Breaking NewsKeralaLead NewsNEWS

ഗ്രാനേഡിന്റെ പിൻ വലിക്കുമ്പോൾ എംപിയുണ്ട് അപ്പുറത്ത് എറിയരുതെന്ന് മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ… ഡിവൈഎസ്പി ഹരിപ്രസാദിന്റെ ഒരു കയ്യിൽ ലാത്തിയും ഒരു കയ്യിൽ ടിയർ ഗ്യാസും, ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺ​ഗ്രസ്

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ സ്‌ഫോടക വസ്തുവെറിഞ്ഞ കേസിൽ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തതിനു പിന്നാലെ പോലീസിനെതിരെയുള്ള ദൃശ്യങ്ങൾ പുറത്ത് വിട്ട് കോൺഗ്രസ്. ആറ് ദൃശ്യങ്ങളാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ വാർത്താ സമ്മേളനത്തിനിടെ പുറത്ത് വിട്ടത്. സംഭവത്തിൽ പോലീസ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തെന്നും എന്നാൽ കേസ് എടുക്കാനാവശ്യമായ തെളിവുകളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

‘ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഒന്ന് ഷാഫി പറമ്പിൽ എംപി ഒന്നാം പ്രതിയും ഞാൻ രണ്ടാം പ്രതിയുമായ കേസ്, മറ്റൊന്ന് സ്‌ഫോടന വസ്തുവെറിഞ്ഞ കേസ്. രണ്ടാമത്തെ എഫ്‌ഐആറിൽ ആരുടെയും പേരില്ല. പക്ഷേ അറസ്റ്റ് ചെയ്ത്ഏഴ് പേരെ, ഇതിൽ അഞ്ച് പേരെ കോടതിയിൽ ഹാജരാക്കി. ആ പ്രതികൾ എവിടെയാണ് സ്‌ഫോടക വസ്തുവെറിഞ്ഞത്. തെളിവുണ്ടോ? ഫോറൻസിക് റിപ്പോർട്ടുണ്ടോ? സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് കേസെടുത്തത്. അപ്പോഴേക്കും ആയിരങ്ങൾ അതിലൂടെ കടന്നുപോയി. മുഖം നഷ്ടപ്പെട്ട സിപിഐഎമ്മിന്റെയും വില കുറഞ്ഞ പോലീസിന്റെയും മുഖം മിനുക്കലാണ് ഈ അറസ്റ്റ്’, പ്രവീൺ കുമാർ വ്യക്തമാക്കി.

Signature-ad

അതേസമയം പോലീസ് ടിയർ ഗ്യാസ് എറിയുന്നതും ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതുമായ ദൃശ്യമാണ് പ്രവീൺ കുമാർ പുറത്ത് വിട്ടത്. പോലീസ് ഗ്രനേഡ് എറിയുന്നതും ആ പുകയിൽ പരിഭ്രാന്തരായ ആളുകൾക്കിടയിലേക്ക് പോലീസിന്റെ ഭാഗത്ത് നിന്ന് സ്‌ഫോടക വസ്തു വരുന്നതുമായ ദൃശ്യം, ടിയർ ഗ്യാസും ഗ്രനേഡും പൊട്ടിത്തെറിക്കുന്നതിന്റെ മറ്റൊരു ദൃശ്യം, ഡിവൈഎസ്പി ഹരിപ്രസാദിന്റെ ഒരു കയ്യിൽ ലാത്തിയും ഒരു കയ്യിൽ ടിയർ ഗ്യാസുമുള്ള ദൃശ്യം എന്നിവയാണ് പുറത്തുവിട്ടത്. അതുപോലെ ഗ്രാനേഡിന്റെ പിൻ വലിക്കുമ്പോൾ എംപിയുണ്ട് അപ്പുറത്ത് എറിയരുതെന്ന് മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പറയുന്നത് വീഡിയോയിൽ കാണാമെന്നും പ്രവീൺ പറഞ്ഞു.

അന്നത്തെ പോരാമ്പ്ര സംഭവത്തിൽ സ്‌ഫോടനം ഉണ്ടാക്കിയതും ഇരകളെ വേട്ടയാടിയതും പോലീസാണെന്ന് പ്രവീൺ പറഞ്ഞു. പരിപാടിക്ക് ശേഷം രണ്ട് ദിവസം കനത്ത മഴയായിരുന്നു. അതിന് ശേഷമാണ് ഫോറൻസിക് പരിശോധന നടത്തിയതെന്ന് പ്രവീൺ ആരോപിച്ചു. ‘നമ്മുടെ തർക്കം പോലീസുമായാണ്. ഇവിടെ സിപിഐഎമ്മിന് എന്ത് കാര്യം. പോലീസിനെതിരെ വിമർശിച്ചതിന് കെ സി വേണുഗോപാലിനെയും ഷാഫി പറമ്പിലിനെയും ജയരാജനും ടി പി രാമകൃഷ്ണനും എന്തിനാണ് ഭീഷണിപ്പെടുത്തിയത്. സാധാരണപ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുമ്പോൾ എംപി പോകുന്നതാണോ തെറ്റ്. വിജയാഹ്ലാദ പ്രകടനം നടത്തിയത് ആണോ സ്പർധ? പ്രവീൺ ചോദിച്ചു. പേരാമ്പ്ര സംഭത്തിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: