സജി ചെറിയാന് സംഗീതത്തിന് വലിയ പിന്തുണ നല്കുന്നയാള് ; താന്‍ മന്ത്രിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്നും വേടന് ; വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് വേദനിപ്പിക്കുന്നു ; പോലും എന്ന പദം വളച്ചൊടിക്കരുതെന്ന് മന്ത്രിയും

കൊച്ചി: താന്‍ മന്ത്രി സജിചെറിയാനെതിരേ പ്രതികരണം നടത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുന്നതായും ഇക്കാര്യം തന്നെ വേദനിപ്പിക്കുന്നുവെന്നും റാപ്പര്‍ വേടന്. മന്ത്രി സജി ചെറിയാനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല എന്നും തനിക്ക് ലഭിച്ച അവാര്‍ഡ് സ്വതന്ത്ര സംഗീതത്തിനുള്ള സര്‍ക്കാര്‍ അംഗീകാരമെന്ന് വേടന് പറഞ്ഞു.
അദ്ദേഹം തന്റെ സംഗീതത്തിന് വലിയ പിന്തുണ നല്‍കുന്നയാളാണെന്നാണ് താന്‍ പറഞ്ഞത്. വാര്‍ത്ത വളച്ചൊടിച്ചെന്നും പറഞ്ഞു. വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ വിവാദമായിരുന്നു. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. പോലും എന്ന വാക്ക് വളച്ചൊടിക്കരുതെന്നായിരുന്നു മന്ത്രി പറഞ്ഞത്. വേടന്റെ വാക്കുകള്‍ മാത്രമാണ് താന്‍ ഉപയോഗിച്ചത്. ഗാനരചയിതാവല്ലാത്ത വേടന് അവാര്‍ഡ് നല്‍കിയതിനാലാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
ഇത് അപമാനിക്കുന്നതിന് തുല്യമമാണെന്നും അതിന് പാട്ടിലൂടെ മറുപടി നല്‍കുമെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വേടന് പറഞ്ഞിരുന്നു. വിമര്‍ശനങ്ങളെ സ്വീകരിക്കുന്നുവെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും വേടന് പറഞ്ഞു. ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിലെ ‘കുതന്ത്രം’ എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം വേടന് ലഭിച്ചത്.






