പുതിയ പോലീസ് ജീപ്പ് കിട്ടിയപ്പോള്‍ ഹൈടെക് ആക്കി നഗരത്തില്‍ വിലസി; റീല്‍സും ആക്ഷന്‍ ഹീറോ സെറ്റപ്പും പിന്നാലെ; സ്ഥലം മാറ്റം വന്നപ്പോള്‍ എല്ലാം പൊളിച്ചടുക്കി; സിറ്റി പോലീസിന്റെ ‘ജെന്‍ സി’ വണ്ടിയിപ്പോള്‍ ഓര്‍ഡിനറി; കഥ ഇങ്ങനെ
തൃശൂര്‍ സിറ്റി പോലീസിലെ ജെന്‍ സി വണ്ടിയാക്കി മാറ്റുകയായിരുന്നു ഉദ്യോഗസ്ഥന്. ജീപ്പില്‍ ഫുട്സ്റ്റെപ്പ് പിടിപ്പിച്ചു. വിലപിടിപ്പുള്ള മ്യൂസിക് സിസ്റ്റവും ഘടിപ്പിച്ചു. ആരു കണ്ടാലും ഒന്നുനോക്കും.

തൃശൂര്‍: പുതിയ പോലീസ് ജീപ്പ് കിട്ടിയതിന്റെ ആനന്ദത്തില്‍ ഹൈടെക് ആക്കി നഗരത്തിലൂടെ വിലസിയ പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം വന്നതോടെ എല്ലാം പൊളിച്ചടുക്കി. തൃശൂര്‍ നഗരത്തിലെ എസ്ഐ ആയ ഉദ്യോഗസ്ഥനാണ് പോലീസ് ജീപ്പില്‍ പുതുപുത്തന്‍ മ്യൂസിക് സിസ്റ്റവും ലൈറ്റുകളുമൊക്കെ പിടിപ്പിച്ച് അടിപൊളിയാക്കിയത്. നഗരത്തിലൂടെ വിലസുന്നതിനിടെ സ്ഥലം മാറ്റം വന്നതോടെ അതിന്റെ കലിപ്പില്‍ എല്ലാം പൊളിച്ചുമാറ്റി!
തൃശൂര്‍ സിറ്റി പോലീസിലെ ജെന്‍ സി വണ്ടിയാക്കി മാറ്റുകയായിരുന്നു ഉദ്യോഗസ്ഥന്. ജീപ്പില്‍ ഫുട്സ്റ്റെപ്പ് പിടിപ്പിച്ചു. വിലപിടിപ്പുള്ള മ്യൂസിക് സിസ്റ്റവും ഘടിപ്പിച്ചു. ആരു കണ്ടാലും ഒന്നുനോക്കും. പഴയ ഉദ്യോഗസ്ഥന് ഉപയോഗിച്ചിരുന്ന വണ്ടി ശ്രദ്ധിക്കപ്പെട്ടത് വ്യത്യസ്തമായ ലൈറ്റുകള്‍ കൊണ്ടായിരുന്നു. അതിനോട് കിടപിടിക്കുന്ന രീതിയില്‍തന്നെ നല്ല മൊഞ്ചുള്ള വണ്ടിയാക്കി മാറ്റി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വണ്ടിയുടെ പശ്ചാത്തലത്തില്‍ റീല്‍സും വന്നു. പൊലീസ് പട്രോളിങ്ങിനിടെ നല്ല പാട്ടു കേട്ട് പോകാം. തൃശൂര്‍ സിറ്റി പൊലീസില്‍ എല്ലാവരും ഈ വണ്ടി നോട്ടമിടുകയും ചെയ്തു.
ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥനായതു കൊണ്ടുതന്നെ വണ്ടിയില്‍ വന്നിറങ്ങുമ്പോഴും കിട്ടി സിനിമാസ്റ്റൈല്‍ സ്വീകാര്യത. നവമാധ്യമങ്ങളിലെ റീല്‍സിനും ലൈക്കുകളുടെ പെരുമഴ. തൃശൂര്‍ സിറ്റി പൊലീസില്‍ സൂപ്പര്‍ സ്റ്റാര്‍ ആയി വാഴുമ്പോഴായിരുന്നു ഇടിമിന്നല്‍ പോലെ സ്ഥലംമാറ്റ ഉത്തരവിന്റെ വരവ്. ഒരിക്കലും സ്ഥലംമാറ്റമുണ്ടാകില്ലെന്ന് കരുതിയിരുന്ന ഉദ്യോഗസ്ഥന് ഉത്തരവ് കണ്ടപ്പോള്‍ നിരാശയായി. സ്ഥലംമാറ്റം റദ്ദാക്കാന്‍ നെട്ടോട്ടമോടി. പകരം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണെങ്കില്‍ ജോയിന്‍ ചെയ്യാന്‍ എത്തുകയും ചെയ്തു.
പണികളൊന്നും ഫലിക്കാതെ വന്നതോടെ കസേര ഒഴിയുന്നത് പരമാവധി നീട്ടാനായി ശ്രമം. പക്ഷേ, സ്ഥലംമാറ്റ ഉത്തരവ് റദ്ദായില്ല. പിന്നെ എങ്ങനെ ‘കലിപ്പ്’ തീര്‍ക്കും എന്നായി ചിന്ത. പുതിയ ജീപ്പില്‍ ഫിറ്റ് ചെയ്ത ഫുട് സ്റ്റെപ്പും സ്റ്റീരിയോയും ഡ്രൈവറോട് പറഞ്ഞ് അഴിച്ചുമാറ്റി. പുതിയതായി വരുന്ന ഉദ്യോഗസ്ഥന് അങ്ങനെയങ്ങ് തൃശൂര്‍ സിറ്റി പൊലീസില്‍ മൊഞ്ചുള്ള വണ്ടിയില്‍ വിലസേണ്ട. നേരത്തെ ഈ ജീപ്പ് കണ്ടിട്ടുള്ള സേനാംഗങ്ങളും ഞെട്ടി. എവിടെപ്പോയി വണ്ടിയുടെ എക്സ്ട്രാ ഫിറ്റിങ്സെല്ലാം? ഷോറൂമില്‍ നിന്നിറങ്ങിയ അതേമട്ടിലായല്ലോ വണ്ടി ഇപ്പോള്‍. മ്യൂസിക് സിസ്റ്റമില്ലാതെ ഫുട് സ്റ്റെപ്പില്ലാതെ തൃശൂര്‍ സിറ്റി പൊലീസില്‍ ഈ വണ്ടി ഇപ്പോഴും കറങ്ങുന്നുണ്ട്. വണ്ടിയിലെ എക്സ്ട്രാ ഫിറ്റിംഗ്സ് കൈയില്‍നിന്നു കാശുമുടക്കി ചെയ്തതാണോ അതോ സ്പോണ്‍സര്‍ഷിപ്പാണോ എന്നു പരിശോധിക്കുകയാണ് രഹസ്യാന്വേഷണ വിഭാഗം.






