‘അതിദാരിദ്ര്യം മാറിയെങ്കിലും ദാരിദ്ര്യം മാറുന്നില്ല; മുഖ്യമന്ത്രിക്കു മുന്നിലുള്ള വെല്ലുവിളി അതാണ്, കേരളത്തിന് എന്നേക്കാള്‍ ചെറുപ്പം; സാഹോദര്യവും സാമൂഹിക ബോധവും സംസ്ഥാനത്തിന്റെ നേട്ടം’: അതിദാരിദ്ര്യ പ്രഖ്യാപന വേദിയില്‍ മമ്മൂട്ടി

തിരുവനന്തപുരം: അതിദാരിദ്ര്യം മാത്രമെ മാറുന്നുള്ളു, ദാരിദ്ര്യം മാറിയിട്ടില്ലെന്നു നടന്‍ മമ്മൂട്ടി. സാമൂഹ്യജീവിതം വികസിക്കണം. മുഖ്യമന്ത്രിയുടെ മുന്നിലുള്ള വലിയ വെല്ലുവിളി അതാണ്’. രാജപാതകളും കെട്ടിടങ്ങളും മാത്രമല്ല വികസനം. ദാരിദ്ര്യം തുടച്ചുമാറ്റിയാലെ വികസനം സാധ്യമാകൂ. വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം. എട്ടു മാസത്തിനുശേഷമാണ് പൊതുവേദിയില്‍ എത്തുന്നത്, സന്തോഷം. കേരളം എന്നെക്കാള്‍ ചെറുപ്പമാണ്. സാഹോദര്യവും സാമൂഹിക ബോധവുമാണ് കേരളത്തിന്റെ നേട്ടങ്ങളുടെ അടിസ്ഥാനം. മാസങ്ങള്‍ക്ക് ശേഷം വന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനം കണ്ടു. ഭരണ സംവിധാനത്തില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം അവര്‍ നിറവേറ്റുമെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി റിപ്പോര്‍ട്ട് മുഖ്യമന്ത്രി മമ്മൂട്ടിക്ക് കൈമാറി പ്രകാശനം ചെയ്തു.
കേരളം അതിദാരിദ്ര്യമുക്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രഖ്യാപനം തട്ടിപ്പല്ല. യഥാര്‍ത്ഥ പ്രഖ്യാപനമാണ്. തട്ടിപ്പെന്ന നിര്‍ഭാഗ്യകരമായ ഒരു പരാമര്‍ശം ഇന്ന് കേട്ടു. അതിലേക്ക് കൂടുതല്‍ പോകുന്നില്ല. അസാധ്യം എന്നൊന്നില്ലെന്ന് തെളിഞ്ഞു. എല്ലാവരും പൂര്‍ണമായി പദ്ധതിയുമായി സഹകരിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം പിറന്നു. മമ്മൂട്ടിയുടെ സാന്നിധ്യം അതീവ സന്തോഷം നല്‍കുന്നു. ലോകത്തിനു മുമ്പില്‍ നാമിന്ന് അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു
നവകേരളത്തിലേക്കുള്ള ചവിട്ടുപടിയാണിത്. വിശപ്പിന്റെ വിളിയിലേക്ക് നമ്മുടെ ഒരു സഹജീവിയും വീണുപോകില്ലെന്ന് നാട് ഉറപ്പുവരുത്തുന്നു. കേരള പിറവിദിനത്തിലാണ് ഈ സ്വപ്നസാക്ഷാത്ക്കാരം. ഇച്ഛാശക്തിയും കൂട്ടായ പ്രവര്‍ത്തനവും കൊണ്ട് ദാരിദ്ര്യത്തെ ചെറുത്ത് തോല്‍പ്പിച്ചു. എല്ലാവരും പൂര്‍ണമനസോടെ സഹകരിച്ചു. ഒരുമയും ഐക്യവും ഉണ്ടായി. 4..70 ലക്ഷം വീടുകള്‍ ലൈഫ് മിഷനില്‍ യാഥാര്‍ഥ്യമായി. സര്‍ഫാസി ആക്ട് ഗവര്‍ണര്‍ ഒപ്പിട്ടു. ജപ്തി നടപടികളുമായി ബന്ധപ്പെട്ട് വീടുകളില്‍ നിന്ന് ആരെയും ഇറക്കിവില്ല.
എല്‍ഡിഎഫ് പ്രഖ്യാപിച്ച ഓരോ വാഗ്ദാനവും യാഥാര്‍ഥ്യമാക്കുന്നു . ഇതില്‍ ചാരിത്യാര്‍ത്ഥ്യം ഉണ്ട്. പലവിധ ക്ലേശങ്ങള്‍ താണ്ടിയാണ് നാം ഇവിടേക്ക് എത്തിയത്. പുതിയ കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടത് പക്ഷ സര്‍ക്കാരുകള്‍ നേതൃത്വം നല്‍കി. കേരളാ മോഡല്‍ എന്ന് ലോകം വിളിച്ചു
ജനകീയാസൂത്രണത്തിന്റെ ശോഭകെടുത്താന്‍ യുഡിഎഫ് ശ്രമിച്ചു. കുടുംബശ്രീക്ക് പകരം ജനശ്രീ കൊണ്ടുവരാന്‍ ശ്രമിച്ചു. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ പിരിച്ചു വിടും എന്ന് സമുന്നതനായ നേതാവ് പറഞ്ഞു. നിങ്ങള്‍ തുടരൂ എന്ന് ജനങ്ങള്‍ പറഞ്ഞതു കൊണ്ട് നാലുലക്ഷം വീടുകള്‍ പൂര്‍ത്തിയായി. മാതൃശിശു മരണ നിരക്കില്‍ അമേരിക്കയെക്കാള്‍ താഴെയാണ് കേരളം. ഇതാണ് യഥാര്‍ഥ കേരള സ്റ്റോറി. കുന്നു കൂടുന്ന സമ്പത്തല്ല , ജനങ്ങള്‍ക്ക് നല്‍കുന്ന കരുതലാണ് കാര്യം. പ്രസവചികില്‍സയിലും അമേരിക്കയിലേക്കാള്‍ മുന്നിലാണ് കേരളം. മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ കേരളം ഒരു അദ്ഭുതമെന്നും തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.






