ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കെട്ടിപ്പിടിക്കാനും സെല്‍ഫിയെടുക്കാനും മോഹിച്ചു ; പക്ഷേ കിട്ടിയത് ജാവോ ഫെലിക്‌സിനെ ; ഗോവയില്‍ സുരക്ഷാവീഴ്ച വരുത്തിയ മലയാളി ആരാധകന്‍ ജയിലില്‍

പനാജി: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ സഹതാരത്തിനൊപ്പം കെട്ടിപ്പിടിച്ച് സെല്‍ഫിയെടുത്തതിന് കേരള ഫുട്‌ബോള്‍ ആരാധകന്‍ രാത്രിമുഴുവന്‍ ജയിലില്‍ ചെലവഴിച്ചു. ഗോവയിലെ ഫറ്റോര്‍ഡയിലെ നെഹ്റു സ്റ്റേഡിയത്തില്‍ അല്‍-നാസറും എഫ്സി ഗോവയും തമ്മിലുള്ള എഎഫ്സി ചാമ്പ്യന്‍സ് ലീഗ് രണ്ട് മത്സരത്തിനിടെ പോര്‍ച്ചുഗീസ് താരം ജോവോ ഫെലിക്സിനെ കെട്ടിപ്പിടിച്ച് സെല്‍ഫി എടുത്തതിന് ഒരു കേരള ഫുട്‌ബോള്‍ ആരാധകന് നിയമപരമായ നടപടികള്‍ നേരിടേണ്ടി വന്നു.
നിയന്ത്രിത പ്രദേശത്ത് പ്രവേശിച്ച് രണ്ട് അന്താരാഷ്ട്ര കളിക്കാരുടെ സുരക്ഷാ വീഴ്ച വരുത്തിയെന്നാണ് ആക്ഷേപം. സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് പോര്‍ച്ചുഗീസ് ഫോര്‍വേഡിനെ സമീപിച്ച ആവേശഭരിതനായ ആരാധകനൊപ്പം സെല്‍ഫി എടുക്കാന്‍ താരം സമ്മതിച്ചു. എന്നാല്‍ ഫോണ്‍ പിടിച്ചെടുത്ത സുരക്ഷാഭടന്മാര്‍ ഫോണില്‍ നിന്ന് സെല്‍ഫി ഇല്ലാതാക്കി അയാള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. രണ്ടാം പകുതിയില്‍ ഫെലിക്‌സ് സൈഡില്‍ വാം-അപ്പ് ചെയ്യുന്നതിനിടെയാണ് സംഭവം.
എഫ്സി ഗോവയുടെ സിഇഒ രവി പുസ്‌കൂര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ സുരക്ഷാ വീഴ്ചയെക്കുറിച്ച് സംസാരിച്ചു. സുരക്ഷാ വീഴ്ചയില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്സി) ഗോവന്‍ ക്ലബ്ബിന് 10,0000 യുഎസ് ഡോളര്‍ (ഏകദേശം 8.8 ലക്ഷം രൂപ) പിഴ ചുമത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ആരാധകരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് എഫ്സി ഗോവ അച്ചടക്ക നടപടി നേരിടുന്നത് ആദ്യമല്ല. സെപ്റ്റംബറില്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ സ്‌മോക്ക് ഗണ്‍ ഉപയോഗിച്ചതിന് ക്ലബ്ബ് പിഴ നേരിട്ടു. മത്സരത്തില്‍ അല്‍ നാസര്‍ തുടര്‍ച്ചയായ മൂന്നാം വിജയം നേടി.






