രാഹുലിനെ വേദിയില്‍നിന്ന് മാറ്റാന്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്ന് വിളിച്ചോ? ആരോപണങ്ങള്‍ തള്ളി ആശമാര്‍; ‘ഞങ്ങളുടെ മോശം സമയത്ത് ഞങ്ങള്‍ക്ക് പിന്തുണ അറിയിച്ച് എത്തിയയാള്‍’

തിരുവനന്തപുരം: ആശാസമര സമാപനവേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാഹുലിന്‍റെ വരവില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന് കടുത്ത അതൃപ്തിയുണ്ടെന്നും അതിനാല്‍ പ്രതിപക്ഷനേതാവിന്റെ ഓഫിസ് ഇടപെട്ട് രാഹുലിനെ സമരവേദിയില്‍ നിന്നും പറഞ്ഞ് വിട്ടു എന്നുമായിരുന്നു ആരോപണം. സമരവേദിയില്‍ നിന്ന് ആരും ഇറക്കിവിട്ടില്ലെന്നും ട്രെയിനില്‍ പോകാനാണ് ഇറങ്ങിയതെന്നും രാഹുല്‍ വിശദീകരിച്ചെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല.
എന്നാല്‍ ഇത്തരം ആരോപണങ്ങളെ പൂര്‍ണമായും തള്ളിയിരിക്കുകയാണ് ആശാവര്‍ക്കര്‍മാര്‍. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്നും രാഹുലിനെ വേദിയില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ട് ആരും വിളിച്ചിട്ടില്ലെന്നാണ് ആശമാര്‍ വ്യക്തമാക്കുന്നത്. തിരക്ക് കാരണം പോകുകയാണെന്ന് രാഹുല്‍ അറിയിച്ചെന്നും തുടര്‍ന്ന് തങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കാന്‍ എത്തുകയായിരുന്നെന്നും ആശാവര്‍ക്കര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ മോശം സമയത്ത് തങ്ങള്‍ക്ക് പിന്തുണ അറിയിച്ച് എത്തിയവരില്‍ ഒരാളാണ് രാഹുലെന്നും അതിനാലാണ് രാഹുലിനെ ക്ഷണിച്ചതെന്നും അവര്‍ വ്യക്തമാക്കി.
ആശാവര്‍ക്കര്‍മാരുടെ വാക്കുകള്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെ ഞാന്‍ ക്ഷണിച്ചിരുന്നു. അദ്ദേഹം ഇവിടെ വരികയും അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു. രാഹുലിനോട് പോവുകയാണോ എന്ന് ചോദിച്ചപ്പോള്‍ നല്ല തിരക്കാണെന്ന് പറഞ്ഞു. പീന്നിട് ഒരിക്കലും പോകരുത് ഞങ്ങള്‍ക്ക് വേണ്ടി രണ്ട് വാക്ക് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചുവരികയും ചെയ്തു. അദ്ദേഹം വന്നത് ശരിയാണോ തെറ്റാണോ എന്നൊന്നും പറയേണ്ട ബാധ്യത എനിക്കില്ല. ഞങ്ങളുടെ സമരത്തെ പിന്തുണച്ച എല്ലാവരെയും ഞങ്ങള്‍ ഈ വിജയാഘോഷത്തിന് വിളിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്നും രാഹുലിനെ വേദിയില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ട് ആരും വിളിച്ചിട്ടില്ല. അതിനെക്കുറിച്ച് എനിക്ക് ഒരു അറിവും ഇല്ല. പണിയെടുത്ത കാശ് കിട്ടാത്ത കാലത്ത് കഞ്ഞി കുടിക്കാന്‍ കഴിയാതിരുന്ന കാലത്ത് ഞങ്ങള്‍ക്ക് പിന്തുണ അറിയിച്ച് എത്തിയവരില്‍ ഒരാളാണ് രാഹുല്‍.






