ആര്‍എസ്എസ് ഗ്രാഫിക് ചിത്രത്തിന് പിന്നാലെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത 20 ലക്ഷം കൈമാറി വിജയ് ; താരത്തിന്റെ പാര്‍ട്ടി ദീപാവലി ആഘോഷവും വേണ്ടെന്ന് വെച്ചു

ചെന്നൈ: ഡിഎംകെ യുടെ പരിഹാസത്തിനും ആര്‍എസ്എസ് യൂണിഫോമിയുള്ള ഗ്രാഫിക് ചിത്രത്തിനും പിന്നാലെ കരൂര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം കൈമാറി തമിഴ്‌സൂപ്പര്‍താരം വിജയ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കി. പാര്‍ട്ടിയുടെ പേരില്‍ ആരും ദീപാവലി ആഘോഷിക്കരുതെന്ന് ടിവികെ നിര്‍ദേശവും നല്‍കി.
വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്. വിജയ്യെ ആര്‍എസ്എസ് യൂണിഫോമില്‍ അവതരിപ്പിച്ച് കാര്‍ട്ടൂണും ഡിഎംകെ പങ്കുവെച്ചിരുന്നു. ടിവികെയുടെ റാലിയില്‍ പങ്കെടുക്കുന്നതിനായി എത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരണമടഞ്ഞത് സെപ്റ്റംബര്‍ 27നായിരുന്നു.
അതിനിടയില്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പാര്‍ട്ടി ദീപാവലി ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനം എടുത്തിരിക്കുകയാണ് ടിവികെ. ദുരന്തബാധിതര്‍ക്ക് വേണ്ടി അനുശോചനപരിപാടികള്‍ നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം ഇതുവരെ കരൂരില്‍ വിജയ് സന്ദര്‍ശനത്തിന് എത്തിയിട്ടില്ല. കരൂര്‍ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് കരൂരില്‍ പോയില്ലെന്നും തിരക്കഥ ശരിയായില്ലേ എന്നും പരിഹസിച്ചു. അനുമതി കിട്ടിയില്ലെന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയാനുള്ളതെന്ന ചോദ്യവും ഡിഎംകെ ഉയര്‍ത്തുന്നുണ്ട്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്‌സ് പോസ്റ്റില്‍ ഡിഎംഎകെയുടെ വിമര്‍ശനം.
നേരത്തേ ചോരപ്പാടുകള്‍ ഉള്ള ഷര്‍ട്ട് ധരിച്ചു ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നില്‍ക്കുന്ന വിജയുടെ ഗ്രാഫിക്‌സ് ചിത്രം ഡിഎംകെ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ ചോരയുടെ നിറത്തില്‍ കൈപ്പത്തി അടയാളങ്ങളും പതിപ്പിച്ചിട്ടുണ്ട്. പബ്ലിസിറ്റിക്ക് വേണ്ടി ആളെക്കൂട്ടി അപകടമുണ്ടാക്കി എന്നും വിമര്‍ശിച്ചിട്ടുണ്ട്.
ഡിഎംകെ ഐടി വിങ് ആണ് എക്‌സ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കരൂര്‍ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് കരൂരില്‍ പോയില്ലെന്നും തിരക്കഥ ശരിയായില്ലേ എന്നും പരിഹസിച്ചു. അനുമതി കിട്ടിയില്ലെന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയാനുള്ളതെന്ന ചോദ്യവും ഡിഎംകെ ഉയര്‍ത്തുന്നുണ്ട്.






