‘എന്റെ മുറിയിലേക്ക് വരൂ… ഞാന്‍ നിങ്ങളെ വിദേശയാത്രയ്ക്ക് കൊണ്ടുപോകാം, അതിന് പണം നല്‍കേണ്ടതില്ല’ ; ആള്‍ദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതി തന്റെ ഇരകള്‍ക്ക് അയച്ച സന്ദേശം

ന്യൂഡല്‍ഹി: ‘എന്റെ മുറിയിലേക്ക് വരൂ… ഞാന്‍ നിങ്ങളെ വിദേശയാത്രയ്ക്ക് കൊണ്ടുപോകാം, അതിന് പണം നല്‍കേണ്ടതില്ല’ – ഡല്‍ഹിയിലെ പോഷ് വസന്ത് കുഞ്ചിലുള്ള ഒരു സ്വകാര്യ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ‘ഡയറക്ടര്‍’ ആയ ‘സ്വാമി ചൈതന്യാനന്ദ സരസ്വതി’ തന്റെ സംരക്ഷണയിലുള്ള യുവതികള്‍ക്കയച്ച അശ്ലീല സന്ദേശങ്ങളില്‍ ഒന്നാണിത്.
ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ 50 യുവതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് കണ്ടെടുത്ത വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഡസന്‍ കണക്കിന് സ്ത്രീകള്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്തി. ഇതില്‍ അശ്ലീല സന്ദേശങ്ങളും നിര്‍ബന്ധിച്ചുള്ള ശാരീരിക ബന്ധവും ഉള്‍പ്പെടുന്നു.
ഒരു സന്ദേശത്തില്‍ ‘സ്വാമി ചൈതന്യാനന്ദ’ ഒരു യുവതിയെ പണം വാഗ്ദാനം ചെയ്ത് വശീകരിക്കുന്നുണ്ട്. മറ്റൊരാളെ മോശം മാര്‍ക്ക് നല്‍കാമെന്ന് ഭീഷണിപ്പെടുത്തുന്നു; ‘… നിങ്ങള്‍ എന്നെ അനുസരിച്ചില്ലെങ്കില്‍, ഞാന്‍ നിങ്ങളെ തോല്‍പ്പിക്കും…’ എന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുന്നു.
ഇതുവരെയുള്ള അന്വേഷണത്തെയും കണ്ടെടുത്ത സന്ദേശങ്ങളെയും അടിസ്ഥാനമാക്കി, ഒഡീഷയില്‍ ജനിച്ച പാര്‍ത്ഥസാരഥി എന്ന ‘സ്വാമി ചൈതന്യാനന്ദ’ കഴിഞ്ഞ 16 വര്‍ഷമായി സ്ത്രീകളെ ചൂഷണം ചെയ്യുകയാണെന്ന് പോലീസ് വിശ്വസിക്കുന്നു. 2009ലും 2016ലും ഇയാള്‍ക്കെതിരെ ഫയല്‍ ചെയ്ത രണ്ട് പീഡനക്കേസുകളില്‍ നിന്ന് രക്ഷപ്പെട്ടതോടെയാണ് ഇയാള്‍ക്ക് കൂടുതല്‍ ധൈര്യമുണ്ടായത്.
ഈ ഞെട്ടിക്കുന്ന സംഭവത്തില്‍ രണ്ടാമത്തെ കേസ് ഇതേ വസന്ത് കുഞ്ച് ആശ്രമത്തിലെ ഒരു യുവതിയാണ് ഫയല്‍ ചെയ്തത്. എന്നിട്ടും പോലീസോ ആശ്രമ അധികാരികളോ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് മനസ്സിലാക്കുന്നത്. ഭഗവാന് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ വാട്ട്സ്ആപ്പ് കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ ആണ് ഇരകളിലേക്ക് എത്താന്‍ ശ്രമിക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ എന്‍ഡിടിവിയോട് പറഞ്ഞു. പല കേസുകളിലും ഇയാളുടെ ആദ്യത്തെ സന്ദേശങ്ങളില്‍ ഭീഷണികള്‍ ഉണ്ടാവില്ല. ആദ്യ സന്ദേശങ്ങള്‍ക്ക് ഇയാള്‍ ആഗ്രഹിച്ച പ്രതികരണം ലഭിച്ചില്ലെങ്കില്‍, ‘സ്വാമി’ മാര്‍ക്ക് കുറക്കുമെന്ന് ഭീഷണിപ്പെടുത്തും.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളില്‍ (EWS) നിന്നുള്ള സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യമിട്ടതെന്ന് പോലീസ് പറഞ്ഞു. കാരണം, സ്ത്രീകളോ അവരുടെ കുടുംബങ്ങളോ സംസാരിക്കാന്‍ സാധ്യതയില്ലെന്ന് ‘സ്വാമിക്ക്’ അറിയാമായിരുന്നു. അശ്ലീല സന്ദേശങ്ങളും കോളുകളും അയച്ച് സ്ത്രീകളെ നിര്‍ബന്ധിച്ച് സമ്മതിപ്പിക്കാന്‍ മൂന്ന് വനിതാ വാര്ഡന്മാരും ഇയാളെ സഹായിച്ചതായി റിപ്പോര്‍ട്ടുണ്ട്. വാര്ഡന്മാരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് മാസത്തില്‍ 17 യുവതികള്‍ ഡല്‍ഹിയിലെ ഡിഫന്‍സ് കോളനി പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയപ്പോള് ഇയാള്‍ ലണ്ടനിലായിരുന്നു. പിന്നീട് ഇയാളെ ആഗ്രയില്‍ വെച്ച് കണ്ടതായി പോലീസ് പറഞ്ഞു. നേരത്തെയുണ്ടായിരുന്ന രണ്ട് കേസുകളും (2009, 2016) ഇപ്പോഴും നിലവിലുണ്ട്. ആദ്യത്തേത് പീഡനത്തിന്റെയും തട്ടിപ്പിന്റെയും കേസാണ്. ഈ കേസില്‍ ഇയാളെ കുറഞ്ഞ കാലത്തേക്ക് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മറ്റ് രണ്ട് കേസുകളിലും പ്രതിയാണ്. ഇതിലൊന്ന് ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയ കാവി നിറത്തിലുള്ള വോള്‍വോ സെഡാനില്‍ ഐക്യരാഷ്ട്രസഭയുടെ വാഹനത്തിന്റെ വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ടതാണ്. ഒന്നിലധികം വ്യാജ പ്ലേറ്റുകള്‍ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.






