ആഢംബര ബസ് വിറ്റുകിട്ടിയ 75 ലക്ഷവുമായി ചായ കുടിക്കാൻ കയറി, മെഡിക്കൽ ഷോപ്പിന്റെ വരാന്തയിൽ ബാഗ് വച്ച് ശുചിമുറിയിൽ കയറിയ നേരത്ത് മോഷണം, തടയാൻ ശ്രമിച്ച ഉടമയെ തള്ളിയിട്ട് കടന്നുകളഞ്ഞ് പ്രതികൾ

തൃശൂർ: മണ്ണുത്തി ദേശീയപാതയിൽ ആഡംബര ബസ് ഉടമയെ വെട്ടിച്ച് 75 ലക്ഷം രൂപ അടങ്ങിയ ബാഗുമായി മോഷ്ടാക്കൾ കടന്നു. അറ്റ്‌ലസ് ബസ് ഉടമ എടപ്പാൾ കൊലവളമ്പ് കണ്ടത്തുവച്ചപ്പിൽ മുബാറക് (53) ആണ് വൻ കവർച്ചയ്ക്ക് ഇരയായത്. ഇന്നലെ പുലർച്ചെ നാലരയോടെയാണു സംഭവം. തന്റെ ബസ് വിറ്റ വകയിൽ ലഭിച്ച പണവുമായി ബെംഗളൂരുവിൽ നിന്ന് സ്വന്തം ബസിൽ തൃശൂരിൽ എത്തിയതായിരുന്നു മുബാറക്.
ഇതിനിടെ മണ്ണുത്തി ബൈപാസ് ജംക്‌ഷനിലിറങ്ങിയ ശേഷം ചായ കുടിക്കാൻ ദേശീയപാതയോരത്തെ സർവീസ് റോഡിലെത്തി. വഴിയിൽ മെഡിക്കൽ ഷോപ്പിന്റെ വരാന്തയിൽ മുബാറക്ക് ബാഗ് വച്ച ശേഷം കടയുടമയോടു പറഞ്ഞിട്ടു ശുചിമുറിയിലേക്കു പോയതിനു പിന്നാലെയായിരുന്നു കവർച്ച.
ബസ് ഉടമ ശുചിമുറിയിലേക്കു കയറിയ ഉടൻ തൊപ്പി ധരിച്ച ഒരാൾ ബാഗ് എടുത്തുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതുകണ്ട മുബാറക് ഓടിവന്നു തടയാൻ ശ്രമിച്ചു. ഇതിനിടെ സമീപത്തുണ്ടായിരുന്ന കാറിൽ നിന്നു പുറത്തിറങ്ങിയ മൂന്നു പേരുമായി പിടിവലി ഉണ്ടായി. ഇവർ മുബാറക്കിനെ തള്ളിയിട്ട് ഒരു വാനിൽ കയറി മണ്ണുത്തി ഭാഗത്തേക്കു രക്ഷപ്പെട്ടു. വാൻ കണ്ടെത്താൻ ദേശീയപാതയിലടക്കം വ്യാപക തിരച്ചിൽ തുടരുന്നതായി പോലീസ് അറിയിച്ചു. അതേസമയം പ്രതികൾക്ക് ബെഗളൂരുവുമായി ബന്ധമുണ്ടോയെന്ന സംശയവും ബലപ്പെടുന്നു.






