Breaking NewsCrimeKeralaLead NewsNEWSNewsthen Special

ഓപ്പറേഷന്‍ നുംഖോര്‍; ഇടനിലക്കാരെ കുറിച്ചു വിവരം ലഭിച്ചു; നിര്‍ണായകമായത് മാഹിന്റെ മൊഴിയെന്ന് കസ്റ്റംസ്

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിൽ നിർണായക വെളിപ്പെടുത്തലുമായി കസ്റ്റംസ്. ഇടനിലക്കാരെ സംബന്ധിച്ച് വിവരം ലഭിച്ചെന്ന് കസ്റ്റംസ് വ്യക്തമാക്കി. മാഹിൻ അൻസാരിയുടെ മൊഴിയാണ് നിർണായകമായത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടനില സംഘത്തിനെതിരെ അന്വേഷണം നടത്തുമെന്നും മാഹിന്റെ ലാൻഡ് റോവർ ഭൂട്ടാനിൽ നിന്ന് നേരിട്ട് ഇറക്കിയത് തന്നെ എന്നും കസ്റ്റംസ് പറഞ്ഞു. അരുണാചൽ പ്രദേശിൽ വ്യാജമായി രജിസ്റ്റർ ചെയ്യുകയാണ് ചെയ്തത്. മാഹിൻ അൻസാരിക്ക് അടുത്ത തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. മാഹിന്റെ കാൾ രേഖകളും യാത്ര രേഖകളും കസ്റ്റംസ് പരിശോധിക്കുന്നു.

നേരത്തേ, നടന്‍ അമിത് ചക്കാലക്കല്‍ വീണ്ടും കസ്റ്റംസിന് മുന്നില്‍ ഹാജരായി. രേഖകള്‍ ഹാജരാക്കാനാണ് അമിത് ചക്കാലക്കല്‍ കസ്റ്റംസ് ഓഫീസില്‍ എത്തിയത്. അമിത്തിന്റെ ഗരാജില്‍ നിന്ന് പിടിച്ചെടുത്ത വണ്ടികളുടെ ഉടമകളും കസ്റ്റംസ് ഓഫീസിലെത്തിയിരുന്നു. രണ്ട് പേരാണ് അമിത് ചക്കാലക്കലിനൊപ്പം എത്തിയത്. അറ്റകുറ്റപ്പണികള്‍ക്കാണ് വാഹനങ്ങള്‍ ഗരേജില്‍ കൊണ്ടുവന്നത് എന്നാണ് അമിത് ചക്കാലക്കല്‍ പറയുന്നത്. നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് കേരളത്തിലേക്ക് വാഹനങ്ങള്‍ കടത്തുന്ന ഇടനിലക്കാര്‍ക്കായി അന്വേഷണം തുടരുകയാണ് കസ്റ്റംസ്.

Signature-ad

റെയ്ഡ് കസ്റ്റംസ് ഇന്നും തുടരുകയാണ്. കള്ളക്കടത്താണെന്ന് സംശയിക്കുന്ന 150 ഓളം വാഹനങ്ങളില്‍ 38 എണ്ണം മാത്രമാണ് ഇതുവരെ പിടികൂടിയത്. അടിമാലിയില്‍ നിന്നും കൊച്ചി കുണ്ടന്നരില്‍ നിന്നുമായി ഇന്നലെ രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തിരുന്നു. അതില്‍ കണ്ണൂരില്‍ നിന്ന് പിടിച്ചെടുത്ത ഫസ്റ്റ് ഓണര്‍ വാഹനം കേന്ദ്രീകരിച്ച് വിശദ അന്വേഷണം തുടങ്ങി. ആസാം സ്വദേശി മാഹിന്‍ അന്‍സാരിയുടെ ഉടമസ്ഥതയിലാണ് കാര്‍. അതേസമയം, നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അടക്കം നോട്ടീസ് നല്‍കുന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ദുല്‍ഖറിന്റെതെന്ന് സംശയിക്കുന്ന രണ്ട് വാഹനങ്ങള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കലില്‍ അന്വേഷണം തുടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് ഉടന്‍ ഇ സി ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും.

നുംഖോര്‍ എന്നാല്‍ ഭൂട്ടാനീസില്‍ കാര്‍ എന്നാണ് അര്‍ത്ഥം. ഭൂട്ടാനില്‍ നിന്ന് ഇത്തരത്തില്‍ വാഹനങ്ങള്‍ വാങ്ങാന്‍ നുംഖോര്‍ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ വെബ്‌സൈറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഗൂഗിളില്‍ നുംഖോര്‍ എന്ന സെര്‍ച്ച് ചെയ്താല്‍ ആദ്യ റിസള്‍ട്ടും ഈ സൈറ്റ് തന്നെയാകും. എന്തായും നുംഖോര്‍ എന്നത് എന്താണെന്ന് അധികം അന്വേഷിക്കണ്ട, അതിന് സിംപിളായി വാഹനം എന്ന് മാത്രമാണ് അര്‍ത്ഥം. അതൊരു ഭൂട്ടാനീസ് പ്രയോഗമാണെന്നതും ഓര്‍ത്തുവയ്ക്കാം. നികുതി വെട്ടിക്കുന്നതിനായി വ്യാജ രേഖകളുണ്ടാക്കി പഴയ വാഹനങ്ങള്‍ ഭൂട്ടാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. തട്ടിപ്പിന്റെ വലിയൊരു റാക്കറ്റിന്റെ ഒരു കണ്ണി മാത്രമാണ് കേരളത്തിലേക്ക് നീളുന്നത്. അതാണ് കസ്റ്റംസ് പരിശോധനയിലൂടെ വെളിപ്പെട്ടത്.

 

Back to top button
error: