‘പ്രസ്താവനയോട് യോജിക്കുന്നില്ല’; രാഹുല്‍ ഗാന്ധിക്കെതിരേ കൊലവിളി നടത്തിയ പ്രിന്റു മഹാദേവനെ തള്ളി രാജീവ് ചന്ദ്രശേഖര്‍; ‘വ്യക്തിപരമായ വൈരാഗ്യം പാര്‍ട്ടി നിലപാടല്ല’

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പ്രസംഗം നടത്തിയ ബിജെപി വക്താവ് പ്രിന്റു മഹാദേവനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പ്രിന്റുവിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും വ്യക്തിപരമായ വൈരാഗ്യം പാര്‍ട്ടിയുടെ നിലപാട് അല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വക്താവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി പിന്തുണ ഇല്ലെന്ന പ്രിന്റു മഹാദേവന്റെ പരാതിയെ കുറിച്ച് തനിക്ക് അറിയില്ല. പുറത്ത് വന്ന ചാറ്റുകളെ കുറിച്ച് അറിയില്ല. ചിലര്‍ രസത്തിന് വേണ്ടി എന്തോ ചെയ്യുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സ്വകാര്യ ന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്.
കേസില്‍ പ്രിന്റു മഹാദേവന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. കുന്നംകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രിന്റുവിന് ജാമ്യം അനുവദിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തി എന്ന പരാതിയില്‍ കഴിഞ്ഞ ദിവസം പേരാമംഗലം പൊലീസ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തിരുന്നു. പ്രിന്റുവിനെ കണ്ടെത്താന്‍ ബിജെപി നേതാക്കളുടെ വീട്ടില്‍ പൊലീസ് റെയ്ഡും നടത്തിയിരുന്നു. താന്‍ ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന ആളല്ലെന്നായിരുന്നു പ്രിന്റു മാധ്യമങ്ങളോട് പ്രതികരിച്ചത്.
രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു ചാനല്‍ ചര്‍ച്ചയ്ക്കിടെ ബിജെപി വക്താവ് പ്രിന്റു വിവാദ പരാമര്‍ശം നടത്തിയത്. വിവാദ പരാമര്‍ശത്തില്‍ പ്രിന്റു മഹാദേവനെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അഡ്വ ബിപിന്‍ മാമന്റെ മൊഴിയാണ് തിരുവല്ല പൊലീസ് രേഖപ്പെടുത്തിയത്. ഈ മാസം 27 നാണ് ഇമെയില്‍ വഴി ബിപിന്‍ തിരുവല്ല എസ് എച്ച് ഒയ്ക്കാണ് പരാതി നല്‍കിയത്. എന്നാല്‍ പ്രിന്റു മഹാദേവനെതിരെ കെപിസിസി സെക്രട്ടറി സി സി ശ്രീകുമാര്‍ നല്‍കിയ പരാതിയിലാണ് തൃശ്ശൂര്‍ പേരാമംഗലം പൊലീസ് കേസെടുത്തത്. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ പേരാമംഗലം പൊലീസ് കേസെടുത്തിട്ടുള്ളത്.






