Breaking NewsKeralaLead NewsLocalNEWSpolitics

‘വാതില്‍ തുറന്നിട്ടിരിക്കുന്നു, മേയര്‍ക്കു സ്വാഗതം’; തൃശൂര്‍ മേയറെ കൂടെനിര്‍ത്താന്‍ ബിജെപി; എം.കെ. വര്‍ഗീസിനെ സിപിഎം നാലരവര്‍ഷം തളച്ചിട്ടു; അര്‍ഹമായ പരിഗണന നല്‍കുമെന്നും നേതൃത്വം

തൃശൂര്‍ മേയറെ കൂടെ നിര്‍ത്താന്‍ ബിജെപി
എം.കെ.വര്‍ഗീസിനെ സ്വാഗതം ചെയ്യുന്നതായി ബിജെപി
വന്നാല്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന് നേതൃത്വം

തൃശൂര്‍: തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിനെ കൂടെ നിര്‍ത്താന്‍ ബിജെപി. വര്‍ഗീസിനെ ബിജെപിയിലേക്ക് പരസ്യമായി ക്ഷണിച്ചുകൊണ്ടാണ് നേതൃത്വം തൃശൂര്‍ മേയര്‍ക്ക് കാവിപ്പരവതാനി വിരിച്ചിരിക്കുന്നത്.
വര്‍ഗീസിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്കബ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയത്തെ സ്വാഗതം ചെയ്യുന്നയാളാണ് മേയര്‍. ഇടതു മുന്നണി അഞ്ച് കൊല്ലം മേയറെ കൂച്ചുവിലങ്ങിടുകയായിരുന്നു. ബിജെപിയിലേക്ക് എത്തിയാല്‍ മേയര്‍ക്ക് പാര്‍ട്ടി നേതാക്കളുമായി ആലോചിച്ച് അര്‍ഹമായ പരിഗണന നല്‍കുമെന്നും ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ വ്യക്തമാക്കി.
ഇക്കുറി മത്സരിക്കാനില്ലെന്നും ഇടതു മുന്നണിക്കായി പ്രചരണത്തിന് ഇറങ്ങില്ലെന്നും വര്‍ഗീസ് നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണ് മേയര്‍ക്കായി ബിജെപി വാതില്‍ തുറന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.
മോദി സര്‍ക്കാരിന്റെ വികസനങ്ങളെ അംഗീകരിക്കുന്ന ഏവരെയും ബിജെപി സ്വാഗതം ചെയ്യും. തൃശൂര്‍ മേയര്‍ അത്തരത്തില്‍ ഒരു നിലപാട് എടുക്കുന്ന മേയറാണ്. ആ മേയറെ തീര്‍ച്ചയായും സ്വാഗതം ചെയ്യുന്നുവെന്നും ജില്ല അധ്യക്ഷന്‍ പറഞ്ഞു . അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുന്ന പ്രസ്ഥാനം ഭാരതീയ ജനതാ പാര്‍ട്ടിയാണെന്നാണ് ഞാന്‍ കരുതുന്നത്- ജസ്റ്റിന്‍ ജേക്കബ് പറഞ്ഞു.

Signature-ad

ഇനി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും മേയറായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും വികസന പ്രവര്‍ത്തനങ്ങള്‍ ഒരുപാട് ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നുമാണ് എം.കെ. വര്‍ഗീസ് നേരത്തെ പറഞ്ഞത്. തന്റെ ആശയവുമായി യോജിച്ചുപോകുന്നവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചാല്‍ അവരുമായി സഹകരിക്കുമെന്നും മേയര്‍ പറഞ്ഞു. ഇപ്പോള്‍ ആരുമായും അത്തരത്തിലുള്ള ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അഞ്ച് വര്‍ഷം തന്നെ മേയറാക്കിയതില്‍ ഇടതുപക്ഷത്തോട് നന്ദിയുണ്ട്. മേയര്‍ എന്ന നിലയിലാണ് സുരേഷ് ഗോപിയുമായുള്ള ബന്ധം. തൃശൂര്‍ എംപിയായിരിക്കുന്ന കാലത്ത് ടി എന്‍ പ്രതാപന്‍ കോര്‍പറേഷന്റെ വികസനത്തിന് ഒരു രൂപ പോലും തന്നില്ല. അതേസമയം എംപി അല്ലാത്ത കാലത്തും കോര്‍പറേഷന്റെ വികസനത്തിന് സുരേഷ് ഗോപി ഒരു കോടി രൂപ നല്‍കിയതെന്നും എം കെ വര്‍ഗീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തുടര്‍ച്ചയായി സുരേഷ് ഗോപിയെ പിന്തുണച്ച മേയര്‍ക്കെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. മേയര്‍ക്കുള്ള പിന്തുണ പിന്‍വലിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു. കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ എം.കെ വര്‍ഗീസിന്റെ പിന്തുണ ആവശ്യമുള്ളതിനാല്‍ കടുത്ത നടപടികളിലേക്ക് സിപിഎം കടന്നിരുന്നില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: