Breaking NewsKeralaLead NewsNEWSNewsthen Specialpolitics

തിരുവനന്തപുരം കോര്‍പറേഷനിലെ ‘താമര സ്വപ്‌ന’ത്തിന് തിരിച്ചടിയായി ഉള്‍പാര്‍ട്ടി പോരും ആത്മഹത്യകളും; ബിജെപിക്ക് കടുത്ത ആശങ്ക; തമ്മിലടിയും പാലംവലിക്കലും അടിയൊഴുക്കും ശക്തം; രാജീവ് ചന്ദ്രശേഖറിനെതിരേ നീക്കം; ഒറ്റ സീറ്റിലും വിജയിപ്പിക്കില്ലെന്നു ശപഥമെടുത്ത് മറുവിഭാഗം മുന്‍നിര നേതാക്കള്‍

പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസം ബിജെപിക്ക് തിരുവനന്തപുരത്ത് കനത്ത ആഘാതമുണ്ടാക്കുമെന്നാണ് സൂചന. ബിജെപിക്കുള്ളിലെ പല ഗ്രൂപ്പുകള്‍ പരസ്പരം എങ്ങിനെ പണികൊടുക്കാമെന്ന് വളരെ ഗൗരവത്തോടെ ചിന്തിച്ച് തെരഞ്ഞെടുപ്പില്‍ അത് നടപ്പാക്കുമെന്നാണ് അണിയറ വര്‍ത്തമാനം. സംസ്ഥാന നേതൃത്വത്തോട് മനസുകൊണ്ട് എതിര്‍ത്തു നില്‍ക്കുന്നവര്‍ വലിയൊരു വിഭാഗം തന്നെ ബിജെപിയിലുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ താമര വിരിയുമെന്നു സ്വപ്‌നം കണ്ട ബിജെപിക്കു തിരിച്ചടിയായി ഉള്‍പാര്‍ട്ടി പോര്. പുതിയ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ തയാറാക്കിയ സ്ഥാനാര്‍ഥി പട്ടിക മുതല്‍ നേതാക്കളുടെ ആത്മഹത്യവരെ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. രാജീവ് വിരുദ്ധ വിഭാഗങ്ങളും സ്ഥാനാര്‍ഥികളുടെ പാലം വലിക്കുമെന്നാണു വിവരം. കഴിഞ്ഞ ദിവസം ബിജെപിയുടെ മുന്‍ സമുന്നത നേതാവ് പറഞ്ഞത് ബിജെപി ഒറ്റ സീറ്റില്‍ പോലും ജയിക്കില്ലെന്നാണ്.

തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം പിടിച്ചെടുക്കുമെന്ന അവകാശവാദത്തോടെ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ ബിജെപിക്ക് തലസ്ഥാനത്ത് അടിമുടി തിരിച്ചടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. രണ്ടു പ്രമുഖ നേതാക്കളുടെ ആത്മഹത്യ ബിജെപി തിരുവനന്തപുരം ജില്ല ഘടകത്തിനെ തകര്‍ത്തു കളഞ്ഞ സ്ഥിതിയാണ്. ആത്മഹത്യയുടെ കാരണം തേടുമ്പോള്‍ അവ ബിജെപി ആര്‍എസ്എസ് നേതൃത്വത്തിനെതിരെ വരുന്നത് പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കാകുന്നില്ല. പാര്‍ട്ടിക്കുള്ളിലെ അദൃശ്യമായ ഗ്രൂപ്പു പോര് ബിജെപിയുടെ തിരുവനന്തപുരം താമരസ്വപ്നങ്ങളെ കരിച്ചു കളയുമെന്നാണ് വ്യക്തമാകുന്നത്.

Signature-ad

രണ്ടു മാസത്തിനിടയിലുണ്ടായ രണ്ട് ആത്മഹത്യകള്‍ വ്യക്തിപരമായ കാരണങ്ങളാലല്ല എന്നതു തന്നെയാണ് ബിജെപിയെ വെട്ടിലാക്കുന്നത്. തികച്ചും രാഷ്ട്രീയ – സാമ്പത്തിക കാര്യങ്ങളും പ്രസ്ഥാനത്തിനുള്ളിലെ പോരുമാണ് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ ജീവനൊടുക്കിയതിനു പിന്നിലെന്ന് പകല്‍പോലെ വ്യക്തമാകുമ്പോള്‍ അണികളോടും തങ്ങള്‍ക്കു മുകളിലുള്ള നേതൃത്വത്തോടും ഉത്തരം പറയാനാകാതെ ഒളിച്ചിരിക്കാന്‍ താമരപ്പാടം തേടി പോകേണ്ട സ്ഥിതിയിലാണ് തിരുവനന്തപുരം ഘടകം.

കൗണ്‍സിലറും പ്രാദേശിക നേതാവുമായിരുന്ന കെ. അനില്‍കുമാറിന്റെ ആത്മഹത്യ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പാണുണ്ടായതെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ അനില്‍കുമാറിന്റെ മരണം ബിജെപിയെ ഇനിയെത്ര തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാലും വേട്ടയാടുമെന്നുറപ്പാണ്. അനില്‍കുമാറിനു പിന്നാലെ സ്ഥാനാര്‍ഥിത്വം നല്‍കാത്തിന്റെ പേരില്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തത് ബിജെപിക്ക് താങ്ങാന്‍ കഴിയുന്നതിലുമപ്പുറത്തെ അടിയായി.

സ്ഥാനാര്‍ഥിയായി ബിജെപി നേതൃത്വം പരിഗണിച്ചിരുന്ന ആനന്ദ് തമ്പിയാണ് സീറ്റ് കിട്ടാതെ വന്നതോടെ ജീവനൊടുക്കിയത്. അനില്‍കുമാറിന്റെ ആത്മഹത്യയുടെ ആഘാതവും തിരിച്ചടിയുമുണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്ന് കരകയറുമ്പോഴായിരുന്നു ആനന്ദിന്റെ ആത്മഹത്യ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലും തിരക്കുകളിലും അനില്‍കുമാറിന്റെ ആത്മഹത്യയുടെ കാര്യകാരണങ്ങളും ചര്‍ച്ചയും നിലയ്ക്കുമെന്ന് തിരുവനന്തപുരം ഘടകം കണക്കുകൂട്ടിയിരിക്കുമ്പോഴാണ് സീറ്റ് നിഷേധത്തിന്റെ പേരില്‍ തലസ്ഥാനം മറ്റൊരു ബിജെപി പ്രവര്‍ത്തകന്റെ മരണത്തിന് സാക്ഷ്യം വഹിക്കുന്നത്.
ഇതോടെ തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ്, പ്രത്യേകിച്ച് തിരുവനന്തപുരം കോര്‍പറേഷനിലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ആശങ്കപ്പെടുത്തുന്നതായി മാറിക്കഴിഞ്ഞു.

ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി തന്റെ ആത്മഹത്യ കുറിപ്പില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നത് എളുപ്പത്തില്‍ തള്ളിക്കളയാനാവാത്ത വിഷയമാണ്. ആനന്ദ് കുറിച്ചിട്ട ആരോപണങ്ങള്‍ തന്നെയാകും ഈ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ വെട്ടിലാക്കിയിരിക്കുന്നത്. ആനന്ദിനെയും അനില്‍കുമാറിനേയും മരണത്തിലേക്ക് എത്തിച്ചത് പാര്‍ട്ടിയാണ് എന്ന ആരോപണം അണികള്‍ക്കിടയില്‍ ശക്തമാണ്. ഇത് പാര്‍ട്ടിയില്‍ വ്യക്തമായ ചേരിതിരിവുണ്ടാക്കിയിട്ടുമുണ്ട്. അല്ലെങ്കില്‍ തന്നെ പരസ്പരം പടവെട്ടാന്‍ കച്ചകെട്ടി വാളുമേന്തി നില്‍ക്കുന്ന പാര്‍ട്ടിക്കകത്തെ ഗ്രൂപ്പുകള്‍ക്ക് സംസ്ഥാന നേതൃത്വത്തെ വെട്ടിയരിയാന്‍ കിട്ടിയ നല്ല അവസരമാണ് തങ്ങളുടെ രണ്ടു പ്രവര്‍ത്തകരുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങള്‍.

ബി.ജെ.പി നേതാക്കളില്‍ ചിലര്‍ക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന് ആനന്ദ് ആരോപിച്ചിട്ടുണ്ട്. തലസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മാഫിയകളിലേക്ക് ബിജെപി നേതാക്കളുടെ ബന്ധം നീളുന്നതിന്റെ വ്യക്തമായ സൂചനയാണ് ആനന്ദ് തന്നിരിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ബിസിനസിലേക്ക് തലസ്ഥാനത്തെ ബിജെപി നേതാക്കള്‍ കരുക്കള്‍ നീക്കുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയാണ് ആനന്ദ് യാത്ര പറഞ്ഞിരിക്കുന്നത്.

ബിജെപി നേതൃത്വവുമായി ആനന്ദിന് പല കാര്യങ്ങളിലും അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായും പറയപ്പെടുന്നു. ഇത് എത്രവരെ പോയിട്ടുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒരു കോര്‍പറേഷന്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിന്റെ പേരില്‍ മാത്രം ആനന്ദ് ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യം ചിലരെങ്കിലും ഉന്നയിക്കുന്നതും അതുകൊണ്ടാണ്. പാര്‍ട്ടി നേതൃത്വവുമായി ആനന്ദിന് മറ്റെന്തെങ്കിലും ഗുരുതര പ്രശ്നമുണ്ടായിരുന്നോ എന്നതാണ് ബാക്കിനില്‍ക്കുന്ന സംശയം. ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ ഇത് പരസ്യമായി ചോദിക്കുന്നുമുണ്ട്.

 

സീറ്റ് നിഷേധിച്ചു എന്ന ആരോപണത്തെ പാര്‍ട്ടി ജില്ല ഘടകവും എതിര്‍ക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആനന്ദ് തമ്പിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നില്ലെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും, അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കയാണെന്നുമാണ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. അതെന്തായാലും തെരഞ്ഞെടുപ്പിന്റെ ആരവങ്ങളും ആഘോഷങ്ങളും ആഘാതങ്ങളും അവസാനിച്ച ശേഷമേ ഉണ്ടാകൂ. അനില്‍കുമാറിന്റേയും ആനന്ദിന്റെയും ആത്മഹത്യകളുടെ കാര്യകാരണങ്ങള്‍ തേടി അകത്തളങ്ങളിലേക്ക് കടന്നാല്‍ കെട്ടിപ്പൊക്കിക്കൊണ്ടുവന്ന പ്രതിബിംബങ്ങളും പല ബിംബങ്ങളും ഉടയുമെന്നതുകൊണ്ട് അതിലേക്ക് അധികം കടക്കാന്‍ പാര്‍ട്ടി തയാറാവില്ല.

സെപ്റ്റംബര്‍ 20 നാണ് തിരുമലയിലെ ബി ജെ പി നേതാവും തിരുമല കൗണ്‍സിലറുമായിരുന്ന കെ.അനില്‍കുമാര്‍ (52)പാര്‍ട്ടി ഓഫീസില്‍ ആത്മഹത്യ ചെയ്തത്. ബി.ജെ.പി യുടെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് സാമ്പത്തിക ബാധ്യതകളാല്‍ തകര്‍ന്നിരുന്നു. ഇതില്‍ പാര്‍ട്ടി ഇടപെട്ടില്ലെന്നായിരുന്നു അനില്‍ കുമാറിന്റെ ആരോപണം. ബി ജെ പി നേതാക്കള്‍ക്കെതിരെ ആത്മഹത്യാകുറിപ്പെഴുതിവച്ചാണ് അനില്‍കുമാര്‍ ആത്മഹത്യ ചെയ്തത്. ഇത് തിരുവനന്തപുരത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയ സംഭവമായിരുന്നു. നേതൃത്വം കൃത്യസമയത്ത് ഇടപെട്ടില്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെയും വിലയിരുത്തലുണ്ടായത്.

ആനന്ദ് തമ്പിക്ക് ബി.ജെ.പിയുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമം നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായത് പാര്‍ട്ടിയിലെ ആനന്ദിന്റെ സുഹൃത്തുക്കള്‍ക്കും പ്രവര്‍ത്തകരില്‍ നിരവധി പേര്‍ക്കും കടുത്ത എതിര്‍പ്പുണ്ടാക്കി. ആനന്ദ് തമ്പി ശിവസേന പ്രവര്‍ത്തകനായിരുന്നുവെന്നാണ് ബി ജെ പി നേതാക്കളുടെ പ്രചരണം. എന്നാല്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ആനന്ദിന്റെ ആത്മഹത്യാ കുറിപ്പ്. ആര്‍ എസ് എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതാണ് ജീവിതത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയെന്നാണ് ആനന്ദ് മാധ്യമങ്ങള്‍ക്ക് അയച്ച ആത്മഹത്യാകുറിപ്പില്‍ ആരോപിക്കുന്നത്. ഇത് ബിജെപി നേതൃത്വത്തിന് ഉത്തരം പറയാനാവാത്ത സ്ഥിതിയാണുണ്ടാക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി മാറുന്നതും സ്വതന്ത്രനോ വിമതനോ ആയി മത്സരിക്കുന്നതുമെല്ലാം കേരളത്തില്‍ ഓരോ തെരഞ്ഞെടുപ്പു കാലത്തും കാണുന്ന പതിവ് കാഴ്ചകളാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റു കിട്ടിയില്ലെന്ന വിഷമത്തില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമായിരുന്നു. പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ അതിരൂക്ഷമാക്കാന്‍ ഈ രണ്ടു മരണങ്ങളും ഇടയാക്കിയിട്ടുണ്ടെന്ന് നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു.

പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസം ബിജെപിക്ക് തിരുവനന്തപുരത്ത് കനത്ത ആഘാതമുണ്ടാക്കുമെന്നാണ് സൂചന. ബിജെപിക്കുള്ളിലെ പല ഗ്രൂപ്പുകള്‍ പരസ്പരം എങ്ങിനെ പണികൊടുക്കാമെന്ന് വളരെ ഗൗരവത്തോടെ ചിന്തിച്ച് തെരഞ്ഞെടുപ്പില്‍ അത് നടപ്പാക്കുമെന്നാണ് അണിയറ വര്‍ത്തമാനം. സംസ്ഥാന നേതൃത്വത്തോട് മനസുകൊണ്ട് എതിര്‍ത്തു നില്‍ക്കുന്നവര്‍ വലിയൊരു വിഭാഗം തന്നെ ബിജെപിയിലുണ്ട്. അവര്‍ക്ക് കിട്ടിയ നല്ലൊരു അവസരമാണ് ഏകാധിപത്യ രീതിയില്‍ മുന്നോട്ടുപോകുന്ന സംസ്ഥാന നേതൃത്വത്തെ പാഠം പഠിപ്പിക്കുകയെന്നത്. ആ പാഠം അവര്‍ പഠിപ്പിക്കുമെന്നു തന്നെയാണ് തിരുവനന്തപുരത്തു നിന്നുള്ള സൂചനകള്‍. തിരുവനന്തപുരം കോര്‍പറേഷന്‍ എന്ന സ്വപ്നം താമരക്കുളത്തില്‍ തന്നെ മുക്കിത്താഴ്ത്തേണ്ടി വരുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

പ്രാദേശിക വികാരം നോക്കാതെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം കടുത്ത എതിര്‍പ്പ് പല സ്ഥലങ്ങളില്‍ നിന്നുമുയര്‍ന്നിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനെതിരെയുള്ള വികാരം വോട്ടില്‍ കാണിച്ചുകൊടുക്കാമെന്ന് പല കോണുകളില്‍ നിന്നും തീരുമാനമായി തന്നെ വരുന്നുണ്ട്. രണ്ട് ആത്മഹത്യകളുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന്് സ്ഥാപിച്ചെടുക്കാന്‍ സംസ്ഥാന നേതൃത്വം പാടുപെടുമ്പോള്‍ ഈ നിലപാടിനെതിരെ പ്രാദേശിക നേതൃത്വങ്ങളും പ്രവര്‍ത്തകരും എതിര്‍സ്വരമുയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസും സിപിഎമ്മും ഈ രണ്ട് ബിജെപി പ്രവര്‍ത്തകരുടെ ആത്മഹത്യകളും തെരഞ്ഞെടുപ്പിലും അതു കഴിഞ്ഞാലും രാഷ്ട്രീയ പ്രചരണ ആയുധമാക്കി ബിജെപിക്കെതിരെ ഉപയോഗിക്കും.

തിരുവനന്തപുരം കോര്‍പറേഷന്‍ ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വലിയ അഭിപ്രായഭിന്നതകളുണ്ടായത് മത്സരഫലത്തെ നെഗറ്റീവായി ബാധിക്കുമെന്നാണ് പ്രവര്‍ത്തകരും നേതാക്കളില്‍ ഒരു വിഭാഗവും ചൂണ്ടിക്കാട്ടുന്നത്. ആര്‍ക്കൊക്കെയോ വേണ്ടപ്പെട്ടവരെ മത്സരരരംഗത്തിറക്കിയിരിക്കുകയാണെന്നും പ്രാദേശിക വികാരം കണക്കിലെടുത്തില്ലെന്നും ആക്ഷേപമുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാനായി തെരഞ്ഞെടുപ്പിനും എത്രയോ നേരത്തെ തന്നെ ബി ജെ പി നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ അതാണ് ഇപ്പോള്‍ തകിടം മറിഞ്ഞിരിക്കുന്നത്.

സംസ്ഥാന അധ്യക്ഷന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും പരാജയമായാകും തിരുവനന്തപുരം കിട്ടാതെ പോയാല്‍ ആ തോല്‍വിയെ പാര്‍ട്ടിയിലെ എതിര്‍ഗ്രൂപ്പുകാര്‍ വിലയിരുത്തുക. അതിനാണവര്‍ കാത്തിരിക്കുന്നതും. രാജീവ് ചന്ദ്രശേഖര്‍ എന്ന ബിജെപി അധ്യക്ഷന് അതുകൊണ്ടുതന്നെ തിരുവനന്തപുരം തെരഞ്ഞെടുപ്പ് വലിയൊരു കടമ്പയാണ്. തൃശൂര്‍ കോര്‍പറേഷന്‍ പിടിച്ചെടുക്കുമെന്ന അവകാശവാദം സുരേഷ്ഗോപി ഉന്നയിക്കുന്നുണ്ടെങ്കിലും അതും നടക്കാനിടയില്ലാത്ത സ്വപ്നമായി അവശേഷിക്കുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. വലിയൊരു സ്വപ്നവുമായാണ് ഇത്തവണ ബിജെപി കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. എന്നാല്‍ അടിതെറ്റി കളംപതറി തെരഞ്ഞെടുപ്പ് വലിയൊരു ദു:സ്വപ്നമായി മാറിയിരിക്കുകയാണ് ബിജെപിക്കിപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: