വേടന് അവാര്‍ഡ് നല്‍കിയത് മോദിയെ വിമര്‍ശിച്ചതിനോ? വേടന്റെ പാട്ടില്‍ ഇല്ലാത്ത ‘മോദി’ വാക്ക് കൂട്ടിച്ചേര്‍ത്ത് ഫേസ്ബുക്കില്‍ കുറിപ്പിട്ട് ആര്‍. ശ്രീലേഖ ; കേരള സര്‍ക്കാരിനെയും വേടനെയും കുറ്റപ്പെടുത്താന്‍ ഇല്ലാത്തത് തിരുകിക്കയറ്റിയെന്ന് വിമര്‍ശനം

തിരുവനന്തപുരം: ഏറ്റവും മികച്ച പാട്ടെഴുത്തുകാരനുള്ള സംസ്ഥാന പുരസ്‌ക്കാരം കിട്ടിയതിന് റാപ്പര്‍ വേടന്‍ ബിജെപിക്കാരില്‍ നിന്നും രൂക്ഷ വിമര്‍ശനത്തിന് ഇരയാകുന്നുണ്ട്. വേടന് പ്രതികൂലമായും അനുകൂലമായും വികാരങ്ങള്‍ ഉയരുന്നതിനിടയില്‍ വേടനെതിരെ ഇല്ലാത്ത വാക്ക് കൂട്ടിച്ചേര്‍ത്ത് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ.
വേടന്റെ പാട്ടില്‍ ഇല്ലാത്ത ‘മോദി’ വാക്ക് കൂട്ടിച്ചേര്‍ത്ത് ശ്രീലേഖ ഇട്ട കുറിപ്പും വിമര്‍ശനം നേരിടുകയാണ്. പ്രധാനമന്ത്രിക്കെതിരെ പാട്ടെഴുതിയതിനാണ് സര്‍ക്കാര്‍ വേടന് അവാര്‍ഡ് നല്‍കിയതെന്നാണ് കുറിപ്പില്‍ സൂചിപ്പിക്കുന്നത്. വേടന്റെ ‘വോയ്സ് ഓഫ് വോയ്സ്’ എന്ന പാട്ടിലെ വരികളിലാണ് ‘മോദി’ യഥാര്‍ത്ഥ പാട്ടില്‍ ഇല്ലാത്ത വരി വിമര്‍ശിക്കാന്‍ ശ്രീലേഖ കൂട്ടിച്ചേര്‍ത്തത്.
”മോദി കപട ദേശവാദി, നാട്ടില്‍ മത ജാതി വ്യാധി ഈ തലവനില്ല ആധി നാട് ചുറ്റാന്‍ നിന്റെ നികുതി വാളെടുത്തവന്റെ കയ്യില്‍ നാട് പാതി വാക്കെടുത്തവന്‍ ദേശദ്രോഹി, തീവ്രവാദി.” എന്ന് വേടന്റെ പാട്ടില്‍ ഉണ്ടെന്നാണ് ശ്രീലേഖയുടെ പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ വേടന്റെ പാട്ടില്‍ മോദിയെന്ന വാക്കില്ല. സര്‍ക്കാരിനെയും വേടനെയും വിമര്‍ശിക്കാന്‍ ഇല്ലാത്തത് കുത്തിത്തിരുകി എന്നാണ് ആക്ഷേപം.
ആര്‍ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ഇപ്പോള്‍ മനസ്സിലായി!
വേടന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയത് ഒരു പ്രത്യുപകാരമായിട്ടായിരുന്നു…
‘Voice of the voiceless’ എന്ന പാട്ടിലെ ചില വരികള്‍ ഇവരെ പുളകം കൊള്ളിച്ചത് കൊണ്ട്!
‘മോദി കപട ദേശവാദി,
നാട്ടില്‍ മത ജാതി വ്യാധി
ഈ തലവനില്ല ആധി
നാട് ചുറ്റാന്‍ നിന്റെ നികുതി
വാളെടുത്തവന്റെ കയ്യില്‍ നാട് പാതി
വാക്കെടുത്തവന്‍ ദേശദ്രോഹി, തീവ്രവാദി!’
3 സ്ത്രീകള്‍ അവനെതിരെ പീഡനത്തിന് കൊടുത്ത കേസുകളും ഫോറെസ്റ്റ് ആക്ട് പ്രകാരം എടുത്ത പുലിനഖ കേസും, കഞ്ചാവ് കേസും ഒക്കെ ഫ്രീസറില്‍ ആയതും ഇത് കാരണം തന്നെയാവണം.
എന്തായാലും അയാളുടെ പാട്ടുകളുടെ ഗുണം കൊണ്ടൊന്നുമല്ല എന്ന് എല്ലാവര്‍ക്കും അറിയാം. അതിന് എന്തെങ്കിലും മേന്മ വേണ്ടേ വരികള്‍ക്ക്?






