സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം: മാനേജ്‌മെന്റിന് കോടതിയില്‍ തിരിച്ചടി; ഡിഡിഇയുടെ ഉത്തരവിന് സ്‌റ്റേ ഇല്ല; ഇനി സ്‌കൂളിലേക്ക് അയയ്ക്കില്ലെന്നു രക്ഷിതാവ്

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഹിജാബ് ധരിച്ച് കുട്ടിയെ ക്ലാസിലിരിക്കാന്‍ അനുവദിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല. കുട്ടിയെ ടിസി വാങ്ങി മറ്റൊരു സ്‌കൂളിലേക്ക് മാറ്റാനാണ് രക്ഷിതാവിന്റെ തീരുമാനം.
ഹിജാബ് ധരിച്ച് കുട്ടിയെ ക്ലാസിലിരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹിജാബ് വിഷയം അന്വേഷിച്ച ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ്. ഇതിനെതിരെ സ്‌കൂള്‍ ഹര്‍ജി നല്‍കിയെങ്കിലും ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. കൂടാതെ, ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം, കുട്ടിയെ ഇനി സെന്റ് റീത്താസ് സ്‌കൂളിലേക്ക് അയക്കില്ലെന്ന തീരുമാനത്തിലാണ് രക്ഷിതാവ്. സ്‌കൂളിന്റെ നിയമങ്ങള്‍ അനുസരിച്ച് കുട്ടി വന്നാല്‍ തുടര്‍ന്ന് പഠിക്കാമെന്ന നിലപാട് സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ അധികൃതര്‍ ആവര്‍ത്തിച്ചു. കുട്ടിയുടെ മാനസിക വിഷമത്തിന് ഉത്തരവാദി സ്‌കൂള്‍ മാനേജ്‌മെന്റ് ആണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കുറ്റപ്പെടുത്തി.
എന്നാല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് ഹിജാബ് വിവാദം എന്നായിരുന്നു ബിജെപിയുടെ ആരോപണം. സ്‌കൂള്‍ അധികൃതര്‍ക്ക് ശിരോവസ്ത്രം വിലക്കാനാവില്ലെന്ന് എസ്വൈഎസും പ്രതികരിച്ചു.






