ബിഹാര്‍ തെരഞ്ഞെടുപ്പ് എന്തു വിലകൊടുത്തും പിടിക്കാന്‍ ബിജെപി; ഹരിയാനയിലെ ബിഹാറി കുടിയേറ്റക്കാരെ തിരികെയെത്തിക്കും; തെരഞ്ഞെടുപ്പു ദിവസങ്ങളില്‍ പ്രത്യേകം ട്രെയിന്‍; മൂന്നുലക്ഷം പേരെ എത്തിക്കാനുള്ള ചുമതല കേന്ദ്രമന്ത്രിമാര്‍ അടക്കം 54 മുതിര്‍ന്ന നേതാക്കള്‍ക്ക്

ഗുരുഗ്രാം: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി പ്രചാരണം കടുപ്പിച്ചതിനു പിന്നാലെ മറുതന്ത്രവുമായി ബിജെപി. ഹരിയാനയിലെ ബിഹാറികളായ കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിനാണു തുടക്കമിട്ടത്. ഇവരെ കൂട്ടത്തോടെ ബിഹാറിലെത്തിച്ചു വോട്ടു ചെയ്യിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.
അടുത്തിടെ നടത്തിയ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി അമ്പതുലക്ഷത്തോളം ആളുകളാണു വോട്ടര്‍ പട്ടികയില്‍നിന്നു പുറത്തായത്. മരിച്ചവര്‍, സ്ഥിരമായി താമസം മാറിയവര്‍, ഒന്നിലധികം അസംബ്ലി മണ്ഡലങ്ങളില്‍ പേരുള്ളവര്‍, എവിടെയെന്ന് അറിയാത്തവര്‍ എന്നിവരെയാണു കമ്മീഷന് ഒഴിവാക്കിയത്. ഇതില്‍ കൂടുതലും ബിഹാറില്‍നിന്ന് ഹരിയാനയിലേക്കു കുടിയേറിയവരാണ്. ഇവരെ കണ്ടെത്തി തിരിച്ചെത്തിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നു ‘ദി പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
പട്ടികയില്‍നിന്നു പുറത്തായെങ്കിലും ഇവരെ തിരികെയെത്തിച്ച് നാട്ടിലുള്ളവര്‍ക്കിടയില്‍ പ്രചാരണം നടത്താനുമാണ് ഉദ്ദേശിക്കുന്നതെന്നു മുതിര്‍ന്ന ബിജെപി നേതാക്കള്‍ പറഞ്ഞു. നവംബര്‍ ആറുമുതല്‍ 11 വരെയാണ് ബിഹാറില്‍ തെരഞ്ഞെടുപ്പു നടക്കുക. ഇവര്‍ ജോലി ചെയ്യുന്ന കമ്പനികളെ സമീപിച്ചിട്ടുണ്ടെന്നും ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്നും പാനിപ്പട്ട് ജില്ലാ പ്രസിഡന്റ് ദുഷ്യന്ത് ഭട്ട് പറഞ്ഞു.
പാനിപ്പട്ടില്‍ മാത്രം 25,000 ബിഹാറി കുടിയേറ്റക്കാരുണ്ടെന്നാണു കണക്ക്. ഇതില്‍ 2200 പേര് നഗരത്തില്‍ സ്ഥിരതാമസമാക്കിയവരാണ്. ഇവര്‍ക്കായി പ്രത്യേകം വാഹനങ്ങളും ഏര്‍പ്പെടുത്തും. ഹരിയാനയിലെ 14 ജില്ലകളിലാണ് പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. ഗുരുഗ്രാം, ഫരീദാബാദ്, പല്‍വാല്‍, രോത്തക്, ഝജ്ജാര്‍, സോണിപത്ത്, പാനിപ്പത്ത്, കര്‍ണാല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഇതുവരെ മൂന്നുലക്ഷത്തോളംവരുന്ന ബിഹാറികളില് ഒരുലക്ഷം പേരുമായി ആശയവിനിമയം നടത്തിയെന്നാണു വിവരം. വോട്ടെടുപ്പിന്റെ ദിവസങ്ങളില്‍ പ്രത്യേകം ട്രെയിനുകളും അനുവദിക്കും.
നിലവില്‍ 54 മുതിര്‍ന്ന ഹരിയാന നേതാക്കള്‍ക്ക് ബിഹാറികളെ തിരികെയെത്തിക്കാനുള്ള ചുമതല നല്‍കിയിട്ടുണ്ട്. 25 പേര് കാമ്പെയ്നു തുടക്കമിട്ടു. കേന്ദ്രമന്ത്രി കിഷന് പാല് ഗുര്‍ജാര്‍, വിപുല്‍ ഗോയല്‍, റാവു നര്‍ബിര്‍ സിംഗ്, കൃഷന് കുമാര്‍ ബേദി, ഗൗരവ് ഗൗതം, രാജേഷ് നാഗര്‍ എന്നിവര്‍ക്കു പുറമേ എംഎല്‍എമാര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്.
Haryana BJP has a game plan for Bihar polls, and migrants will be key players






