Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsTechTRENDINGWorld

ട്രംപ് പറയുന്നതില്‍ കാര്യമുണ്ട്, അമേരിക്കന്‍ ആണവായുധങ്ങള്‍ അറുപഴഞ്ചനായി; ചൈനയും റഷ്യയും മുന്നേറുമ്പോള്‍ അമേരിക്ക പരിശോധന നടത്തിയത് 30 വര്‍ഷം മുമ്പ്; കലാവധി കഴിഞ്ഞെന്ന 10 വര്‍ഷം മുമ്പത്തെ പെന്റഗണ്‍ റിപ്പോര്‍ട്ടും മുക്കി; ജരാനരകള്‍ ബാധിച്ച് പോര്‍മുനകള്‍

നിലവില്‍ അമേരിക്ക 1.7 ട്രില്യണ്‍ ഡോളറിന്റെ ആധുനികവത്കരണത്തിന് തുടക്കമിട്ടിട്ടുണ്ട്. അടുത്ത മുപ്പതു വര്‍ഷത്തിനിടെ ഈ തുക ചെലവഴിക്കപ്പെടും. ന്യൂക്ലിയര്‍ അന്തര്‍വാഹിനി മുതല്‍ അത്യാധുനിക ബോംബര്‍ ജെറ്റുകള്‍വരെ ഉള്‍പ്പെടും. ന്യൂക്ലിയര്‍ ആയുധങ്ങളുടെ നവീകരണവും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍, ഈ തുകയൊന്നും ലക്ഷ്യം നേടാന്‍ മതിയാകില്ലെന്നാണു വിലയിരുത്തല്‍.

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ് ആണവായുധ പരീക്ഷണങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചത് എന്തുകൊണ്ടെന്ന ചര്‍ച്ചകള്‍ മുറുകുന്നു. 1992 മുതല്‍ അമേരിക്ക സ്വമേധയാ നിലനിര്‍ത്തിയിരുന്ന ആണവ പരീക്ഷണ മൊറട്ടോറിയം അവസാനിപ്പിച്ചുകൊണ്ടാണ് ഈ അമ്പരപ്പിക്കുന്ന നയപരമായ മാറ്റം. റഷ്യയുടെയും ചൈനയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പദ്ധതികളുമായി ഒപ്പമെത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ട്രംപ് പറഞ്ഞു. ഈ രണ്ട് രാജ്യങ്ങളും പരീക്ഷണ ശേഷി വര്‍ധിപ്പിക്കുമ്പോള്‍ യുഎസ് കയ്യും കെട്ടി നോക്കി നിന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.

ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് ട്രംപ് തന്റെ തീരുമാനം അറിയിച്ചത്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ആണവായുധങ്ങള്‍ യുഎസിനുണ്ട്. റഷ്യ രണ്ടാമതാണ്, ചൈന വളരെ പിന്നിലാണെങ്കിലും അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒപ്പമെത്തുമെന്ന് ട്രംപ് പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ പരീക്ഷണ പരിപാടികള്‍ കാരണം, തുല്യമായ അടിസ്ഥാനത്തില്‍ നമ്മുടെ ആണവായുധങ്ങള്‍ പരീക്ഷിക്കാന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാറിന് (യുദ്ധവകുപ്പ്) ട്രംപ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആ പ്രക്രിയ ഉടന്‍ ആരംഭിക്കും. തന്റെ ആദ്യ ഭരണകാലത്ത് അമേരിക്കയുടെ ആണവായുധ ശേഖരത്തില്‍ നടത്തിയ പൂര്‍ണമായ നവീകരണത്തിന്റെയും പുനരുദ്ധാരണത്തിന്റെയും ക്രെഡിറ്റും ട്രംപ് അവകാശപ്പെട്ടു. ‘ഭയങ്കരമായ വിനാശകരമായ ശക്തി കാരണം, ഇത് ചെയ്യാന്‍ എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല, പക്ഷേ മറ്റ് വഴിയുണ്ടായിരുന്നില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ പ്രസ്താവനയെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും പിന്തുണച്ചു.

Signature-ad

 

1992ല്‍ ആണ് അമേരിക്ക ഏറ്റവുമൊടുവില്‍ ആണവായുധ പരീക്ഷണം നടത്തിയത്. കമ്പ്യൂട്ടര്‍ സിമുലേഷനുകളും സ്‌ഫോടനം ഇല്ലാത്ത ടെസ്റ്റുകളുമാണ് ആയുധങ്ങളുടെ വിശ്വസനീയത മനസിലാക്കാന്‍ അന്നുപയോഗിച്ചത്. എന്നാല്‍ മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം അമേരിക്കന്‍ ആണവായുധങ്ങള്‍ക്കു ക്ഷയം സംഭവിച്ചെന്നാണു പറയുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് അമേരിക്കന്‍ സെനറ്റര്‍മാരായ റോഗര്‍ വിക്കറും ഡെബ് ഫിഷറും വാള്‍സ്ട്രീറ്റ് ജേണലില്‍ എഴുതിയ ആര്‍ട്ടിക്കിളിലും അമേരിക്കയുടെ ന്യൂക്ലിയര്‍ ആയുധങ്ങള്‍ അപകടകരമാംവിധം കാലാവധി കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടിയിരുന്നു.

‘കഴിഞ്ഞ 75 വര്‍ഷത്തിലേറെയായി അമേരിക്കയുടെ സുരക്ഷ നിശ്ചയിച്ചിരുന്നതിലെ പ്രധാന ഘടകം ആണവായുധങ്ങളായിരുന്നു. സോവിയറ്റ് യൂണിയന് ഞങ്ങളുടെ പക്കലുള്ള ആയുധത്തിന്റെ ശേഷിയെക്കുറിച്ചു ധാരണയുണ്ടായിരുന്നു. അതാണ് ഞങ്ങള്‍ക്കെതിരേ നീങ്ങാതിരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. എന്നാല്‍, ഇവ നവീകരിക്കാനുള്ള പണം പിന്നീട് അനുവദിച്ചില്ല. കോണ്‍ഗ്രസും (പാര്‍ലമെന്റ്) വൈറ്റ്ഹൗസും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും’ അവര്‍ ആവശ്യപ്പെട്ടിരുന്നു.

 

റേഡിയോ ആക്ടീവ് പദാര്‍ഥം ഐസോടോപ്പുകളായി വിഭജിക്കപ്പെടുന്ന ‘ഡീകേ’ എന്ന അവസ്ഥിലേക്ക് എത്തുന്നെന്നാണു പറയുന്നത്. ആണവ പദാര്‍ഥങ്ങള്‍ വിഭജിക്കാന്‍ നിരവധി വര്‍ഷങ്ങളെടുക്കും. ശീതയുദ്ധാനന്തരം അമേരിക്കന്‍ ആണവായുധങ്ങളുടെ മെയിന്റനന്‍സ് നടന്നിട്ടില്ല. അല്ലെങ്കില്‍ അവ ഇഴഞ്ഞു. അമേരിക്കന്‍ ഭൂഖണ്ഡാന്തര മിസൈലുകളില്‍ ഉപയോഗിക്കുന്ന ആണവായുധങ്ങള്‍ ശോഷിച്ചെന്നു പത്തുവര്‍ഷം മുമ്പ് പെന്റഗണ്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഈ കണ്ടെത്തല്‍ പുറത്തുവന്നില്ല. ന്യൂക്ലിയര്‍ ആയുധങ്ങള്‍ കൊറിയര്‍ കമ്പനിയായ ഫെഡെക്‌സ് മുഖാന്തിരം മൂന്നു സംസ്ഥാനങ്ങളിലേക്കു മാറ്റിയതും ഞെട്ടിക്കുന്ന വിവാദമായിരുന്നു. അമേരിക്കന്‍ ന്യൂക്ലിയര്‍ ആണവായുധങ്ങളോടു കാട്ടിയ അവഗണനയുടെ ഏറ്റവും വലിയ ഉദാഹരണമായി ഇതു ചൂണ്ടിക്കാട്ടി.

കനത്ത സൈനിക ശക്തിയായിട്ടും അമേരിക്കയുടെ പല പോര്‍മുനകളും ഡെലിവറി സംവിധാനങ്ങളും ജരാനരകള്‍ ബാധിച്ചു തുടങ്ങി. അറുപതുകളിലും എണ്‍പതുകളിലും ഡിസൈന്‍ ചെയ്ത കമാന്‍ഡ് കണ്‍ട്രോള്‍ നിര്‍മിതികളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഇവയുടെ പ്രവര്‍ത്തനത്തെപ്പറ്റിയും കടുത്ത ആശങ്കകളുണ്ട്.

 

നിലവില്‍ അമേരിക്ക 1.7 ട്രില്യണ്‍ ഡോളറിന്റെ ആധുനികവത്കരണത്തിന് തുടക്കമിട്ടിട്ടുണ്ട്. അടുത്ത മുപ്പതു വര്‍ഷത്തിനിടെ ഈ തുക ചെലവഴിക്കപ്പെടും. ന്യൂക്ലിയര്‍ അന്തര്‍വാഹിനി മുതല്‍ അത്യാധുനിക ബോംബര്‍ ജെറ്റുകള്‍വരെ ഉള്‍പ്പെടും. ന്യൂക്ലിയര്‍ ആയുധങ്ങളുടെ നവീകരണവും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍, ഈ തുകയൊന്നും ലക്ഷ്യം നേടാന്‍ മതിയാകില്ലെന്നാണു വിലയിരുത്തല്‍.

ദ ഹെറിറ്റേജ് ഫൗണ്ടേഷനിലെ അനലിസ്റ്റായ റോബര്‍ പീറ്റേഴ്‌സ് പറയുന്നത് അനുസരിച്ച് അമേരിക്കയുടെ ആണവായുധങ്ങള്‍ ഇന്നുപയോഗിക്കാന്‍ കഴിയാത്തവിധം പഴഞ്ചനായെന്നാണ്. 2024ല്‍ ആധുനികവത്കരണം പൂര്‍ത്തിയാക്കുമെന്നു പറയുമ്പോഴും അത് 21-ാം നൂറ്റാണ്ടിലെ ആവശ്യത്തിനു മതിയാകില്ലെന്നും പറയുന്നു. ചൈനയും റഷ്യയും വടക്കന്‍ കൊറിയയും ഇറാനും അവയുടെ ന്യുക്ലിയര്‍ മിസൈല്‍ സാങ്കേതങ്ങള്‍ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ അമേരിക്ക 10 വര്‍ഷത്തെ താമസം വരുത്തി. ചെറിയ രാജ്യങ്ങള്‍പോലും ആണവ നവീകരണത്തിന്റെ പാതയിലാണ്. പാകിസ്താന്‍ പോലും 2024 മുതല്‍ ഭൂഖണ്ഡാന്തര മിസൈലിന്റെ നിര്‍മിതിയിലാണ്.

ഠ ടെസ്റ്റിംഗ് എന്നാല്‍ ഉറപ്പാക്കല്‍

ഭൗതിക പരീക്ഷണം ഒഴിവാക്കി ഇവ യുദ്ധസജ്ജമാണെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യമെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് പറയുന്നത്. എന്നാല്‍, പരീക്ഷണം ഏതുതരത്തിലുണ്ടായാലും അത് റഷ്യ പോലുള്ള രാജ്യങ്ങളെ പ്രകോപിപ്പിക്കാനും അവരും പരീക്ഷണങ്ങള്‍ക്ക് ഇറങ്ങാനും ഇടയാക്കുമെന്നുമാണ് ആംസ് കണ്‍ട്രോള്‍ അസോസിയേഷന്റെ ഡാരില്‍ കിംബാള്‍ അടക്കമുള്ളവര്‍ പറയുന്നത്.

റഷ്യ അടുത്തിടെ പ്രധാന ആയുധ നിയന്ത്രണ കരാറുകളില്‍ നിന്ന് പിന്മാറുകയും തങ്ങളുടെ നൂതന ആണവ ശേഷികള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഈ മാസം പ്രസിഡന്റ്് വ്‌ലാഡിമിര്‍ പുടിന്‍ റഷ്യയുടെ പോസിഡോണ്‍ ആണവശക്തിയുള്ള സൂപ്പര്‍ ടോര്‍പ്പിഡോയുടെ വിജയകരമായ പരീക്ഷണം പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 21-ന് ബുറേവെസ്റ്റ്‌നിക് ആണവ ക്രൂയിസ് മിസൈല്‍ പരീക്ഷിക്കുകയും തന്ത്രപരമായ സേനയുമായി ബന്ധപ്പെട്ട വിക്ഷേപണ അഭ്യാസങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അതേസമയം, ചൈനയും ആയുധങ്ങളുടെ നവീകരണം അതിവേഗം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ചൈനയ്ക്ക് യുഎസിനും റഷ്യക്കും തുല്യമായ ആണവ ശേഷിയിലെത്താന്‍ കഴിയുമെന്നാണ് യുഎസ് ഇന്റലിജന്‍സ് വിലയിരുത്തലുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി ദക്ഷിണ കൊറിയയിലെ ബുസാനില്‍ വെച്ച് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ട്രംപിന്റെ ഈ പ്രഖ്യാപനം വന്നത് എന്നത് ഈ നീക്കത്തിന്റെ തന്ത്രപരവും പ്രതീകാത്മകവുമായ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. പെന്റഗണ്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ലെങ്കിലും, പരീക്ഷണ സ്ഥലങ്ങളെയും സമയക്രമങ്ങളെയും കുറിച്ച് പ്രതിരോധ ഉദ്യോഗസ്ഥര്‍ ഈ ആഴ്ച അവസാനം മാധ്യമങ്ങളെ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

America’s nuclear weapons are aging and require updates. President Trump’s decision to resume nuclear testing aims to ensure the arsenal’s reliability. This move comes as adversaries like Russia and China advance their capabilities. While controversial, testing could bolster deterrence. Modernization efforts are underway but may face delays. The focus is on maintaining a credible nuclear deterrent for national security.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: