Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ട്രംപിന്റെ ഗാസ കരാറിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം; പ്രമേയം വീറ്റോ ചെയ്യാതെ റഷ്യയും ചൈനയും വിട്ടുനിന്നു; പിന്തുണച്ച് പലസ്തീന്‍ അതോറിട്ടിയും; കരാര്‍ തള്ളിക്കളയുന്നെന്ന് ഹമാസ്; നിരായുധീകരണവും അധികാരമൊഴിയലും സാധ്യമല്ലെന്നും വിശദീകരണം; കടുത്ത നടപടിയെന്ന് ട്രംപ്

ഐക്യരാഷ്ട്രസഭ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ അനുകൂലമായി വോട്ട് ചെയ്തു. അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നത് ഉള്‍പ്പെടെയുള്ളതാണ് ഈ പദ്ധതി. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിലൂടെ വെടിനിര്‍ത്തല്‍ നടപ്പാക്കല്‍, പുനര്‍നിര്‍മ്മാണം, ഗാസയിലെ ഭരണം എന്നിവയ്ക്കായുള്ള സമഗ്രമായ ആദ്യ അന്താരാഷ്ട്ര രൂപരേഖയായ അമേരിക്കയുടെ 20 ഇന ചട്ടക്കൂടിന് അംഗീകാരം ലഭിച്ചു. യുകെ, ഫ്രാന്‍സ്, സൊമാലിയ ഉള്‍പ്പെടെ 13 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. ആരും എതിര്‍ത്ത് വോട്ട് ചെയ്തില്ല. റഷ്യയും ചൈനയും വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.

കഴിഞ്ഞ മാസം, ഇസ്രായേലും ഹമാസും ഈ പദ്ധതിയുടെ ആദ്യ ഘട്ടവുമായി മുന്നോട്ട് പോയിരുന്നു. രണ്ട് വര്‍ഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കുകയും കരാറിന് അത്യന്താപേക്ഷിതമായി കണ്ട ബന്ദി മോചന കരാറിന് അംഗീകാരം നല്‍കുകയും ചെയ്തു. തിങ്കളാഴ്ചത്തെ വോട്ടോടെ, ഈ രൂപരേഖ നിര്‍ദ്ദേശത്തില്‍നിന്ന് അംഗീകൃത ഉത്തരവായി കരാര്‍ മാറും. ഇടക്കാല ഭരണകൂടത്തിനുള്ള സാധ്യതയും ഇതു വര്‍ധിപ്പിക്കുന്നു.

Signature-ad

 

ട്രംപിന്റെ രൂപരേഖ ഉള്‍ക്കൊള്ളുകയും, പുനര്‍നിര്‍മ്മാണത്തിന് നേതൃത്വം നല്‍കാനും ഗാസയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും ഉദ്ദേശിക്കുന്ന ഇടക്കാല സംവിധാനമായ ‘ബോര്‍ഡ് ഓഫ് പീസില്‍’ ചേരാന്‍ യുഎന്‍ അംഗരാജ്യങ്ങളെ ക്ഷണിക്കുന്നതാണ് പ്രമേയം. രാജ്യാന്തര ഇടപെടല്‍ ഉറപ്പാക്കുന്നതിനൊപ്പം ഹമാസിനെ നിരായുധീകരിക്കുക, ആയുധങ്ങള്‍ നിര്‍വീര്യമാക്കുക, രാജ്യാന്തര സൈന്യത്തെ രൂപീകരിക്കുക എന്നിവയും പ്രമേയത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടു.

ട്രംപിന്റെ ഇരുപതിന പദ്ധതിയനുസരിച്ചു മുന്നോട്ടു പോകാനുള്ള ഔദ്യോഗിക അംഗീകാരമായിട്ടുവേണം യുഎന്‍ പിന്തുണയെ വിലയിരുത്തേണ്ടത്. പലസ്തീന്‍ അതോറിട്ടി മേഖലയില്‍ പരിഷ്‌കാരങ്ങള്‍ക്കു നേതൃത്വം വഹിക്കുകയും ചെയ്താല്‍ ഭാവിയില്‍ പലസ്തീന്‍ രാജ്യരൂപീകരണത്തിനും വഴിയൊരുക്കുന്നതാണ് കരാര്‍. ഇസ്രയേല്‍ ആദ്യ ഘട്ടത്തില്‍ എതിര്‍ത്തെങ്കിലും പിന്നീടു ട്രംപിന്റെ നിര്‍ദേശങ്ങള്‍ക്കു വഴങ്ങുകയായിരുന്നു.

 

എന്നാല്‍, അധികാരമൊഴിയല്‍, നിരായുധീകരണം എന്നിവ തങ്ങളുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ഹമാസ് തള്ളിക്കളഞ്ഞു. പലസ്തീനികളുടെ ആവശ്യങ്ങളും അവകാശങ്ങളും നിറവേറ്റുന്നതില്‍ കരാര്‍ പരാജയമാണെന്നും ഗാസയില്‍ രാജ്യാന്തര ട്രസ്റ്റീഷിപ്പ് അടിച്ചേല്‍പ്പിക്കാനാണു നീക്കമെന്നും ഇവര്‍ ആരോപിച്ചു.

 

‘ഗാസ മുനമ്പിനുള്ളില്‍ സായുധ ഗ്രൂപ്പുകളെ നിരായുധീകരിക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ അന്താരാഷ്ട്ര സേനയെ ഏല്‍പ്പിക്കുന്നത് അതിന്റെ നിഷ്പക്ഷത ഇല്ലാതാക്കുന്നു, മാത്രമല്ല അത് അധിനിവേശത്തിന് അനുകൂലമായി സംഘര്‍ഷത്തിലെ ഒരു കക്ഷിയായി മാറുകയും ചെയ്യുന്നെന്നും’ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

 

സുരക്ഷാ കൗണ്‍സില്‍ അനുകൂലമായി വോട്ട് ചെയ്തതിനു പിന്നാലെ പ്രശംസയുമായി ട്രംപും രംഗത്തുവന്നു. ആഗോള നയതന്ത്രത്തിലെ നാഴികക്കല്ലായി ഇതു മാറുമെന്നും പിന്തുണച്ച രാജ്യങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

 

‘അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത യുണൈറ്റഡ് നേഷന്‍സ് സെക്യൂരിറ്റി കൗണ്‍സിലിന്റെ അവിശ്വസനീയമായ വോട്ടെടുപ്പിന് അഭിനന്ദനങ്ങള്‍. ഈ ബോര്‍ഡ് ഓഫ് പീസിന്റെ അധ്യക്ഷനെന്ന നിലയില്‍ ലോകമെമ്പാടുമുള്ള ആദരണീയരായ വ്യക്തിത്വങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ‘ഇത് ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നായി മാറു’മെന്നും ട്രംപ് പറഞ്ഞു.

 

പലസ്തീന് സ്വതന്ത്ര അധികാരങ്ങള്‍ നല്‍കുന്നതിലേക്കുള്ള വഴിത്താരയാണു ട്രംപിന്റെ പദ്ധതിയെന്നു ഐക്യരാഷ്ട്ര സഭയിലേക്കുള്ള യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്‌സ് പറഞ്ഞു. ഹമാസിനെ നിരായുധീകരിക്കും. ഭീകരരുടെ പിടിയില്‍നിന്ന് ഗാസ മുനമ്പിനെ മോചിപ്പിച്ചു സുരക്ഷിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

വീറ്റോ അധികാരമുള്ള റഷ്യ ആദ്യം കരാറിനെ എതിര്‍ത്തെങ്കിലും യുഎന്‍ സഭയില്‍ വോട്ട് രേഖപ്പെടുത്താതെ വിട്ടുനിന്നു. ഇതു കരാറിനുള്ള പരോക്ഷമായ അംഗീകാരമായിട്ടാണു വിലയിരുത്തുന്നത്. ചൈനയുടെ അംബാസഡറും ഈ വഴിയാണു സ്വീകരിച്ചത്. പ്രമേയത്തെ പലസ്തീന്‍ അതോറിട്ടിയും പിന്തുണച്ചു രംഗത്തുവന്നു. കരാര്‍ നടപ്പാക്കാനുള്ള എല്ലാ പദ്ധതികളുടെയും ഭാഗമാകുമെന്നും അതോറിട്ടിയുടെ ഇടപെടലിനെത്തുടര്‍ന്നാണു റഷ്യ പ്രമേയം വീറ്റോ ചെയ്യാതിരുന്നതെന്നും വക്താക്കള്‍ പറഞ്ഞു.

 

കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഹമാസ് കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നു നേരത്തേ ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. കരാറിന്റെ ആദ്യഘട്ടം അംഗീകരിച്ചു ബന്ദികളെ വിട്ടുനല്‍കി താത്കാലികമായി യുദ്ധം ഒഴിവാക്കുകയെന്ന തന്ത്രമാണ് ഹമാസ് സ്വീകരിച്ചത്. ഇതിനുശേഷം ഇസ്രയേല്‍ പിന്‍മാറിയ മേഖലകളില്‍ കടുത്ത അക്രമവും നികുതിപിരിവും ഹമാസ് ആരംഭിച്ചു. ഇസ്രയേലിനെതിരേയും ആക്രമണത്തിനു മുതിര്‍ന്നെങ്കിലും തിരിച്ചടിച്ചതോടെ പിന്‍മാറി. നിലവില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക നടപടികള്‍ ഉണ്ടാകുമോ എന്നതാണ് കാണേണ്ടത്.

 

The UN Security Council on Monday voted to adopt a U.S.-drafted resolution endorsing President Donald Trump’s plan to end the war in Gaza and authorizing an international stabilization force for the Palestinian enclave. Israel and the Palestinian militant group Hamas agreed last month to the first phase of Trump’s 20-point plan for Gaza – a ceasefire in their two-year war and a hostage-release deal – but the UN resolution is seen as vital to legitimizing a transitional governance body and reassuring countries that are considering sending troops to Gaza.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: