്കില്ല ; രൂക്ഷമായ വിമര്‍ശനവുമായി യൂത്ത്കോണ്‍ഗ്രസ് വനിതാനേതാവ്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ചൂടുപിടിച്ച് നടക്കുമ്പോള്‍ സീനിയര്‍ നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി യൂത്ത്കോണ്‍ഗ്രസ് നേതാവ്. സീറ്റ് നല്കുന്ന മാനദണ്ഡം എന്താണെന്ന ചോദ്യത്തിന് മുതിര്‍ന്ന നേതാവിന്റെ ഭാര്യ എന്നതാണെന്നും നൂറ് ശതമാനം അര്‍ഹത ഉണ്ടായിരുന്ന സീറ്റില്‍ ആരുടെയൊക്കെയോ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി മാറ്റി നിര്‍ത്തപ്പെട്ടു എന്നുമാണ് വിമര്‍ശനം.
സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി തന്നെ മാറ്റിനിര്‍ത്തിയെന്നാണ് അഭിന കുന്നോത്തിന്റെ വിമര്‍ശനം. സ്വന്തമെന്ന് കരുതിയവരും കൂടെ കൂട്ടിയവരും ഈ ചതിയില്‍ പങ്കാളികളായിരുന്നു എന്നും വിമര്‍ശിച്ചു. തന്നേക്കാള്‍ മേലെ വളരുന്ന ചില്ലകള്‍ വെട്ടുന്ന ബാലുശ്ശേരിയിലെ ‘മുതിര്‍ന്ന’ നേതാക്കള്‍ക്കും ഈ പ്രഹസനത്തിന് കൂട്ട് നിന്ന ജില്ലാ നേതൃത്വത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് അഭിനന്ദയുടെ കുറിപ്പ്.
കുറിപ്പിന്റെ പൂര്‍ണരൂപം…
കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള പലരുടെയും ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരം നല്കേണ്ടിയിരിക്കുന്നു. ഇനി വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തില്ല.100% അര്‍ഹത ഉണ്ടായിരുന്ന സീറ്റില്‍ ആരുടെയൊക്കെയോ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നു. സ്വന്തമെന്ന് കരുതിയവരും കൂടെ കൂട്ടിയവരും ഈ ചതിയില്‍ പങ്കാളികളായിരുന്നു. അവരോട് ഒക്കെ ഞാന്‍ മാറി മാറി ചോദിച്ചു. സീറ്റ് നല്കുന്ന മാനദണ്ഡം എന്തായിരുന്നു? മുതിര്‍ന്ന നേതാവിന്റെ ഭാര്യ ആണത്രേ അതിനുള്ള യോഗ്യത. ബൂത്ത് തലത്തില്‍ മുതല്‍ ജില്ലയില്‍ വാശിയോടെ പോരാട്ടം നടത്തുന്ന പലരെയും കണ്ടില്ലെന്ന് നടിക്കുന്ന നേതൃത്വം. നാട്ടിലെ ചെങ്കോട്ട എന്ന് വിശേഷിപ്പിക്കുന്ന എന്റെ വാര്‍ഡില്‍ ഒറ്റയ്ക്ക് സഖാക്കളോട് പോരടിക്കുന്ന എന്നെ നേതൃത്വം കണ്ടില്ലത്രേ. ഏത് പാതിരാത്രിയിലും പാര്‍ട്ടിക്ക് വേണ്ടി ഓടി തളരുന്ന എന്നെ നേതൃത്വം കണ്ടില്ലത്രേ. സമര മുഖങ്ങളില്‍ ഒരു സ്ഥിരമുഖമായ എന്നെ നേതൃത്വം കണ്ടില്ലത്രേ. എത്ര മനോഹരം….
എന്റെ അച്ഛനെ പോലെ അമ്മച്ഛനെ പോലെ എനിക്കും പാര്‍ട്ടി ആയിരുന്നു എല്ലാം. പാര്‍ട്ടി ആയിരുന്നു കുടുംബം, പാര്‍ട്ടി ആയിരുന്നു സൗഹൃദം, പാര്‍ട്ടി ആയിരുന്നു ശ്വാസം. എന്നിലെ എല്ലാം പാര്‍ട്ടി ആയിരുന്നു. അതിനു തന്ന മറുപടി മാറി നില്‍ക്കാനാണ്. പെന്ഷന് വാങ്ങി വിശ്രമ ജീവിതം നയിക്കേണ്ടവര്‍ക്ക് വേണ്ടി മാറി നില്‍ക്കാനാണ്. മുതിര്‍ന്ന നേതാവിന്റെ ഭാര്യയെന്ന് പരിഗണിച്ച് കൊണ്ട് മാറി നില്‍ക്കാനാണ്. രാഷ്ട്രീയ പ്രവേശനം ഇതുവരെ നടത്താത്തവര്‍ക്ക് വേണ്ടി മാറി നില്‍ക്കാനാണ്. സമരമുഖങ്ങളില്‍ പരിചിതമല്ലാത്ത മുഖങ്ങള്‍ക്ക് വേണ്ടി മാറി നില്‍ക്കാനാണ്.





